Top

ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് എവിടെ പോകുന്നു...?

ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് എവിടെ പോകുന്നു...?
X

കോഴിക്കോട്: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങിക്കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഒടുവില്‍ കേന്ദ്രം അനുമതി നല്‍കുകയും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെ പ്രവാസികള്‍ മടങ്ങിയെത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ജോലി നഷ്ടപ്പെടുക വരെ ചെയ്ത പ്രവാസികളുടെ യാത്രാ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നില്ലെന്നു മാത്രമല്ല, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തു. ഇതിനിടയില്‍, നാടിന്റെ നട്ടെല്ലായ പ്രവാസികളില്‍ നിന്നു ഈടാക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് എന്ത് ചെയ്യുന്നുവെന്ന ചോദ്യമാണ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എ എം നജീബ് സുധീര്‍ ചോദിക്കുന്നത്.

എ എം നജീബ് സുധീറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കെ എം സി സി, ഇന്‍കാസ്, കള്‍ചറല്‍ ഫോറം, സോഷ്യല്‍ ഫോറം, സ്വകാര്യ കമ്പനികള്‍ നല്‍കുന്ന ടിക്കറ്റ് സേവനങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. എന്നാല്‍, ലോകത്തെ 157 രാജ്യങ്ങളിലായുള്ള ഇന്ത്യന്‍ എംബസികള്‍ എംബസിയുമായി ബന്ധപ്പെട്ട ഓരോ സര്‍വീസിനും ഐസിഡബ്ല്യുഎഫി(ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്)ലേക്ക് പണം ഈടാക്കുന്നത് എന്തിന് ചെലവഴിക്കുന്നുവെന്ന് അന്വേഷിക്കേണ്ടതുണ്ട്. പാസ്‌പോര്‍ട്ട് പുതുക്കല്‍, പിസിസി, ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍സ്, എന്‍ഒസി, എന്‍ആര്‍സി, ബിആര്‍സി സേവനങ്ങള്‍ക്ക് നിശ്ചിത തുക പ്രവാസി ക്ഷേമമെന്ന പേരില്‍ വകയിരുത്തുന്നു.

2009ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ തുടങ്ങിയ ഈ പദ്ധതി മുഖേന കണ്ടെത്തിയ പണം ഓരോ എംബസികളിലും കോടികളായി കിടക്കുകയാണ്. 2017ല്‍ മോദി അധികാരത്തിലെത്തിയപ്പോള്‍ ഇതില്‍ ഭേദഗതി വരുത്തി ഈ പണം എംബസി ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് എടുക്കല്‍, സ്റ്റാഫുകളെ നിയമിക്കല്‍, റിപബ്ലിക് ദിനാഘോഷം, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ പരിപാടികളോടനുബന്ധിച്ചുള്ള കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി വകമാറ്റി ചെലവഴിക്കുകയാണ്.

ചെറിയ രാജ്യമായ ഖത്തര്‍ എംബസിയില്‍ മാത്രം ശരാശരി 200 സര്‍വീസാണ് ദൈനംദിനം നടക്കുന്നത്. ഒരു സര്‍വീസിന് 8 റിയാല്‍ വാങ്ങിക്കുന്ന എംബസി ഈയിനത്തില്‍ മാത്രം കോടികള്‍ സമ്പാദിച്ചു കഴിഞ്ഞിട്ടുണ്ട്. വലിയൊരു പ്രതിസന്ധിയില്‍പെട്ട് പ്രവാസികള്‍ നാടണയാന്‍ കഷ്ടപ്പെടുമ്പോള്‍ അവരില്‍ നിന്നു പിഴിഞ്ഞെടുത്ത ഈ പണം അവകാശികളെ സഹായിക്കാന്‍ ഉപയോഗിക്കുന്നതിനായി ആവശ്യപ്പെടുന്നതിനു പകരം വീണ്ടും പിരിവെടുത്തു പ്രവാസികള്‍ക്ക് ടിക്കറ്റ് എടുത്തുകൊടുക്കുന്നത് പുനരാലോചിക്കേണ്ടതുണ്ട്. പ്രവാസി സംഘടനകള്‍ തങ്ങളില്‍ നിന്നു എംബസി ഈടാക്കിയ പണം പ്രവാസി ക്ഷേമത്തിനായി ഉപയോഗപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.


Next Story

RELATED STORIES

Share it