Latest News

അധിനിവേശ വിരുദ്ധ സമരത്തില്‍ പങ്കില്ലാത്തവര്‍ ചരിത്രത്തെ വക്രീകരിക്കുന്നു: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

അധിനിവേശ വിരുദ്ധ സമരത്തില്‍ പങ്കില്ലാത്തവര്‍ ചരിത്രത്തെ വക്രീകരിക്കുന്നു: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
X

മാനന്തവാടി: രാജ്യത്തിന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിലോ സ്വാതന്ത്ര്യ സമരത്തിലോ പ്രസ്താവ്യമായ ഒരു പങ്കുമില്ലാത്തവര്‍ വര്‍ത്തമാനകാലത്ത് ചരിത്രത്തെ വക്രീകരിക്കാനും തലകീഴായി നിര്‍ത്താനും ശ്രമിക്കുന്നത് പരിതാപകരമാണെന്നും അവര്‍ക്ക് പഴശ്ശിയെപോലെയുള്ള ധീരദേശാഭിമാനികളുടെ രക്തസാക്ഷിത്വത്തിന്റെ മൂല്യം പകര്‍ന്നു കൊടുക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മാനന്തവാടി പഴശ്ശികുടീരത്തില്‍ നടന്ന ഇരുനൂറ്റിപ്പതിനേഴാമത് പഴശ്ശിദിനാചരണവും ചരിത്രസെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൂടിയാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചത്.

രാജാക്കന്‍മാരിലെ കലാപകാരിയായും കലാപകാരികളിലെ രാജാവായും ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കേരള വര്‍മ്മ പഴശ്ശിരാജ നയിച്ച ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു. ചരിത്രം പഠിച്ച്, പോയകാലത്തിന്റെ നന്മ തിന്മകളെ അപഗ്രഥിക്കാനുള്ള ബൗദ്ധിക ഔന്നത്യം നേടാന്‍ പുതിയ തലമുറക്ക് കഴിയണം. മറവികള്‍ക്കെതിരെയുള്ള സര്‍ഗാത്മക സമരമാണ് ഓര്‍മ്മകള്‍ എന്ന ബോധ്യം അവര്‍ക്കുണ്ടാകണം. ഭൂതകാലത്തിലെ അരുതായ്മകളെ പഠിക്കുന്നതും പഠിപ്പിക്കുന്നതും വക്രീകരിച്ച മാനസങ്ങളെ സൃഷ്ടിക്കാനാകരുത്. മറിച്ച് മനസ്സുകളെ തമ്മില്‍ അടുപ്പിക്കുവാനും സഹജീവികളുടെ ദുഃഖങ്ങളെ തങ്ങളുടെ ദുഃഖങ്ങളായി കണ്ട് അവയെ പരിഹരിക്കുന്നതിനും വേണ്ടിയാകണം. വര്‍ത്തമാന കാലത്ത ശോഭനമാക്കാനാണ് ചരിത്രവിചാരങ്ങളും മനനങ്ങളും പഠനവും. അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ ചെറുത്തു നില്‍പ്പിന്റെ വീരേതിഹാസമാണ് കേരള വര്‍മ്മ പഴശ്ശിരാജ.

സ്വാതന്ത്ര്യത്തിനു നേരെയുള്ള ഏത് കടന്നു കയറ്റവും ദേശാഭിമാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകമാണെന്ന് സ്വന്തം ജീവിതം വഴി ലോകത്തിന് കാണിച്ച ധീരദേശാഭിമാനിയാണ് അദ്ദേഹം. അതുകൊണ്ടാണ് മൈസൂര്‍ രാജ്യത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ വൈദേശിക ശക്തിയെ കൂട്ടുപിടിക്കാന്‍ പോലും അദ്ദേഹം മുതിര്‍ന്നത്. എന്നാല്‍ പിന്നീട് കാലുമാറിയ ഇവരെ ശക്തമായി ചെറുക്കാനും അദ്ദേഹം തയ്യാറായി.

ബ്രിട്ടിഷുകാര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി യുദ്ധം നയിച്ച ആദ്യത്തെ രാജാവാണ് കേരള വര്‍മ്മ പഴശ്ശിരാജ. തന്റെ രാജ്യത്ത് നികുതി പിരിക്കാന്‍ കുറുമ്പ്രനാട് രാജാവിന് ബ്രിട്ടീഷ് ഭരണാധികാരികള്‍ അധികാരം നല്‍കിയത് ധീര ദേശാഭിമാനിയായ അദ്ദേഹത്തെ ചൊടിപ്പിച്ചു. സുഗന്ധ ദ്രവ്യങ്ങളില്‍ ആകൃഷ്ടരായാണ് വൈദേശിക ശക്തികള്‍ മലബാറില്‍ എത്തിയതെന്ന് മനസ്സിലാക്കിയ പഴശ്ശിരാജ അതേ നാണയത്തില്‍ തന്നെ അവര്‍ക്ക് തിരിച്ചടി നല്‍കി. ബലം പ്രയോഗിച്ച് നികുതി പിരിച്ചാല്‍ കുരുമുളക് ചെടികള്‍ വെട്ടിക്കളയുമെന്ന് പഴശ്ശിരാജ ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ കമ്പനി വീണ്ടും ഈ നടപടി തന്നെ ആവര്‍ത്തിച്ചപ്പോള്‍ ശക്തമായ ഒളിയുദ്ധത്തിന് അദ്ദേഹം തുടക്കമിട്ടു. ലോകം കണ്ട ഏറ്റവും നല്ല സൈന്യാധിപരിലൊരാളായ വില്ലിംഗ്ടണ്‍ പ്രഭുവിന് പഴശ്ശിരാജയോട് ഒത്തു തീര്‍പ്പിലെത്താന്‍ നിര്‍ബന്ധിതനാവേണ്ടിവന്നു.

