Latest News

കോണ്‍ഗ്രസ് അപമാനിച്ച അബ്ദുറഹ്മാന് മന്ത്രിയായി മധുര പ്രതികാരം

2009ല്‍ രമേശ് ചെന്നിത്തലയുടെ പ്രത്യേക താല്‍പര്യപ്രകാരം വി അബ്ദുറഹ്മാനെ കെപിസിസി മെമ്പറായി നോമിനേറ്റ് ചെയ്തിരുന്നു. ഇതിനെതിരെ അനില്‍കുമാറും സംഘവും കടുത്ത പ്രതിഷേധമുയര്‍ത്തി.

കോണ്‍ഗ്രസ് അപമാനിച്ച അബ്ദുറഹ്മാന് മന്ത്രിയായി മധുര പ്രതികാരം
X

മലപ്പുറം:അവഗണനയുടെ കയ്പുനീര് കുടിച്ച് കോണ്‍ഗ്രസിന്റെ ചായ്പില്‍ കിടക്കാനില്ല എന്നു തീരുമാനിച്ച നിമിഷത്തെ വി അബ്ദുറഹ്മാനും, പി വി അന്‍വറും നന്ദിപൂര്‍വ്വം ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നുണ്ടാവണം. തുടര്‍ച്ചയായി രണ്ടാം തവണയും എം.എല്‍.എയായി വിജയിച്ച ഇവരില്‍ വി അബ്ദുറഹ്മാന്‍ മന്ത്രി പദവിയിലേക്ക് കടന്നു വന്നു. 1987 ലെ നായനാര്‍ മന്ത്രിസഭയില്‍ ടി കെ ഹംസക്ക് അവസരം നല്‍കിയ ചരിത്രം ഇവിടെ പുനരാവര്‍ത്തിക്കുന്നു.

1982ല്‍ നിലമ്പൂരില്‍ നിന്ന് വിജയിച്ച ടി കെ ഹംസ, 87ല്‍ ബേപ്പൂര്‍ എന്ന സുരക്ഷിത മണ്ഡലത്തില്‍ നിന്നായിരുന്നു രണ്ടാം തവണ ജയിച്ചു കയറിയത്. എന്നാല്‍ വി. അബ്ദുറഹ്മാന്‍ ലീഗിന്റെ അതികായരെ സ്ഥിരമായി സഭയിലെത്തിച്ചു പോന്ന താനൂരില്‍ നിന്ന് രണ്ടാം തവണയും വിജയം ഉറപ്പാക്കി. ലീഗിലെ യുവജന നേതാവായ പി കെ ഫിറോസ് വിജയിക്കുമെന്ന യുഡിഎഫിന്റെ ഉറച്ച വിശ്വസമാണ് കടപുഴകിയത്.

വി അബ്ദുറഹ്മാനും, പി വി അന്‍വറും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതാക്കളായിരുന്നു. എം പി ഗംഗാധരനു ശേഷം സംവരണ എംഎല്‍എയായി ജില്ലയിലെ ഐ ഗ്രൂപ്പിന്റെ തലപ്പത്തു വന്ന എ പി അനില്‍കുമാര്‍ ബോധപൂര്‍വ്വം ഇരുവരുടെയും വഴികള്‍ തടസ്സപ്പെടുത്തുകയാണുണ്ടായത്. വണ്ടൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന എടവണ്ണയില്‍ നിന്നുള്ള പി.വി.അന്‍വര്‍ പരമാവധി ആവശ്യപ്പെട്ടിരുന്നത് ഡിസിസി ജന.സെക്രട്ടറി പദവിയായിരുന്നു. അനില്‍കുമാറിന്റെ ശക്തമായ എതിര്‍പ്പുകള്‍ അന്‍വറിന്റെ വഴികള്‍ അടച്ചു പോന്നു. ഈ നീക്കങ്ങളില്‍ ആര്യാടനും പങ്കു ചേര്‍ന്നിരുന്നു.

2009ല്‍ രമേശ് ചെന്നിത്തലയുടെ പ്രത്യേക താല്‍പര്യപ്രകാരം വി അബ്ദുറഹ്മാനെ കെപിസിസി മെമ്പറായി നോമിനേറ്റ് ചെയ്തിരുന്നു. ഇതിനെതിരെ അനില്‍കുമാറും സംഘവും കടുത്ത പ്രതിഷേധമുയര്‍ത്തി. രമേശിനെ സമ്മര്‍ദ്ദത്തിലാക്കി. ഭാവിയില്‍ ഒരു സഹായവും അബ്ദുറഹ്മാന് ലഭിക്കാതിരിക്കുക എന്ന ലക്ഷ്യം കൂടി പ്രതിഷേധത്തിനുണ്ടായിരുന്നു. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും വി അബ്ദുറഹ്മാന്‍ പുറത്തായതോടെ അനില്‍കുമാര്‍ ലക്ഷ്യം കണ്ടു.

എ പി അനില്‍കുമാറിന്റെ ഫോര്‍മുലയില്‍ കുടുങ്ങി നശിക്കാനുള്ളതല്ല ജീവിതം എന്ന തിരിച്ചറിവ് വി.അബ്ദുറഹ്മാനെ 2014ല്‍ പാര്‍ലിമെന്റിലേക്കുള്ള ഇടതു സ്ഥാനാര്‍ത്ഥിയാക്കി. നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. തുടര്‍ന്ന് 2016ല്‍ താനൂരില്‍ ആദ്യ വിജയം കുറിക്കുകയായിരുന്നു. 2011 ല്‍ ഏറനാട്ടില്‍ സി.പി.എം സ്വതന്ത്രനായി പരാജയപ്പെട്ടെങ്കിലും 2016ല്‍ നിലമ്പൂരില്‍ നിന്നും പി വി അന്‍വറും അസംബ്ലിയിലെത്തി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് താനൂര്‍ അസംബ്ലി യുഡിഎഫ് ചെയര്‍മാനായിരുന്ന ഡിസി.സി ജന. സെക്രട്ടറി ഒ രാജനെ അനില്‍കുമാര്‍ വാശി പിടിച്ച് മാറ്റിയിരുന്നു. പകരം ഡി.സി.സി ജന. സെക്ര. പി.കെ. ഹൈദ്രോസ് ചെയര്‍മാനാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. പക്ഷെ അപ്രസക്തനായ രത്‌നാകരന്‍ എന്നയാളെയാണ് അനില്‍ നിര്‍ദ്ദേശിച്ചത്. ഇതിനെതിരെ താനൂരിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതൃത്വവും തിരഞ്ഞെടുപ്പ് വേളയിലുടനീളം പ്രതിഷേധത്തിലായിരുന്നു. താനൂരില്‍ നേരിയ വോട്ടിന് പരാജയപ്പെട്ടതില്‍ അനില്‍കുമാറിന്റെ ബാലിശമായ ഈ പ്രവൃത്തി വലിയ പങ്കു വഹിച്ചതായി ലീഗ് നേതൃത്വം വിലയിരുത്തുന്നു.

Next Story

RELATED STORIES

Share it