Children

കുട്ടികള്‍ സ്‌ക്രീന്‍ അഡിക്റ്റഡാകുന്നു; മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം അനിവാര്യം

ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചനമനുസരിച്ചു വീഡിയോ ഗെയ്മിങ് ഒരു വ്യക്തിയുടെ ദൈനദിന കാര്യങ്ങളെ തടസ്സപ്പെടുത്തുന്ന അവസ്ഥയയില്‍ എത്തിയാല്‍ അതൊരു രോഗവസ്ഥയായി കണക്കാക്കാമെന്നാണ്

കുട്ടികള്‍ സ്‌ക്രീന്‍ അഡിക്റ്റഡാകുന്നു; മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം അനിവാര്യം
X

കൊച്ചി: ലോകമാകെ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡും ഇതിനെ പ്രതിരോധിക്കാനായി ഏര്‍പ്പെടുത്തുന്ന ലോക്ക് ഡൗണും കുട്ടികളെയാണ് ഏറ്റവും അധികം അസ്വസ്ഥരാക്കുന്നത്.അവരുടെ ആഹ്‌ളാദകരമായ സ്‌കൂള്‍ അധ്യയനവും അതിനുശേഷമുള്ള അവധിക്കാലവുമാണ് കൊവിഡ് കവര്‍ന്നെടുത്തിരിക്കുന്നത്.കൂട്ടുകാര്‍ക്കൊപ്പം കളിയും ചിരിയും തമാശയുമൊക്കെയായി അടിച്ചു പൊളിക്കേണ്ട ഒരു അവധിക്കാലം കൂടിയാണ് വീടിനുള്ളിലെ നാലു ചുമരുകള്‍ക്കുള്ളിലായി എരിഞ്ഞു തീരുന്നത്.മനസുകൊതിക്കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥയിലാണ് ഇന്ന്് കുട്ടികള്‍. ചരിത്രത്തിലാദ്യമായി സ്‌കൂളിന്റെ പടി കാണാതെയുള്ള ഒരധ്യായന വര്‍ഷമാണ് കടന്നു പോയത്.കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും നാളിതുവരെ പരിചയമില്ലാത്ത രീതിയായിരുന്നു ഓണ്‍ലൈനിലൂടെയുളള പഠനം.ഓണ്‍ലൈന്‍ വഴിയുള്ള പഠനവും ക്ലാസുകളും തുടക്കത്തില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരു പോലെ ബുദ്ധിമുട്ടായിരുന്നുവെങ്കിലും ക്രമേണ ഇവര്‍ അതിനോട് ഇണങ്ങിച്ചേര്‍ന്നുവെന്നു പറയാം.

സ്‌കൂള്‍ അധ്യയന വര്‍ഷം കഴിഞ്ഞിട്ടും ഭൂരിഭാഗം കുട്ടികളും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും കണ്ണും മനസും മാറ്റാന്‍ തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. കുട്ടികള്‍ ഇന്ന് ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് വീട്ടില്‍ മാത്രമായി ചുരുങ്ങിയെങ്കിലും വീട്ടുകാരോടൊപ്പമല്ല എന്നതാണ് യാഥാര്‍ഥ്യം.മൊബൈല്‍ ഫോണും, ടാബും കംപ്യൂട്ടറും ടിവിയും പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അവരുടെ ഉറ്റ ചങ്ങാതിമാരായി മാറിക്കഴിഞ്ഞു.ഈ സൗഹൃദം തഴച്ചു വളരാന്‍ എല്ലാത്തരത്തിലും അനുയോജ്യമായ സാഹചര്യം കൊറോണ എന്ന കൊച്ചു വൈറസ് ഒരുക്കിക്കൊടത്തു. മദ്യവും മയക്കുമരുന്നും പോലെ തന്നെ ഈ ഉപകരണങ്ങളും അമിത ഉപയോഗം മൂലം കുട്ടികളില്‍ അഡിക്ഷന്‍ ഉണ്ടാക്കുന്നവയാണെന്ന് ഹെല്‍ത്ത് മൈന്‍ഡ്‌സ് കൗണ്‍സിലിങ് ആന്റ് ട്രെയിനിങ് സെന്ററിലെ കണ്‍സള്‍ട്ടന്റ് രമ്യ എലിസബത്ത് കുര്യന്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ സ്‌ക്രീന്‍ അഡിക്റ്റഡായി മാറുന്ന സ്ഥിതിയാണുള്ളത്.മൊബൈല്‍ ഫോണ്‍,ടി വി, കംപ്യൂട്ടര്‍, തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ മാത്രം വിനോദ ഉപാധികളായി കണ്ട് സമയപരിമിതികളില്ലാതെ ഇവയുടെ മുന്‍പില്‍ സമയം ചിലവഴിക്കുന്ന അവസ്ഥയാണ് സ്‌ക്രീന്‍ അഡിക്ഷന്‍. ഇതു ചിലപ്പോള്‍ കാര്‍ട്ടൂണ്‍സ്, ഗെയിംസ് അതുമല്ലെങ്കില്‍ വീഡിയോസ് കാണുവാനായിരിക്കാം. അതി വേഗത്തിലുള്ള സാങ്കേതിക വളര്‍ച്ചയും ജീവിത ശൈലിയിലുണ്ടായിട്ടുള്ള മാറ്റങ്ങളുമാണ് ഇതിന് പ്രധാന കാരണം.ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചനമനുസരിച്ചു വീഡിയോ ഗെയ്മിങ് ഒരു വ്യക്തിയുടെ ദൈനദിന കാര്യങ്ങളെ തടസ്സപ്പെടുത്തുന്ന അവസ്ഥയയില്‍ എത്തിയാല്‍ അതൊരു രോഗവസ്ഥയായി കണക്കാക്കാമെന്നാണ്. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒരു കാരണവശാലും ഇത്തരം ഉപകരണങ്ങള്‍ നല്‍കാന്‍ പാടില്ലെന്നും രമ്യ എലിസബത്ത് കുര്യന്‍ ചൂണ്ടിക്കാട്ടുന്നു.സ്ഥിരമായി കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍,ടി വി, കംപ്യൂട്ടര്‍, തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളുടെ സ്വാഭാവത്തിലും പെരുമാറ്റത്തിലും വരം മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെന്നു ഇവര്‍ പറയുന്നു.അമിതമായ ദേഷ്യം,പഠനത്തില്‍ പിന്നാക്കം പോകുക,ശ്രദ്ധക്കുറവ്,അനുസരണക്കേട്,സൗഹൃദങ്ങള്‍, ബന്ധങ്ങള്‍ കുറയുക,

