Top

'രാമായണം' പരമ്പരകള്‍ പുനര്‍ജനിക്കുമ്പോള്‍...

കോഴിക്കോട്: രാജ്യം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടുവരികയും 'രാമായണം', 'മഹാഭാരതം' സീരിയല്‍ കാണാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നത് നാം കണ്ടതാണ്. ഉത്തരവാദിത്തപ്പെട്ട മന്ത്രിമാര്‍ വരെ കൊവിഡ് നിയന്ത്രണകാലത്ത് ജനം പട്ടിണിയെ അഭിമുഖീകരിക്കുമ്പോള്‍ പുരാണങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ പ്രഖ്യാപിത ശത്രുവിനെ കുട്ടികളുടെ മനസ്സില്‍ പ്രതിഷ്ഠിച്ച് ഹൈന്ദവ ദേശീയതയിലേക്ക് അവരെ നടത്താനുള്ള ആര്‍ എസ് എസിന്റെ ശ്രമമാണ് ഇപ്പോഴത്തെ രാമായണം പുനസംപ്രേഷണമെന്ന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ എം നജീബ് സുധീര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.


എ എം നജീബ് സുധീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗുജറാത്ത് വംശഹത്യയുടെ മനശാസ്ത്രം എന്തെന്നു പഠിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ സാഹിര്‍ ജാന്‍ മുഹമ്മദ് വംശഹത്യയ്ക്കു നേതൃത്വം കൊടുത്ത നരേന്ദ്രമോദിയുടെ ജീവതത്തെ കുറിച്ച് അന്വേഷണം നടത്തി തയ്യാറാക്കിയ പുസ്തകമാണ് 'ദ റെയ്‌സ് ഓഫ് നരേന്ദ്രമോദി'. നരേന്ദ്രമോദിയുടെ കീഴില്‍ ഗുജറാത്ത് ഒരു ഫാഷിസ്റ്റ് സ്‌റ്റേറ്റായി മാറിയതെങ്ങനെയെന്ന ആശങ്കയുളവാക്കുന്ന സംഭവങ്ങള്‍ സാഹിര്‍ ജാന്‍ വിവരിക്കുന്നുണ്ട്. അഹ്മദാബാദിലെ പ്രഗല്‍ഭനായ ഒരു ഡോക്ടറുടെ കൈവശം അയാളും ബാല്യകാല സുഹൃത്തായിരുന്ന മോദിയും തമ്മില്‍ കൈമാറിയ കത്തുകളുടെ വന്‍ശേഖരമുണ്ടായിരുന്നു. ഗുജറാത്ത് വംശഹത്യയിലേക്കു വെളിച്ചം വീശുന്ന വിധം മോദിയുടെ മനോനില അറിയാന്‍ കത്തുകള്‍ സഹായിക്കുമോ എന്നറിയാന്‍ സാഹിര്‍ അവ പരിശോധിക്കുകയുണ്ടായി. കടുത്ത മുസ്‌ലിം വിദ്വേഷവും പരമത വിരോധവും കുത്തിനിറച്ച ആ കത്തുകള്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്ക് എങ്ങനെ എഴുതാന്‍ കഴിയുന്നുവെന്ന് അവ വായിച്ച് സാഹിര്‍ അല്‍ഭുതപ്പെട്ടുവത്രേ. ആര്‍ എസ് എസിന്റെ 'ക്യാച്ച് ദം യങ്' എന്ന പോളിസിയിലൂടെ ഒരു കുട്ടി എങ്ങനെ ഭീകരവാദിയാവുന്നുവെന്നുള്ള ബോധ്യം കൂടിയായിരുന്നു സാഹിറിനു മോദിയുടെ വ്യക്തി ജീവിതത്തെകുറിച്ചുളള അന്വേഷണം.

കുട്ടികള്‍ക്കിടയില്‍ അതിവേഗം നിര്‍മിച്ചെടുക്കാന്‍ കഴിയുന്നതാണ് അപരവിദ്വേഷമെന്ന് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത രാമായണ സീരിയലുകളെ കുറിച്ചുള്ള പഠനത്തില്‍ റൊമില ഥാപ്പര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 9/11 നുശേഷം അമേരിക്ക വികസിപ്പിച്ചെടുത്ത ഗെയ്മാണ് കൗണ്ടര്‍ സ്‌ട്രൈക്ക്. ടെററിസ്റ്റുകളും ആന്റി ടെററിസ്റ്റുകളും തമ്മിലുള്ള യുദ്ധമാണ് കളി. കളിക്കുന്നയാള്‍ക്ക് ടെററിസ്‌റ്റോ ആന്റി ടെററിസ്‌റ്റോ ആവാം. പക്ഷേ, എല്ലാവരും ആന്റി ടെററിസ്റ്റാണ് ആവുക. തീവ്രവാദികളെ പിടികൂടേണ്ടത് ക്യൂബ പോലുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍നിന്നോ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നോ ആണ്. ഒരു ആന്റി ടെററിസ്റ്റ് തീവ്രവാദിയെ അന്വേഷിച്ചു പോവുമ്പോള്‍ ചെഗുവേരയുടെ ചുവര്‍ചിത്രങ്ങളും കമ്മ്യൂണിസ്റ്റ് സിംപലുകളും കാണാം. മുസ്‌ലിം രാജ്യങ്ങളിലാണ് 'തീവ്രവാദികള്‍' എന്നറിയുക അവിടെ നിന്നും ബാങ്കുവിളികള്‍ ഉയരുമ്പോഴാണ്. 'തീവ്രവാദികളെ' ആന്റി ടെററിസ്റ്റുകള്‍ കൊന്നുകൊണ്ടേയിരിക്കുകയാണ്. എന്തിനാണ് ഇവരെയിങ്ങനെ കൊല്ലുന്നതെന്നു ചിന്തിക്കുന്ന കളിക്കാര്‍ വിരളമാണ്. അതുവഴി ശത്രുവായ അപരനെക്കുറിച്ച മുന്‍വിധികള്‍ കുട്ടികളില്‍ സൃഷ്ടിക്കപ്പെടുന്നു.

ലോകം ഒരു മഹാമാരിയുടെ ഭീതിയില്‍ കഴിയുമ്പോള്‍ തങ്ങളുടെ പ്രഖ്യാപിത ശത്രുവിനെ കുട്ടികളുടെ മനസ്സില്‍ പ്രതിഷ്ഠിച്ച് ഹൈന്ദവ ദേശീയതയിലേക്കു അവരെ നടത്തുന്നതിനുള്ള ആര്‍ എസ് എസിന്റെ ശ്രമമാണ് ഇപ്പോഴത്തെ രാമായണം പുനസംപ്രേഷണം. മഹാത്മഗാന്ധിയെ പുളുവന്‍ എന്നു വിളിച്ചാക്ഷേപിച്ചിരുന്ന സവര്‍ക്കര്‍ 12ാം വയസ്സില്‍ സതീര്‍ഥ്യരെ കൂട്ടി ഒരു മുസ്‌ലിം പള്ളിക്കു കല്ലെറിഞ്ഞതും അതു തടയാന്‍ വന്ന മുസ്‌ലിംകളെ കത്തികാണിച്ച് ഓടിച്ചതും ബാല്യകാല സാഹസികതയായി ആര്‍ എസ് എസ് കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it