Children

എയ്ഡ്‌സിനെ ചെറുക്കാം... കുട്ടികളിലൂടെ...

എയ്ഡ്‌സിനെ ചെറുക്കാം... കുട്ടികളിലൂടെ...
X

കൊറോണ വൈറസിനേക്കാള്‍ ലോകം വെറുക്കുന്നൊരു വൈറസാണ് എച്ച്‌ഐവി. കൂടുതലായും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ വന്നുചേരുന്ന രോഗത്തോടു മാത്രമല്ല, രോഗികളോടും പലര്‍ക്കും പ്രത്യേക സമീപനമാണ്. എന്നാല്‍ രോഗികളെ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയല്ല, രോഗം ചെറുക്കുന്നതിനൊപ്പം രോഗികളെ കൂടി മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നു രക്ഷിക്കുകയാണു വേണ്ടതെന്നു കുട്ടികളെയും നാം പഠിപ്പിക്കണം. ചെറുപ്രായത്തില്‍ തന്നെ ഇതേക്കുറിച്ച് അവബോധമുണ്ടാക്കുകയും അവരിലൂടെ തന്നെ എയ്ഡ്‌സിനെ ചെറുക്കുകയും ചെയ്യാമെന്ന് പഠനങ്ങള്‍ പറയുന്നു. ലോക എയ്ഡ്‌സ് ദിനത്തില്‍ ഇതാവട്ടെ നമ്മുടെ കുട്ടികള്‍ക്കു നല്‍കുന്ന പാഠം.

നമ്മുടെ വിദ്യാലയത്തിലും കുടുംബങ്ങളിലും അവബോധം വളര്‍ത്താന്‍ ഒരു എച്ച്‌ഐവി ആക്ഷന്‍ ക്ലബ് തുടങ്ങിയാല്‍ അതിനു കീഴില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനാവും. കുട്ടികളുടെ തന്നെ ഭാഷയില്‍, അവരുടെ തന്നെ വാക്കുകള്‍ ഉപയോഗിച്ച് എച്ച്‌ഐവിയേയും എയ്ഡ്‌സിനെയും കുറിച്ചുള്ള സന്ദേശങ്ങള്‍ തയ്യാറാക്കിയാല്‍ മനോഹരമാവും. കുട്ടികള്‍ക്ക് ലഭിക്കുന്ന അറിവുകള്‍ മറ്റു കുട്ടികളുമായും കുടുംബങ്ങളുമായും പങ്കിടണം. എച്ച്‌ഐവി, എയ്ഡ്‌സ് എന്നിവ സംബന്ധിച്ച വിവരങ്ങളും ലഘുലേഖകളും ശേഖരിക്കുകയും പങ്കിടുകയുമാവാം. എയ്ഡ്‌സ് ബാധിതരായ കുട്ടികളെ സഹായിക്കാന്‍ വഴികള്‍ കണ്ടെത്താം. എച്ച്‌ഐവിയുമായി സമ്പര്‍ക്കത്തില്‍ കൊണ്ടുവന്നേക്കാവുന്ന ആപല്‍ക്കരമായ പെരുമാറ്റരീതികള്‍ ഏതൊക്കെയെന്ന് വിവിധതരം കളികളിലൂടെ കണ്ടെത്താം. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എച്ച്‌ഐവി പടരുന്ന വഴികളെകുറിച്ച് കളിയാവാം. എച്ച്‌ഐവിയില്‍ നിന്നുള്ള സംരക്ഷണത്തിന് ഏതൊക്കെ സുരക്ഷിത പെരുമാറ്റരീതികളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് കണ്ടെത്താം. സവിശേഷ സൗഹൃദങ്ങളെ കുറിച്ചും ലൈംഗിക വികാരങ്ങളെ കുറിച്ചും സംസാരിക്കാന്‍ നമ്മെ സഹായിക്കുന്ന സവിശേഷ സൗജീവിതനൈപുണ്യങ്ങള്‍ സ്വായത്തമാക്കാന്‍ പ്രാപ്തരാക്കണം.

ഏറ്റവും കൂടുതല്‍ ആളുകള്‍ ബോധവല്‍ക്കരിക്കപ്പെടേണ്ടത് എച്ച്‌ഐവി ബാധിതരോട് സ്വീകരിക്കേണ്ട നിലപാടുകളാണ്. എച്ച്‌ഐവി അല്ലെങ്കില്‍ എയ്ഡ്‌സ് ബാധിച്ച ഒരു വ്യക്തിക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെകുറിച്ചും അവ പരിഹാരിക്കാന്‍ എന്ത് ചെയ്യാനാവും എന്നതിനെ കുറിച്ചും സംവാദങ്ങളും ചര്‍ച്ചകളും നടത്തിക്കണം. സ്വയം ഒരു എച്ച്‌ഐവി ബാധിതനായി സങ്കല്‍പ്പിച്ച് അത്തരം ഒരു അവസ്ഥയെ കുറിച്ച് സ്വയം മനസ്സിലാക്കാം. രോഗബാധിതരായ വ്യക്തികളെയും അവര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെയും കുറിച്ചുള്ള കഥകളും സംഭാഷണങ്ങളും കേള്‍ക്കുകയും സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കാം. ഈ രോഗാവസ്ഥയെ കുറിച്ച് എത്രമാത്രം അറിയാമെന്ന് കണ്ടെത്താനായി ക്വിസ് മല്‍സരമൊക്കെ നടത്തുന്നത് നന്നാവും. ക്ലാസ് മുറിയില്‍ ഒരു ചോദ്യപെട്ടി തുടങ്ങിയാല്‍ തന്നെ പലര്‍ക്കും പ്രയോജനമാവും. എച്ച്‌ഐവിയെയും എയിഡ്‌സിനെയും കുറിച്ച് പോസ്റ്റര്‍ തയ്യാറാക്കി ക്ലാസ് മുറിയില്‍ തൂക്കിയാല്‍ എല്ലാവര്‍ക്കും ഉപകാരമാവും. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനെ പങ്കെടുപ്പിച്ച് ക്ലാസ് നല്‍കിയാല്‍ സംശയങ്ങളെല്ലാം ദൂരീകരിക്കാം.

Let's fight AIDS ... through children ...

Next Story

RELATED STORIES

Share it