മറ്റൊന്നിലും താല്‍പര്യം ഇല്ലാതാവുക,ഉറക്കക്കുറവ്,ഫോണ്‍ ഉള്‍പ്പെടെയള്ള ഉപകരണങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അസ്വസ്ഥരാവുക എന്നിവയൊക്കെ കുട്ടികളില്‍ പ്രകടമാകും.ഇതു മാത്രമല്ല. ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളില്‍ ഓര്‍മ്മക്കുറവ് പോലുള്ള പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.ചെറു പ്രായത്തില്‍ തന്നെ കുട്ടികള്‍ ഡിപ്രഷനും ഉല്‍ക്കണ്ട പോലുള്ള അവസ്ഥയ്ക്കും വിധേയരാകും.ഒപ്പം ഭക്ഷണത്തിനോടു പോലും താല്‍പര്യക്കുറവുണ്ടാകുകയും ക്രമേണ ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.ഇന്ത്യയില്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും അമിതമായി ഉപയോഗിക്കുന്ന 30%കുട്ടികളിലും കൗമരക്കാരിലും സ്‌ക്രീന്‍ ഡിപെന്‍ഡന്‍സി ഡിസ്ഓര്‍ഡര്‍ ഉണ്ടെന്നു പഠനങ്ങള്‍ പറയുന്നുവെന്നും രമ്യ എലിസബത്ത് കുര്യന്‍ ചൂണ്ടിക്കാട്ടുന്നു.

ഇവയുടെ ഉപയോഗം പെട്ടെന്ന് കുട്ടികളെ കൊണ്ടു നിര്‍ത്തിക്കുന്നത് അവരെ കൂടുതല്‍ അസ്വസ്ഥരാക്കും. പകരം സമയം കുറച്ചു കൊണ്ടു വരികയും ഉപയോഗത്തിന് സമയ പരിധികള്‍ വെയ്ക്കുകയുമാണ് ഒരു പരിഹാരം.കുട്ടികളുടെ ബോറടി മാറ്റാന്‍ സഹായകരമാകുന്ന മറ്റു വിനോദങ്ങള്‍ അവരുടെ കഴിവുകള്‍ക്കനുസരിച്ചു കണ്ടെത്തുകയും വേണം. വീടിനുള്ളില്‍ തന്നെ കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ മാതാപിതാക്കളും മറ്റുള്ളവരും ശ്രമിക്കണം. എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് കുട്ടികളുടെ മനസിന് ഏറെ സന്തോഷം നല്‍കുന്നതാണ്.അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് അകമഴിഞ്ഞ് പ്രോല്‍സാഹനം നല്‍കുകയും ചെയ്യുക.ഫോണ്‍,കംപ്യൂട്ടര്‍ എന്നിവ ഉപയോഗിക്കാന്‍ ഒരു നിശ്ചിത സമയം നിശ്ചയിക്കുകയും എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്ന ഒരു സ്ഥലം നിശ്ചയിക്കുകയും ചെയ്യുക.മാതാപിതാക്കളെ കണ്ടാണ് മക്കള്‍ വളരുന്നതെന്ന മൊഴിയും ഇവിടെ പ്രസക്തമണ്.അതിനാല്‍ മാതാപിതാക്കളും ഇക്കാര്യത്തില്‍ മാതൃകകാട്ടണം.