എന്നാല്‍ ടിപ്പു സുല്‍ത്താന്റെ മരണത്തോടെ തെക്കേ ഇന്ത്യയില്‍ ആധിപത്യം ലഭിച്ച ബ്രിട്ടീഷുകാര്‍ കേരള വര്‍മ്മ പഴശ്ശിരാജയുമായുള്ള സന്ധി അവസാനിപ്പിക്കുകയും നാട്ടുകാരില്‍ നിന്ന് ബലാല്‍ക്കാരമായി നികുതി പിരിക്കുവാനും തുടങ്ങി. ഇത് അനുവദിച്ച് കൊടുക്കുവാന്‍ പഴശ്ശി തയ്യാറായില്ല. ഇന്ത്യയില്‍ മറ്റെങ്ങും നേരിടാത്തത്ര കരുത്തുള്ള ഒളിപ്പോരാളികളെയാണ് വൈദേശിക ശക്തികള്‍ക്ക് പഴശ്ശിരാജയുടെ നേതൃത്വത്തില്‍ നേരിടേണ്ടി വന്നത്.

തലക്കല്‍ ചന്തു അടക്കമുള്ള ധീരദേശാഭിമാനികള്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലാവുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ദുര്യോഗത്തിന് പഴശ്ശി സാക്ഷിയായി. അവസാനം ഒറ്റുകാരാല്‍ ചതിക്കപ്പെട്ട് സ്വന്തം ജീവന്‍ വെടിഞ്ഞ ധീരരക്തസാക്ഷിയാണ് വീര കേരള സിംഹം എന്നറിയപ്പെട്ട കേരള വര്‍മ്മ പഴശ്ശിരാജ.

സാമ്രാജ്യത്തിനെതിരെ അദ്ദേഹം ചെറിയ സൈന്യത്തെ കൊണ്ട് അതിശക്തരായ ബ്രിട്ടീഷുകാര്‍ക്കെതിരെ ദീര്‍ഘകാലം പടനയിച്ചു. അതിശക്തരെന്ന് കരുതിയപ്പോഴും പഴശ്ശിയുമായി ഒളിഞ്ഞും തെളിഞ്ഞും സന്ധിയില്‍ ഏര്‍പ്പെടാന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതരായി. യുദ്ധത്തില്‍ പരാജയപ്പെട്ടെങ്കിലും മലബാറില്‍ സ്വാതന്ത്ര്യ സമരത്തിന്റെ വിത്ത് പാകുന്നതില്‍ പഴശ്ശിയുടെ യുദ്ധങ്ങള്‍ പ്രചോദനമായി. 1812 ലെ കുറിച്യര്‍ കലാപം, 1921 ലെ മലബാര്‍ കലാപം, 1930 ലെ ഉപ്പ് സത്യഗ്രഹം തുടങ്ങിയ നിരവധി സമരങ്ങള്‍ക്ക് ബീജാവാപം ആയത് പഴശ്ശിയുടെ ധീരരക്തസാക്ഷിത്വമാണ്. ജന്മനാ നേതാവായിരിക്കുന്ന ഒരാള്‍ക്ക് തന്റെ അനുയായികളെ ജ്വലിപ്പിച്ച് രക്തനക്ഷത്രങ്ങളാക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് പഴശ്ശിയുടെ ജീവിതം. 216 വര്‍ഷം പിന്നിടുന്ന ആ രക്തസാക്ഷിത്വം ഇന്നും നമ്മെയെല്ലാം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതും അതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഒ.ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. കെ. രത്‌നവല്ലി, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോയ്, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, പഴശ്ശി കോവിലകം ട്രസ്റ്റി രവിവര്‍മ്മ രാജ , നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ വി പിന്‍ വേണുഗോപാല്‍, പി.വി. ജോര്‍ജ്ജ്, സിന്ധു സെബാസ്റ്റ്യന്‍, ജേക്കബ് സെബാസ്റ്റ്യന്‍, അബ്ദുള്‍ ആസിഫ്, പുരാവസ്തു വകുപ്പ് കണ്‍സര്‍വേഷന്‍ ഓഫീസര്‍ എസ്. ജയ്കുമാര്‍, പുരാവസ്തു വകുപ്പ് ഫീല്‍ഡ് അസിസ്റ്റന്റ് കെ.കൃഷ്ണരാജ്, പുരാവസ്തു വകുപ്പ് ആര്‍ട്ടിസ്റ്റ് കെ.എസ്. ജീവാ മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചരിത്രസെമിനാറില്‍ വാമൊഴി ചരിത്രവും പഴശ്ശി നാട്ടോര്‍മ്മകളും എന്ന വിഷയത്തില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് മുന്‍ ചരിത്രവിഭാഗം തലവന്‍ ഡോ. പി.പി. അബ്ദുള്‍ റസാക്കും പഴശ്ശി: ഓര്‍മ്മ ചരിത്രം പ്രയോഗം എന്ന വിഷയത്തില്‍ മലയാളം സര്‍വ്വകലാശാല സംസ്‌ക്കാര പൈതൃക പഠന വിഭാഗം തലവന്‍ ഡോ. കെ.എം ഭരതനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഒ.കെ ജോണി മോഡറേറ്റര്‍ ആയിരുന്നു.

Next Story

RELATED STORIES

Share it