Emedia

വൈറല്‍ കോര്‍ണര്‍ കിക്ക്; 10 വയസുകാരനെ അഭിനന്ദിച്ച് മന്ത്രി ഇ പി ജയരാജന്‍

ഫുട്‌ബോള്‍ ചരിത്രത്തില്‍ അപൂര്‍വ്വമായാണ് ഇത്തരം ഗോളുകള്‍ സംഭവിക്കുക. ഗോളിന്റെ വീഡിയോ കണ്ടു കഴിഞ്ഞപ്പോള്‍ ആ കുട്ടിയെ വിളിച്ച് അഭിനന്ദനം അറിയിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മന്ത്രി ഇ പി ജയരാജന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

വൈറല്‍ കോര്‍ണര്‍ കിക്ക്; 10 വയസുകാരനെ അഭിനന്ദിച്ച് മന്ത്രി ഇ പി ജയരാജന്‍
X

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ വൈറലായ കോര്‍ണര്‍ കിക്കിന്റെ ഉടമയായ 10 വയസുകാരനെ അഭിനന്ദിച്ച് മന്ത്രി ഇ പി ജയരാജന്‍. മാനന്തവാടിയില്‍ നടന്ന ടൂര്‍ണമെന്റില്‍ കോര്‍ണര്‍ കിക്ക് നേരിട്ട് ഗോള്‍ വലയിലേക്ക് ചരിച്ചിറക്കിയാണ് ഡാനിഷ് ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ വൈറലായത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ അപൂര്‍വ്വമായാണ് ഇത്തരം ഗോളുകള്‍ സംഭവിക്കുക. ഗോളിന്റെ വീഡിയോ കണ്ടു കഴിഞ്ഞപ്പോള്‍ ആ കുട്ടിയെ വിളിച്ച് അഭിനന്ദനം അറിയിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ചെറു പ്രായത്തില്‍ തന്നെ കുട്ടികളുടെ കളിമികവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ കായിക വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന്. ജി വി രാജ, കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ 6, 7 ക്ലാസ് മുതല്‍ പ്രവേശനം നടത്തുമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

സീറോ ആംഗിള്‍ ഗോള്‍ നേടിയ ഡാനിഷ് എന്ന പത്തു വയസ്സുകാരന്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഗോളിന്റെ വീഡിയോ കണ്ടു കഴിഞ്ഞപ്പോള്‍ ആ കുട്ടിയെ വിളിച്ച് അഭിനന്ദനം അറിയിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഡാനിഷുമായി ഫോണില്‍ സംസാരിച്ചു. എല്ലാ പിന്തുണയും ഉറപ്പുനല്‍കി. ഫുട്‌ബോളില്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെയെന്ന് ഹൃദയംനിറഞ്ഞ ആശംസകളും അറിയിച്ചു. പ്രായത്തില്‍ കവിഞ്ഞ പ്രതിഭയും കളിമിടുക്കും നിറഞ്ഞ ഒരു ഗോളായിരുന്നു അത്. കോര്‍ണര്‍ കിക്ക് നേരിട്ട് വലയിലാക്കുക എന്നത് മുതിര്‍ന്ന മികച്ച താരങ്ങള്‍ക്കുപോലും പ്രയാസമാണ്. എന്നാല്‍, തികച്ചും അനായാസം എന്നു തോന്നിക്കും വിധമായിരുന്നു ഡാനിയുടെ ഷോട്ട്. ഫുട്‌ബോള്‍ പ്രമേയമായ ഒരു ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ഈ ഷോട്ട് പരിശീലിച്ചതായാണ് ഡാനി പറഞ്ഞത്. ഇത്ര ചെറിയ പ്രായത്തില്‍ കളിയോട് തികഞ്ഞ ആത്മാര്‍ത്ഥത കാണിക്കുന്ന ഡാനിഷിന്റെ സമീപനം എല്ലാ കായികതാരങ്ങള്‍ക്കും മാതൃകയാണ്.

മകന്റെ പ്രതിഭ തിരിച്ചറിഞ്ഞ് കളിക്കളത്തിലേക്ക് തിരിച്ചുവിട്ട ഡാനിഷിന്റെ മാതാപിതാക്കളായ അബു ഹാഷിമും നോവിയയും അഭിനന്ദനം അര്‍ഹിക്കുന്നു. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ കളിമികവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ കായിക വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. സ്‌കൂളുകളില്‍ ആരംഭിച്ച കിക്കോഫ് എന്ന ഫുട്‌ബോള്‍ പരിശീലന പദ്ധതി വിജയകരമായി പുരോഗമിക്കുന്നു. ബാസ്‌ക്കറ്റ്‌ബോളില്‍ ഹൂപ്‌സ്, നീന്തലില്‍ സ്പ്ലാഷ് എന്നീ പരിശീലനപദ്ധതികളും സ്‌കൂള്‍തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ജി വി രാജ, കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ ഇതുവരെ എട്ടാം ക്ലാസ് മുതലായിരുന്നു പ്രവേശനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ 6, 7 ക്ലാസ് മുതല്‍ പ്രവേശനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കളിയില്‍ മികവ് കാണിക്കുന്ന കുട്ടികള്‍ക്ക് കായിക വകുപ്പ് എല്ലാ പ്രോത്സാഹനവും നല്‍കും. കൂടുതല്‍ കുട്ടികളെ കളിക്കളത്തിലേക്ക് എത്തിക്കുകയെന്ന നയം ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.



Next Story

RELATED STORIES

Share it