Latest News

കണ്ണൂരില്‍ നിന്ന് ജയില്‍ചാടിയ യുവാവും ടാറ്റൂ കലാകാരിയായ പെണ്‍സുഹൃത്തും പിടിയില്‍

കണ്ണൂരില്‍ നിന്ന് ജയില്‍ചാടിയ യുവാവും ടാറ്റൂ കലാകാരിയായ പെണ്‍സുഹൃത്തും പിടിയില്‍
X

ഹര്‍ഷാദ്, അപ്‌സര, റിസ് വാന്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 40 ദിവസം മുമ്പ് തടവ് ചാടിയ യുവാവും ടാറ്റൂ കലാകാരിയായ പെണ്‍സുഹൃത്തും തമിഴ്‌നാട്ടില്‍ പിടിയില്‍. കൊയ്യോട് ചെമ്പിലോട് ടി സി ഹര്‍ഷാദ്(34), ഇയാള്‍ക്ക് ഒളിവില്‍കഴിയാന്‍ സഹായം നല്‍കിയ ടാറ്റൂ കലാകാരി തമിഴ്‌നാട് ശിവഗംഗ സ്വദേശിനി അപ്‌സര(21) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പോലിസ് തമിഴ്‌നാട്ടിലെ മധുരകാരക്കുടി കല്ലല്‍ എന്ന സ്ഥലത്തുള്ള രഹസ്യ കേന്ദ്രത്തില്‍നിന്ന് പിടികൂടിയത്. ജനുവരി 14 നാണ് ഹര്‍ഷാദ് ജയില്‍ നിന്നു രക്ഷപ്പെട്ട് പുറത്ത് കാത്തിരുന്ന സുഹൃത്ത് റിസ് വാന്റെ ബൈക്കില്‍ രക്ഷപ്പെടുന്നത്. പത്രമെടുക്കാനെത്തിയ ഹര്‍ഷാദ് ജയിലിന്റെ ഗേറ്റ് തുറന്ന് പുറത്ത് കാത്തുനിന്ന് സുഹൃത്തുമായി കടന്നുകളയുകയായിരുന്നു. പോലിസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ലഹരി കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഹര്‍ഷാദ്. കണ്ണവം പോലിസ് എടുത്ത കേസില്‍ 2023 സപ്തംബര്‍ മുതല്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ജയില്‍ ചാടിയത്. ജയില്‍ ചാടാന്‍ സഹായിച്ച സഹോദരന്‍ റിസ് വാന്‍ കഴിഞ്ഞ ആഴ്ച കീഴടങ്ങിയിരുന്നു. ജയിലിലുള്ളപ്പോള്‍ എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹര്‍ഷാദായിരുന്നു. ജയിലിലെ വെല്‍ഫയര്‍ ഓഫിസില്‍ ജോലിയായിരുന്നു ഹര്‍ഷാദിന്. ഇതിന്റെ മറവില്‍ ജയില്‍ചാട്ടം ആസൂത്രണം ചെയ്യുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അപ്‌സരയെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് ഒളിസങ്കേതത്തില്‍ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാനായത്. കണ്ണൂര്‍ എസിപി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം മധുര ഭാരതി നഗറില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെണ്‍സുഹൃത്ത് അപ്‌സര ടാറ്റൂ ജോലി ചെയ്തു വരികയാണ്. തലശ്ശേരിയിലെത്തിയപ്പോഴാണ് ഹര്‍ഷാദുമായി പരിചയപ്പെട്ടത്. മധുരയിലെ ഒരു സബ് കലക്ടറുടെ ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് രണ്ടാഴ്ചയോളം അവിടെയാണ് ഇരുവരും ആദ്യം താമസിച്ചത്. വധശ്രമം, കവര്‍ച്ച തുടങ്ങി 17 കേസുകളില്‍ പ്രതിയായ ഹര്‍ഷാദ് കഴിഞ്ഞ ജനുവരി 14നാണ് ജയില്‍ചാടിയത്. ഹര്‍ഷാദിന് ഭാര്യയും കുഞ്ഞുമുണ്ട്.

Next Story

RELATED STORIES

Share it