ലോക്ക് ഡൗണിനെ തുടര്‍ന്ന് പഠനം ഓണ്‍ലൈനായതോടെ കുട്ടികളില്‍ മൊബൈല്‍ ഫോണും കംപ്യൂട്ടറും ദുരുപയോഗം ചെയ്യുന്ന സാഹചര്യം കുടുതലായിട്ടുണ്ടെന്ന് കോഴിക്കോട് ഇംഹാന്‍സ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ജോബിന്‍ ടോം ചൂണ്ടിക്കാട്ടുന്നു.മിക്ക മാതാപിതാക്കള്‍ക്കും മൊബൈല്‍ ഫോണ്‍,കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം സംബന്ധിച്ച് വലിയ ധാരണയില്ലാത്തത് കുട്ടികളില്‍ ഇവ ദുരുപയോഗം ചെയ്യാനുള്ള പ്രവണത വര്‍ധിപ്പിക്കുന്നു.ചില കൂട്ടികള്‍ ഗെയിമുകള്‍ കളിക്കുന്നതില്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍ മുതിര്‍ന്ന ക്ലാസുകളിലെ ചില കുട്ടികള്‍ പോണ്‍ സൈറ്റുകളിലുടെയാണ് കൂടുതലും സഞ്ചരിക്കുന്നത്.ഇത് മാതാപിതാക്കള്‍ പിടികൂടുമ്പോള്‍ കുട്ടികള്‍ക്ക് വലിയ രീതിയില്‍ തന്നെ മാനസിക സംഘര്‍ഷവും ഉണ്ടാകുന്നുവെന്നും ഇത് മറ്റു പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നുള്ള നിരീക്ഷണങ്ങളുണ്ടെന്നും ഡോ.ജോബിന്‍ പറയുന്നു.

ദുരുപയോഗം പേടിച്ച് മൊബൈല്‍ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും ഉപയോഗത്തില്‍ നിന്നും കുട്ടികളെ നമ്മള്‍ മുമ്പ് മാറ്റി നിര്‍ത്തുകയായിരുന്നു.എന്നാല്‍ കൊവിഡ് കാലം എല്ലാം മാറ്റി മറിച്ചു. വിദ്യാഭ്യാസം തന്നെ ഓണ്‍ലൈനായതോടെ മാതാപിതാക്കള്‍ക്ക് മറ്റു മാര്‍ഗ്ഗമില്ലാതായി.മൊബൈല്‍ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും അമിത ഉപയോഗം കൂട്ടികളുടെ ആരോഗ്യത്തെ തന്നെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മൊബൈല്‍ ഫോണുകളും കംപ്യൂട്ടറുകളും കൂടുതലായി ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് വീട്ടില്‍ തന്നെ കൂടുതല്‍ ക്രിയേറ്റീവായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യിക്കുകയും വേണം.

ഇതില്‍ മാതാപിതാക്കളുടെ സഹകരണവും അനിവാര്യമാണെന്നും ഡോ.ജോബിന്‍ ചൂണ്ടിക്കാട്ടുന്നു.കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തില്‍ വീടുകളില്‍ അടച്ചിരിക്കുന്ന അവസ്ഥയുണ്ടാകുമ്പോള്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ കുട്ടികളെ നല്ല രീതിയില്‍ തന്നെ ബാധിക്കുന്നുവെന്നത് വാസ്തവമാണ്.ഇത്തരത്തില്‍ എതെങ്കിലും അവസ്ഥയ്ക്ക് വിധേയമായാല്‍ അതിനെ മറികടക്കാന്‍ ഇത്തരം വിഷയങ്ങളില്‍ അക്കാദമിക്കായി യോഗ്യതയുള്ളവരും അവ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം നേടിയിട്ടുള്ള വിദഗ്ദരില്‍ നിന്നു മാത്രമെ മാതാപിതാക്കളാണെങ്കിലും കുട്ടികളാണെങ്കിലും ഉപദേശം തേടാവുവെന്നും ഡോ.ജോബിന്‍ പറയുന്നു.

Next Story

RELATED STORIES

Share it