Cricket

രോഹിതും റായിഡുവും തകര്‍ത്തു; പിന്നാലെ ബൗളര്‍മാരും എറിഞ്ഞിട്ടതോടെ ഇന്ത്യക്ക് മുന്നില്‍ വിന്‍ഡീസ് ചാരം

രോഹിതും റായിഡുവും തകര്‍ത്തു; പിന്നാലെ ബൗളര്‍മാരും എറിഞ്ഞിട്ടതോടെ ഇന്ത്യക്ക് മുന്നില്‍ വിന്‍ഡീസ് ചാരം
X

മുംബൈ: ഇക്കുറി നായകന്‍ കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് തുടര്‍ച്ചയായ നാലാം സെഞ്ച്വറി പിറന്നില്ല, എന്നാല്‍ ഓപണര്‍ രോഹിത് ശര്‍മയും മധ്യനിര താരം റായിഡുവും (100) വീരോചിത സെഞ്ച്വറി കുറിക്കുകയും ആദ്യമായി ഇന്ത്യന്‍ ബൗളിങ് പട സ്വപ്‌നതുല്യമായ ഫോമിലേക്ക് ഉയരുകയും ചെയ്ത നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 224 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
നിശ്ചിത ഓവറില്‍ ഇന്ത്യ പരമ്പരയിലെ ഏറ്റവും മികച്ച സ്‌കോറായ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയപ്പോള്‍ അവരെ 36.2 ഓവറില്‍ 153 റണ്‍സില്‍ എറിഞ്ഞിട്ടാണ് വിജയം അനായാസമാക്കിയത്. ജയത്തോടെ നാല് മല്‍സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. 137 പന്തില്‍ 20 ഫോറും നാല് പടുകൂറ്റന്‍ സിക്‌സറും പറത്തിയ രോഹിത് ശര്‍മയാണ് കളിയിലെ താരം. 81 പന്തില്‍ എട്ട് ഫോറും നാല് സ്ിക്‌സറുമാണ് റായിഡുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ ജേസന്‍ ഹോള്‍ഡറിന്റെ ചെറുത്തു നില്‍പാണ് വിന്‍ഡീസിനെ 153ലെത്തിച്ചത്.
മുന്‍ മല്‍സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭേദപ്പെട്ട ഓപണിങ് കൂട്ടുകെട്ട് ആയിരുന്നു ഇന്ത്യക്ക് വേണ്ടി രോഹിതും ധവാനും ചേര്‍ന്ന് നടത്തിയത്. 40 പന്തില്‍ 38 റണ്‍സുമായി നില്‍ക്കുമ്പോള്‍ പോളിന്റെ പന്തില്‍ ധവാന്‍ പുറത്തായി. പിന്നീട് വിന്‍ഡീസ് ബൗളര്‍മാരെ ഫോറിനും സിക്‌സറിനും പറത്തി രോഹിത് ക്രീസില്‍ വാണു.താരത്തിന് പിന്തുണയോടെ കോഹ്‌ലിയും ക്രീസില്‍ നിലയുറപ്പിച്ചു. എന്നാല്‍ തുടര്‍ച്ചയായ നാലാം സെഞ്ച്വറി നേടുമെന്ന് ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കിയ കോഹ്‌ലിയെ (16) റോച്ച് വിക്കറ്റ് കീപ്‌റിന്റെ കൈകളിലെത്തിച്ചതോടെ മുംബൈ ബാരബോണ്‍ സ്റ്റേഡിയത്തില്‍ നിശബ്ധത മാത്രം.ഇന്ത്യയുടെ സ്‌കോര്‍ അപ്പോള്‍ 16.4 ഓവറില്‍ 101. തുടര്‍ന്നാണ് രോഹിതും റായിഡുവും ചേര്‍ന്ന് മല്‍സരത്തിലെ മികച്ച കൂട്ടുകെട്ട് സ്ഥാപിച്ചത്. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 300 കടത്തി. ഇതിനിടയില്‍ രോഹിത് തന്റെ ഏഴാമത്തെ 150 റണ്‍സും കണ്ടെത്തി. നേരത്തേ 150ല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തുന്നവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന രോഹിതിന്റെ അക്കൗണ്ടില്‍ ഏഴാം തവണയും ചേര്‍ക്കപ്പെട്ടു. 150 റണ്‍സ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കുന്ന ബാറ്റ്‌സ്മാനായി രോഹിത്. 162 റണ്‍സുമായി നില്‍ക്കുന്ന രോഹിതിനെ 43ാം ഓവറില്‍ നഴ്‌സ് ഹെംരാജിന്റെ കൈകളില്‍ എത്തിച്ചതോടെ റണ്‍ ഒഴുക്കിന്റെ വേഗം കുറഞ്ഞു. പിന്നിട് റായിഡുവിന് തുണയായി എത്തിയത് ധോണിയായിരുന്നു. അധികം വൈകാതെ തന്നെ 100 റണ്‍സെടുത്ത റായിഡു റണ്‍ഔട്ടുമായപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 344 പിറന്നിരുന്നു. തുടര്‍ന്നെത്തിയ കേദാര്‍ജാദവിനോടൊത്ത് ധോണിയും കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും 11 റണ്‍സ് കൂടി ചേരുമ്പോഴേക്കും 23 റണ്‍സുമായി ധോണിയെ റോച്ച് പുറത്താക്കി. ജഡേജയും ജാദവുമായി 22 റണ്‍സുകൂടി കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ സ്‌കോര്‍ 377 ആക്കി.
സ്‌കോര്‍ 20ല്‍ നില്‍ക്കേ കഴിഞ്ഞ കളിയിലെ തെടുംതൂണുകളായ ഹേമരാജിന്റെയും (14), കീറോണ്‍ പവലിന്റെയും(4) ഷായ് ഹോപിന്റയും (0) വിക്കറ്റ് വിന്‍ഡീസിന് നഷ്ടമായതോടെ ടീം പരാജയം മണത്തു. തുടര്‍ന്നുള്ള കൃത്യമായ ഇടവേളകളില്‍ വിന്‍ഡീസിന്റെ വിക്കറ്റുകള്‍ നിലം പതിച്ചതോടെ ഇന്ത്യന്‍ ജയം എളുപ്പവാമുകയായിരുന്നു. ആറാം വിക്കറ്റില്‍ ഇറങ്ങിയ നായകന്‍ ഹോല്‍ഡര്‍(53) ക്രീസില്‍ നിലയുറപ്പിച്ചാണ് ടീമിനെ മുന്നോട്ട് നയിച്ചിരുന്നത്. 70 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിനും ജഡേജക്കും ഓരോ വിക്കറ്റ് വീതമുണ്ട്.
Next Story

RELATED STORIES

Share it