Latest News

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവന പിന്‍വലിക്കണമെന്ന് മുസ് ലിം സംഘടനകളുടെ സംയുക്ത യോഗം

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവന പിന്‍വലിക്കണമെന്ന് മുസ് ലിം സംഘടനകളുടെ സംയുക്ത യോഗം
X

കോഴിക്കോട്: പാലാ ബിഷപ്പ് വിദ്വേഷ പ്രസ്താവന പിന്‍വലിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനും സൗഹാര്‍ദമില്ലാതാക്കാനുമാണ് ഇത്തരം പ്രസ്താവനകള്‍ വഴിവെക്കുക. ഇതുകൊണ്ടുതന്നെ ഒരു മതനേതാവിന്റെ ഭാഗത്തു നിന്ന് ഇത്തരം അപക്വമായ പ്രസ്താവനകള്‍ ഒരിക്കലും ഉണ്ടാകരുതെന്നുമാണ് യോഗത്തിന്റെ അഭിപ്രായമെന്ന് തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചുകൊണ്ട് പാണക്കാട് സാദീഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി മാറരുത്. സര്‍വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റേതടക്കമുള്ള നിര്‍ദേശം നല്ലതാണ്. ഇതിനെ സ്വാഗതം ചെയ്യുന്നതായും സച്ചാര്‍ ആനുകൂല്യങ്ങള്‍ മുസ്‌ലിം സമുദായത്തിന് നഷ്ടപ്പെടുന്നതില്‍ സച്ചാര്‍ സംരക്ഷണ സമിതി നല്‍കിയ നിര്‍ദേശങ്ങളെ സര്‍ക്കാര്‍ അവഗണിച്ചതില്‍ സംഘടനകള്‍ക്കുള്ള പ്രതിഷേധം അറിയിക്കുന്നതായും തങ്ങള്‍ പറഞ്ഞു.

കേരളീയ സമൂഹത്തിന്റെ നന്മയെ തകര്‍ക്കുന്ന ഒരു വിഷയമുണ്ടായിട്ടും ഇതിനോട് തീര്‍ത്തും നിസ്സംഗമായ സമീപനം സ്വീകരിച്ച സര്‍ക്കാരിന്റെ സമീപനത്തില്‍ യോഗം പ്രതിഷേധിച്ചതായും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് ഇ ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ബിഷപ്പിനെതിരെ കേസെടുക്കണമോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളൊന്നും യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇ ടി പറഞ്ഞു.

മുസ്‌ലിം സമുദായം ഈ വിഷയത്തോട് വളരെ മര്യാദയോടു കൂടിയാണ് പ്രതികരിച്ചത്. കേരളീയ സമൂഹത്തിന് തന്നെ ഏറെ ദോഷകരമായ പ്രവണതകളുണ്ടാക്കുന്ന പ്രസ്താവനയാണിത്. എന്നാല്‍ ഇതിന്റെ അപകടം മനസ്സിലാക്കി പൊതു സമൂഹവും മാധ്യമങ്ങളും ക്രിസ്ത്രീയ സമൂഹത്തിലെ മതേതര തല്പരരായ ജനവിഭാഗങ്ങള്‍ തന്നെ രംഗത്തു വന്നുവെന്നത് തന്നെ ഏറെ ശുഭോദര്‍ക്കമായ കാര്യമാണെന്നും ഇ ടി മാധ്യമങ്ങളോട് പറഞ്ഞു.

സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

അഡ്വ. പി.എം. എ സലാം, കെ.പി ഏ മജീദ്, എം.കെ മുനീര്‍ (മുസ്‌ലിം ലീഗ് ), ഡോ.കെ.എം ബഹാഉദ്ദീന്‍ നദ്‌വി, ഡോ എന്‍.എ എം അബ്ദുല്‍ ഖാദര്‍( സമസ്ത ), ടി.പി അബ്ദുല്ല കോയ മദനി, ഡോ.ഹുസൈന്‍ മടവൂര്‍, ഡോ എ ഐ മജീദ് സ്വലാഹി, (കേരള നദ് വതുല്‍ മുജാഹിദീന്‍ ), ഡോ.ഐ.പി അബ്ദുസ്സലാം ( കെ എന്‍ എം മര്‍കസുദ്ദഅവ), പി മുജീബ് റഹ്മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്‌ലാമി) സി.എ മൂസ മൗലവി, ബാവ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ), പി. അബ്ദുല്ലത്വീഫ് മദനി ടി.കെ അശ്‌റഫ് (വിസ്ഡം മൂവ്‌മെന്റ്), സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍ ( ജംഇയ്യതുല്‍ ഉലമാ ഹിന്ദ് ), ഖാസിമുല്‍ ഖാസിമി (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍), ഡോ ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), സൈനുല്‍ ആബിദീന്‍, എഞ്ചിനീയര്‍ പി.മമ്മദ് കോയ (എം.എസ്.എസ്), ഇ.പി അശ്‌റഫ് ബാഖവി ഹാശിം ബാഫഖി തങ്ങള്‍ (കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമാ ), ഡോ. സൈതു മുഹമ്മദ്, പി. അബൂബക്കര്‍ (മെക്ക) എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it