Latest News

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: എസ്‌വൈഎസ്

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: എസ്‌വൈഎസ്
X

കണ്ണൂര്‍: വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരമാണെന്ന് സുന്നി യുവജന സംഘം(എസ്‌വൈഎസ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റി. സര്‍ക്കാര്‍ മുസ് ലിംകളോടുള്ള അവഗണന തുടരുകയാണ്. സമുദായ നേതൃത്വം ഇതിനെതിരേ പ്രതികരിച്ചാല്‍ വര്‍ഗീയത ആരോപിച്ച് സമുദായത്തെ മൗനികളാക്കാനാണ് ശ്രമം. മുസ്‌ലിം സമുദായത്തിന്റെ എല്ലാ അവകാശങ്ങളും കവര്‍ന്നെടുക്കുകയാണെന്നും വഖഫ് ബോര്‍ഡിനെ മത മുക്തമാക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്നും എസ്‌വൈഎസ് ആരോപിച്ചു.

ആയിരക്കണക്കിന് നിയമനങ്ങളുള്ള ദേവസ്വം ബോര്‍ഡ് പോലോത്തത് സമിതി രൂപീകരിച്ച് നിയമനം നടത്തുന്ന സര്‍ക്കാര്‍ മുസ് ലിം സമുദായത്തോട് മാത്രം അവഗണന തുടരകയാണ്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ വഖഫ് ബോര്‍ഡ് റീജണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം ജനതയുടെ ഉന്നമനത്തിനായാണ് മുസ്‌ലിം സ്‌കോളര്‍ഷിപ്പ് എന്ന പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ അത് പിന്നീട് എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുമായി വീതം വെക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഇപ്പോളത് ആനുപാതം വെട്ടിക്കുറച്ചു. ഇത് പോലെ വഞ്ചനാപരമായ സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.

കേന്ദ്ര വഖഫ് നിയമ പ്രകാരം സംസ്ഥാനത്തെ വഖഫ് ബോര്‍ഡിലെ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അധികാരം കേരള സംസ്ഥാന വഖഫ് ബോര്‍ഡില്‍ നിക്ഷിപ്തമാണെന്നും മാത്രവുമല്ല വഖഫ് റെഗുലേഷന്‍ അനുസരിച്ച് നിയമിക്കപ്പെടുന്നവര്‍ മുസ്‌ലിംകളായിരിക്കണം എന്ന് അതില്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും ഇത് പിഎസ്‌സി മുഖേനയാവുന്നതോടെ മുസ്‌ലിംകള്‍ക്ക് മാത്രം നിയമനമെന്ന നിഷ്‌കര്‍ഷത ഭാവിയില്‍ നീതിപീഠങ്ങള്‍ക്കുമുമ്പാകെ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് ദൂരവ്യാപകമായ മറ്റു ഭവിഷ്യത്തുകളുമുണ്ടാക്കാന്‍ ഇടവരുമെന്നും എസ് വൈഎസ് ആശങ്ക് പങ്കുവച്ചു. പിഎസ്‌സി വഴി വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം മറ്റു സര്‍ക്കാര്‍ സര്‍വിസ് മേഖലകളിലെ ജനറല്‍ ക്വാട്ടയില്‍ നിന്നുള്ള മുസ്‌ലിം സമുദായത്തിന്റെ അവസരങ്ങള്‍ ഇല്ലാതാക്കാനും കാരണമാകുമെന്നും കെ.എസ്.ആര്‍ ചട്ട പ്രകാരമുള്ള സംവരണമോ റൊട്ടേഷനോ ബാധകമല്ലാത്ത വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നത് ദുരൂഹമാണെന്നും ഇതിലൂടെ വഖഫ് ബോര്‍ഡിന്റെ നിയമനാധികാരം എടുത്തു കളഞ്ഞ സര്‍ക്കാര്‍ തീര്‍ത്തും മോശമായ ഒരു കീഴ് വഴക്കമാണ് നാടിന് നല്‍കുന്നതെന്നും എസ് വൈ എസ് വിലയിരുത്തി.

ജില്ലാ പ്രസിഡന്റ് സയ്യിദ് മഹ്മൂദ് സഫ്‌വാന്‍ തങ്ങള്‍ അല്‍ ബുഹാരി ഏഴിമലയുടെ ആധ്യക്ഷതയില്‍ സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മഷ്ഹൂര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗം അബ്ദുറഹ്മാന്‍ കല്ലായ് , എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മലയമ്മ അബൂബക്കര്‍ ബാഖവി, മാണിയൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി, ശരീഫ് ബാഖവി, അബ്ദുന്നാസര്‍ ഫൈസി പാവന്നൂര്‍, സിറാജുദ്ദീന്‍ ദാരിമി കക്കാട്, ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, എ കെ അബ്ദുല്‍ ബാഖി പ്രഭാഷണം നടത്തി. അഹ്മദ് തേര്‍ലായി, ഇബ്രാഹിം ബാഖവി പന്നിയൂര്‍, സത്താര്‍ വളക്കൈ, പി പി മുഹമ്മദ് കുഞ്ഞി അരിയില്‍, മൊയ്തു മൗലവി മക്കിയാട്, ഉമര്‍ നദ്‌വി തോട്ടീക്കല്‍, അബ്ദുല്‍ റസാഖ് ഹാജി പാനൂര്‍, അശ്‌റഫ് ബംഗാളി മുഹല്ല , ഇബ്രാഹിം എടവച്ചാല്‍, ഷൗക്കത്തലി മൗലവി മട്ടന്നൂര്‍, നമ്പ്രം അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദുല്ല ദാരിമി കൊട്ടില, പി അബ്ദുസ്സലാം മൗലവി ഇരിക്കൂര്‍, എ പി ഇസ്മായില്‍ പാനൂര്‍, കെ വി അബ്ദുല്‍ ഹമീദ് ദാരിമി ഇരിട്ടി, മന്‍സൂര്‍ പാമ്പുരുത്തി, സമീര്‍ സഖാഫി പുല്ലൂക്കര, അഷ്‌റഫ് ഫൈസി പഴശ്ശി, ഷഹീര്‍ പാപ്പിനിശ്ശേരി, അസ് ലം അസ്ഹരി പൊയ്തും കടവ്, അബ്ദുല്ല ഫൈസി മാണിയൂര്‍, അബ്ദുല്ല യമാനി അരിയില്‍, സത്താര്‍ കൂടാളി പങ്കെടുത്തു.

Next Story

RELATED STORIES

Share it