Latest News

ഇ ശ്രം പോര്‍ട്ടലില്‍ എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 3 ലക്ഷം പേര്‍

ഇ ശ്രം പോര്‍ട്ടലില്‍ എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 3 ലക്ഷം പേര്‍
X

എറണാകുളം: ഇ ശ്രം പോര്‍ട്ടലില്‍ എറണാകുളം ജില്ലയില്‍ 3 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ 10 ലക്ഷത്തോളം അസംഘടിത തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ മാസം 31 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷൃമിടുന്നത്. ചെറുകിട വ്യാപാരികള്‍, ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, പത്ര ഏജന്റുമാര്‍, ബീഡിത്തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, അതിഥിത്തൊഴിലാളികള്‍, തടിപ്പണിക്കാര്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പെട്ട തൊഴിലാളികള്‍ക്കും ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.

ഇ ശ്രം രജിസ്‌ട്രേഷന്‍ പൂര്‍ണമായും സൗജന്യമാണ്. ജില്ലയിലെ അക്ഷയ സിഎസ്‌സി കേന്ദ്രങ്ങളിലൂടെയും വിവിധ വകുപ്പുകളും ക്ഷേമനിധി ബോര്‍ഡുകളും സംഘടിപ്പിക്കുന്ന ക്യാമ്പുകളിലൂടെയും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ തുടങ്ങിയ രേഖകള്‍ കരുതണം.

ജില്ലയിലെ മുഴുവന്‍ അസംഘടിത തൊഴിലാളികളും ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ അസംഘടിത തൊഴിലാളികള്‍ക്ക് പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അഭ്യര്‍ത്ഥിച്ചു.

അസംഘടിത തൊഴിലാളികള്‍ക്ക് 12 അക്ക യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറും (യുഎഎന്‍) കാര്‍ഡും ലഭിക്കും. അസംഘടിത മേഖലയ്ക്ക് സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്ക് ഈ നമ്പറായിരിക്കും ആധാരം.

പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ലഭിക്കും. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇതിന്റെ ആദ്യ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും.

ഇ പി എഫ്, ഇ എസ് ഐ പദ്ധതികളില്‍ അംഗമല്ലാത്ത, ആദായ നികുതി അടയ്ക്കാത്ത ഏതൊരാള്‍ക്കും പദ്ധതിയില്‍ ചേരാം.

സംശയങ്ങള്‍ക്ക് 14434 എന്ന ടോള്‍ഫ്രീ നമ്പറിലോ തൊഴില്‍ വകുപ്പ് ഓഫീസുകളുമായോ ബന്ധപ്പെടാം.

Next Story

RELATED STORIES

Share it