Latest News

'എല്ലാ വകുപ്പുകളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഏല്‍പ്പിക്കൂ': ഉദ്യോഗസ്ഥമേധാവിത്തത്തില്‍ പ്രതിഷേധിച്ച് രാജസ്ഥാന്‍ മന്ത്രി രാജിവച്ചു

എല്ലാ വകുപ്പുകളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഏല്‍പ്പിക്കൂ: ഉദ്യോഗസ്ഥമേധാവിത്തത്തില്‍ പ്രതിഷേധിച്ച് രാജസ്ഥാന്‍ മന്ത്രി രാജിവച്ചു
X

ജയ്പൂര്‍: ഉദ്യോഗസ്ഥമേധാവിത്തത്തില്‍ പ്രതിഷേധിച്ച് അശോക് ഗലോട്ട് മന്ത്രിസഭയിലെ കായിക വകുപ്പ് മന്ത്രി രാജിവച്ചു. മുഖ്യമന്ത്രിയുമായി എറെ അടുപ്പമുള്ള ആളായി കരുതപ്പെടുന്ന മന്ത്രി അശോക് ചന്ദനയാണ് മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയില്‍നിന്ന് രാജിവച്ചത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി ഗുല്‍ദീപ് റന്‍കയെ മുഴുവന്‍ വകുപ്പുകളുടെയും ചുമതല ഏര്‍പ്പിക്കണമെന്ന പരിഹാസച്ചുവയുള്ള ട്വീറ്റും പുറത്തുവന്നിട്ടുണ്ട്.

കായിക, യുവജന, നൈപുണി വികസന, സംരംഭക, ദുരിതനിര്‍മാര്‍ജന വകുപ്പുകള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ചന്ദന. തന്നെ ഈ ക്രൂരമായ മന്ത്രിസ്ഥാനത്തുനിന്ന് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'''ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എനിക്ക് നിങ്ങളോട് വ്യക്തിപരമായി ഒരു അഭ്യര്‍ത്ഥനയുണ്ട്, ഈ ക്രൂരമായ മന്ത്രി സ്ഥാനത്തുനിന്ന് എന്നെ മോചിപ്പിച്ചുകൊണ്ട്, എന്റെ എല്ലാ വകുപ്പുകളുടെയും ചുമതല കുല്‍ദീപ് രങ്കജിക്ക് നല്‍കണം, കാരണം എന്തായാലും അദ്ദേഹം എല്ലാ വകുപ്പുകളുടെയും മന്ത്രിയാണ്. നന്ദി. ,' ചന്ദന ട്വീറ്റ് ചെയ്തു.

ബുണ്ടിയില്‍നിന്നുള്ള എംഎല്‍എയാണ് ചന്ദന. പട്ടയം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ ഗോത്രവര്‍ഗനേതാവും എംഎല്‍എയുമായ ഗണേശ് ഘോഗ്രയും ഉദ്യോഗസ്ഥരും തമ്മിലുള്ള പോര് പുറത്തുവന്ന് അടുത്ത ദിവസങ്ങളിലാണ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി മന്ത്രിതന്നെ രാജിവയ്ക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതാവുകൂടിയാണ് ഘോഗ്ര. ഭരണകക്ഷി എംഎല്‍എയായിട്ടും താന്‍ അവഗണിക്കപ്പെട്ടുവെന്ന് പരാതിപ്പെട്ട് അദ്ദേഹം രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

കപ്പല്‍ മുങ്ങുകയാണെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള ബിജെപി മേധാവി സതീഷ് പൂഞ്ജയുടെ പ്രതികരണം.

Next Story

RELATED STORIES

Share it