Latest News

130ാം ഭരണഘടന ഭേദഗതി ബില്ല്: സംയുക്ത പാര്‍ലമെന്ററി സമിതിയിലെ പങ്കാളിത്തം; പ്രതിപക്ഷത്ത് ഭിന്നത

ജെപിസിയുടെ ഭാഗമാവണമെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും ഡിഎംകെയും; ജെപിസി പ്രഹസനമാണെന്ന് തൃണമൂലും എസ്പിയും എഎപിയും

130ാം ഭരണഘടന ഭേദഗതി ബില്ല്: സംയുക്ത പാര്‍ലമെന്ററി സമിതിയിലെ പങ്കാളിത്തം; പ്രതിപക്ഷത്ത് ഭിന്നത
X

ന്യൂഡല്‍ഹി: 130ാം ഭരണഘടനാ ഭേദഗതി ബില്ല് പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യിലെ പങ്കാളിത്തം സംബന്ധിച്ച് പ്രതിപക്ഷ നിരയില്‍ ഭിന്നാഭിപ്രായം. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ പദവിയില്‍നിന്ന് നീക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ല് ജെപിസിക്ക് വിട്ട പശ്ചാത്തലത്തിലാണ് അതിന്റെ ഭാഗമാകണോ എന്ന കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭിന്ന നിലപാടുകള്‍ പ്രകടിപ്പിച്ചിരിക്കുന്നത്.

ജെപിസി പ്രഹസനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ശിവസേന(ഉദ്ധവ് പക്ഷം)യും പറയുന്നത്. അതിനാല്‍ അതിന്റെ ഭാഗമാകേണ്ടെന്നാണ് ഈ കക്ഷികളുടെ നിലപാട്. എന്നാല്‍, കോണ്‍ഗ്രസും ഇടതുപക്ഷവും ഡിഎംകെയും ജെപിസിയുടെ ഭാഗമാവണമെന്ന് വാദിക്കുന്നു. ജെപിസിയില്‍നിന്ന് വിട്ടുനിന്നാല്‍ തങ്ങളുടെ അജണ്ട എതിര്‍പ്പില്ലാതെ നടപ്പാക്കാന്‍ ബിജെപിക്ക് അവസരം ഒരുക്കലാവുമെന്നും അത് ബുദ്ധിപൂര്‍വകമായ നിലപാടല്ലെന്നുമാണ് അവരുടെ പക്ഷം.

ജെപിസിയുടെ ഭാഗമാകില്ലെന്ന നിലപാട് സ്വീകരിച്ചാല്‍ ബില്ലിനെ സംബന്ധിച്ച വിയോജനക്കുറിപ്പുകള്‍ രേഖപ്പെടുത്താനുള്ള അവസരമാണ് നഷ്ടപ്പെടുക. ബിജെപി ഭൂരിപക്ഷം ഉപയോഗിച്ച് ബില്ല് പാസാക്കിയാലും പിന്നീട് സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാം. അപ്പോള്‍ ജെപിസിയില്‍ പ്രതിപക്ഷത്തിന്റെ വിയോജിപ്പുകള്‍ ഇല്ലെന്നത് ബിജെപി തങ്ങള്‍ക്കനുകൂലമായ ആയുധമാക്കാന്‍ സാധ്യതയുണ്ട്. ഈ വാദഗതി മുന്‍നിര്‍ത്തിയാണ് ജെപിസിയുടെ ഭാഗമാകണമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്. വഖ്ഫ് ദേദഗതി ബില്ല് സുപ്രിംകോടതി പരിഗണിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പുകള്‍ പരിഗണിച്ചത് തങ്ങളുടെ വാദത്തിനു ബലമായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷവും ഡിഎംകെയും ഈ നിലപാടിനെ അംഗീകരിക്കുന്നതും അതുകൊണ്ടാണ്.

പ്രതിപക്ഷത്തെ വേട്ടയാടാനാണ് ഈയൊരു ബില്ല് ബിജെപി അവതരിപ്പിച്ചത് എന്നത് മുന്നില്‍കണ്ട് പ്രതിപക്ഷത്ത് ശക്തമായ ഐക്യം ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതുണ്ടെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസുമായി സമവായ ചര്‍ച്ചയ്ക്കും കോണ്‍ഗ്രസ് മുന്‍കൈയെടുക്കും.

ജെപിസി അംഗങ്ങളാവേണ്ട പ്രതിനിധികളുടെ പേര് പ്രതിപക്ഷ കക്ഷികള്‍ ഇതുവരെയും സ്പീക്കര്‍ക്ക് നല്‍കിയിട്ടില്ല. ആര്‍ജെഡി, എന്‍സിപി, ജെഎംഎം എന്നീ പാര്‍ട്ടികളും ഇതുവരെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Next Story

RELATED STORIES

Share it