Latest News

ഭിന്നശേഷികാർക്കായി പുതിയ വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ

ഭിന്നശേഷികാർക്കായി പുതിയ വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ
X

തൃശ്ശൂർ: ഭിന്നശേഷിക്കാർക്കായി പുതിയ വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ സൗകര്യങ്ങുമായി ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്റർ. സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി വിവിധ ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

ഇന്ത്യയിലെ തന്നെ ആദ്യത്തേതും മികച്ചതുമായ വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള റീഹാബിലിറ്റേഷൻ സിസ്റ്റമാണ് എൻ ഐ പി എം ആറിലുള്ളത്. അറുപത്തിനാല് ലക്ഷം ചെലവഴിച്ചാണ് ഈ സംവിധാനം ഒരുക്കിയത്. പ്രതീതി യാഥാർഥ്യം അടിസ്ഥാനമാക്കിയുള്ള എക്സസൈസുകളും ഓഗ്മെന്റ് റിയാലിറ്റികളുടെയും കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെയും സഹായത്തോടെയുള്ള ഒരു കൂട്ടം ക്ലിനിക്കൽ ഇടപെടലുകളിലൂടെയാണ് വെർച്വൽ റീഹാബിലിറ്റേഷൻ എന്ന് പറയുന്നത്.

ഒരു മൾട്ടി മോഡൽ സെൻസറി ഇൻഫർമേഷന്റെ സഹായത്തോടെ കൂടുതൽ കായിക പ്രവർത്തനനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ വ്യക്തിഗത ഇടപെടൽ സാധ്യമാക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു. സ്‌പൈനൽ കോഡ് ഇഞ്ചുറി, സെറിബ്രൽ പാൾസി തുടങ്ങിയ ചലന പ്രശ്നങ്ങൾ ഉള്ളവരെ നടത്തം പരിശീലിപ്പിക്കുന്നതിന് വെർച്വൽ റിയാലിറ്റി അടിസ്ഥാന മാക്കിയുള്ള ഈ പുതിയ സംവിധാനം സഹായകരമാവുന്നു.

നാഡീസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അഡ്വാൻസ് ന്യൂറോ ഫിസിയോതെറാപ്പി യൂണിറ്റ് ആരംഭിച്ചിരിക്കുന്നു.103 ലക്ഷം രൂപയാണ് ഇതിനായി ചിെലവഴിച്ചിട്ടുള്ളത്. നാഡി സംബന്ധവും ന്യൂറോ വാസ്ക്കുലാർ സംബന്ധവുമായ പ്രശ്നങ്ങൾ കാരണം ചലന ശേഷിയിലും പ്രവർത്തന ക്ഷമതയിലും ബുദ്ധിമുട്ട് നേരിടുന്ന വ്യാധികളെ ചികിത്സിക്കുന്ന രീതിയാണ് ന്യൂറോ ഫിസിയോതെറാപ്പി. പേശി ബലക്ഷയം, ശരീരം ബാലൻസ് ചെയ്യാൻ കഴിയാത്ത അവസ്ഥ, പ്രവർത്തന ക്ഷമമല്ലാത്ത അവസ്ഥ, സംവേദന ശേഷിക്കുറവ് എന്നി പ്രശ്നങ്ങൾക്ക് ന്യൂറോ ഫിസിയോ തെറാപ്പിയിലൂടെ പരിഹാരം കണ്ടെത്താൻ കഴിയും. ഹുബർ 360 ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് ഈ യൂണിറ്റിലുള്ളത്.

മനുഷ്യന്റെ നടത്തവും കൈകളുമായി ബന്ധപ്പെട്ട ചലനങ്ങളെ യന്ത്രത്തിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നതിനായി എഴുപത്തി രണ്ട് ലക്ഷം ചെലവിൽ ഇൻസ്‌ട്രുമെന്റ് ഗെയ്റ്റ് ആന്റ് മോഷൻ അനാലിസിസ് ലാബ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. നാഡികളുടെയും പേശികളുടെയും ചലനങ്ങൾ കൃത്യമായി ഇതിലൂടെ നിരീക്ഷിക്കാൻ കഴിയും.അപകടം, രോഗം എന്നിവമൂലം ചലന പ്രശ്നങ്ങൾ ഉള്ളവരുടെയും കായിക തരങ്ങളുടെയും ചലന ക്ഷമത വർധിപ്പിക്കുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുത്താം.

കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച നിരവധി ക്യാമറകളുടെ സഹായത്തോടെയാണ് ഓരോ വ്യക്തിയുടേയും ചലന പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇ എം ജി ഇലക്ട്രോഡുകൾ സ്ഥാപിച്ച് വ്യക്തിയുടെ ചലനനങ്ങൾ പഠിക്കുന്നു. ക്യാമറകൾ രേഖപ്പെടുത്തുന്ന ചലനങ്ങൾ കമ്പ്യൂട്ടറിലൂടെ വിശകലനം ചെയ്ത് ചികിത്സക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നു. പ്രത്യേക തെറാപ്പി ആരംഭിക്കുന്നത്തിന് മുൻപ് ഗെയ്റ്റ് അനാലിസിസ് നടത്തുകയും ചികിത്സാ ഇടവേളകളിൽ പുരോഗതി വിലയിരുത്തുകയും ചെയ്യുന്നു. സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെയും മുതിർന്നവരുടെയും ചലനങ്ങൾ വിലയിരുത്തുന്നതിനുള്ള മാർഗമാണ് ഗേറ്റ് അനാലിസിസ്.

ചലന പ്രശ്നങ്ങൾ നേരിടുന്ന ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത വാഹന സൗകര്യം വീൽ ട്രാൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാലകർക്കൊപ്പം ഒരേ സമയം മുതിർന്നവർക്കുള്ള ആറ് സ്റ്റാൻഡേർഡ് വീൽചെയറുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ആംബുലൻസാണുള്ളത്. ഹൈഡ്രോലിക്ക് ലിഫ്റ്റിന്റെ സഹായത്തോടെ വീൽ ചെയറിൽ ഇരിക്കുന്ന വ്യക്തിയെ പരസഹായം കൂടാതെ വാഹനത്തിൽ കയറ്റാനും ഇറക്കാനും സാധിക്കുന്നു. മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ മാസ്റ്ററുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ടിൽ നിന്നും 24.02 ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്നാണ് ഇത്തരത്തിലുള്ള വാഹന സൗകര്യം എൻ ഐ പി എം ആറിന് ലഭിച്ചത്.ഭിന്നശേഷിക്കാരുടെ ചിത്ര രചന, പെയിന്റിംഗ്, കര കൗശല വസ്തുക്കളുടെ നിർമാണം എന്നി കഴിവുകൾ വളർത്തുന്നതിനും വേണ്ട പരിശീലനം നൽകുന്നതിനുമായി പോട്ടറി ആന്റ് സിറാമിക് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. ഇവരിൽ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി മുൻപ് ആരംഭിച്ച ആർട്ടബിലിറ്റി സെന്ററിന്റെ തുടർച്ചയായിട്ടാണ് പോട്ടറി യൂണിറ്റ് ഒരുക്കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it