Latest News

മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 12 എംഎല്‍എമാര്‍, നാല് മുന്‍ എംഎല്‍എമാര്‍, പുതുമുഖങ്ങള്‍ ഒന്‍പതുപേര്‍

മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 12 എംഎല്‍എമാര്‍, നാല് മുന്‍ എംഎല്‍എമാര്‍, പുതുമുഖങ്ങള്‍ ഒന്‍പതുപേര്‍
X

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: ഇന്ന് പാണക്കാട്ട് പ്രഖ്യാപിച്ച മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിലവിലുള്ള 12 എംഎല്‍എമാര്‍ക്ക് സ്ഥാനം ലഭിച്ചു. ഇതില്‍ ഒമ്പത് പേര്‍ നിലവിലുള്ള മണ്ഡലങ്ങളിലും മൂന്നുപേര്‍ പുതിയ മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. എന്‍ എ നെല്ലിക്കുന്ന്, കെ എം ഷാജി, പാറക്കല്‍ അബ്ദുല്ല, പി ഉബൈദുള്ള, പി അബ്ദുല്‍ ഹമീദ്, പി കെ ബഷീര്‍ തുടങ്ങിയവരാണ് മല്‍സരംഗത്തുളള സിറ്റിങ് എംഎല്‍എമാര്‍. ഡോ. എം കെ മുനീര്‍, അഡ്വ. കെ എന്‍ എ ഖാദര്‍, മഞ്ഞളാംകുഴി അലി എന്നിവരാണ് മണ്ഡലം മാറി മത്സരിക്കുന്നത്.

9 പുതുമുഖങ്ങളാണ് ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതിയതായി ഇടംപിടിച്ചിരിക്കുന്നത്. എം കെ എം അഷറഫ്, അഡ്വ. നൂര്‍ബിന റഷീദ്, സി പി ചെറിയ മുഹമ്മദ്, യു എ ലത്തീഫ്, നജീബ് കാന്തപുരം, പി കെ ഫിറോസ്, കുറുക്കോളി മൊയ്തീന്‍, അഡ്വ. പൊട്ടന്‍കണ്ടി അബ്ദുല്ല തുടങ്ങിയവര്‍. മൂന്ന് എംഎല്‍എമാരും ഇത്തവണ ജനവിധി തേടുന്നുണ്ട്, പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, യു സി രാമന്‍ എന്നിവര്‍.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് 20 വര്‍ഷത്തിനു ശേഷമാണ് വീണ്ടും നിയമസഭയിലേക്ക് ജനവിധി തേടുന്നത്. മങ്കട മണ്ഡലത്തില്‍ 2001ല്‍ മഞ്ഞളാംകുഴി അലിയോട് തോറ്റതിനു ശേഷം അദ്ദേഹം നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. 2004ല്‍ മഞ്ചേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ടി കെ ഹംസയോട് ഏറ്റുമുട്ടി 50,000 വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു. സീതി ഹാജി മരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന ചീഫ് വിപ്പ് സ്ഥാനം കെ പി എ മജീദ് വഹിച്ചിട്ടുണ്ട്.

കുന്നമംഗലം എംഎല്‍എ ആയിരുന്ന യു സി രാമന്‍ രണ്ടാമത്തെ മത്സരത്തില്‍ കുന്നമംഗലത്ത് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ തവണ ബാലുശ്ശേരിയില്‍ മന്ത്രി എ കെ ശശീന്ദ്രനുമായി ഏറ്റുമുട്ടിയും യു സി രാമന്‍ പരാജയപ്പെട്ടിരുന്നു.

ആറ് എംഎല്‍എ മാര്‍ക്കാണ് മുസ്‌ലിം ലീഗ് ഇത്തവണ ടിക്കറ്റ് നിഷേധിച്ചത്, മുന്‍ മന്ത്രിമാരായ പി കെ അബ്ദുറബ്ബ്, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കുപുറമേ അഡ്വ. എം ഉമ്മര്‍, സി മമ്മൂട്ടി, എം സി ഖമറുദ്ദീന്‍, അഹമ്മദ് കബീര്‍ എന്നിവര്‍ക്ക്. ഇതില്‍ ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നല്‍കിയിട്ടുണ്ട്.

ഏറെക്കുറെ സീറ്റ് ഉറപ്പിച്ചിരുന്ന രണ്ടു പേര്‍ക്ക് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അഡ്വ. പി എം എ സലാം, സി പി ബാവ ഹാജി എന്നിവര്‍ക്ക്. മലപ്പുറം മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ പി ഉബൈദുള്ളയ്ക്ക് സീറ്റ് ഉണ്ടാവില്ലെന്ന് മുസ്‌ലിം ലീഗിന്റെ രഹസ്യചര്‍ച്ചകളില്‍ സംസാരമുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നപ്പോള്‍ പി ഉബൈദുള്ള വീണ്ടും മലപ്പുറത്ത് മത്സരിക്കുന്നുണ്ട്.

25വര്‍ഷത്തിനു ശേഷം ഒരു വനിതയും മല്‍സരിക്കുന്നു, അഡ്വ. നൂര്‍ബീന റഷീദ്.

Next Story

RELATED STORIES

Share it