Emedia

രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുത്ത് സോണിയാഗാന്ധിക്ക് സായൂജ്യമടയാം; ചരിത്രം വിശദീകരിച്ച് എം ബി രാജേഷ്

രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുത്ത് സോണിയാഗാന്ധിക്ക് സായൂജ്യമടയാം; ചരിത്രം വിശദീകരിച്ച് എം ബി രാജേഷ്
X

കോഴിക്കോട്: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ ക്ഷണിച്ചതു സംബന്ധിച്ച വിവാദം രൂക്ഷമാവുകയാണ്. സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ക്ഷണം തള്ളിയെങ്കിലും സോണിയ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെതിരേ സമസ്തയും മുസ് ലിം ലീഗും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുത്ത് സോണിയാഗാന്ധിക്ക് സായൂജ്യമടയാന്‍ എല്ലാ അര്‍ഹതയുമുണ്ടെന്ന്, ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ചരിത്രം വിശദീകരിച്ചാണ് എം ബി രാജേഷ് വ്യക്തമാക്കുന്നത്.

എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇതിലെന്താണിത്ര വിവാദം? രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ശ്രീമതി സോണിയാഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചത് വളരെ സ്വാഭാവികമല്ല?. അത്രമേല്‍ രാഷ്ട്രീയ നിരക്ഷരരായവര്‍ മാത്രമേ അതില്‍ അദ്ഭുതപ്പെടുകയുള്ളൂ. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ സോണിയാ ഗാന്ധിക്കും കോണ്‍ഗ്രസിനും അര്‍ഹതയുണ്ട്. ബിജെപിയോളം ഒരുപക്ഷേ അവരെക്കാള്‍ അല്‍പ്പം അധികമായും. 1989ല്‍ അയോധ്യയില്‍ ആദ്യമായി ശിലാന്യാസം അനുവദിച്ച അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാജീവ് ഗാന്ധിയുടെ പിന്‍ഗാമി സോണിയാ ഗാന്ധിക്ക്, അന്ന് പള്ളി പൊളിച്ച സ്ഥലത്ത് പൊളിച്ചവരുടെ ആഗ്രഹം സഫലമാവുന്ന ചടങ്ങില്‍ സന്തോഷത്തോടെ പങ്കെടുക്കാന്‍ അര്‍ഹതയില്ലെങ്കില്‍ പിന്നെ മറ്റാര്‍ക്കാണുള്ളത്? നെഹ്‌റു അടച്ചിട്ട അയോധ്യ അധ്യായം അന്ന് രാജീവ് ഗാന്ധി തുറന്നില്ലെങ്കില്‍, പുതിയ ക്ഷേത്രവും പ്രതിഷ്ഠയും വല്ലതും നടക്കുമായിരുന്നോ? 1992 ഡിസംബര്‍ 6ന്, കേന്ദ്ര ഭരണാധികാരം കൈയിലുണ്ടായിട്ടും, യുപി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അനുച്ഛേദം 356 ഭരണഘടനയിലുണ്ടായിട്ടും, ബാബരി മസ്ജിദ് നിന്ന സ്ഥലം ക്ഷേത്ര നിര്‍മാണത്തിന് സംഘപരിവാര്‍ ശക്തികള്‍ പാകപ്പെടുത്തും വരെ, ഒരു സാഹസത്തിനും മുതിരാതെ സംയമനം പാലിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹറാവുവിന്റെ പിന്മുറക്കാരിയായ സോണിയാഗാന്ധി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നതിലല്ലേ അനൗചിത്യം? നരസിംഹ റാവു അന്ന് അത് തടഞ്ഞിരുന്നെങ്കില്‍ ഇന്ന് എന്ത് ക്ഷേത്രം?. എവിടെ പ്രതിഷ്ഠ നടത്താന്‍?. ഒടുവില്‍ അയോധ്യയില്‍ ക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോള്‍ അത് ദേശീയ ഐക്യത്തിന്റെ മുഹൂര്‍ത്തമാണെന്ന് മൊഴിഞ്ഞ പ്രിയങ്കാഗാന്ധിയുടെ അമ്മയ്ക്ക് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലെന്നോ?. തറക്കല്ലിടാന്‍ വെള്ളി ഇഷ്ടിക സമ്മാനിച്ച കമല്‍നാഥിന്റെയും ഹനുമാന്‍ ചാലിസയും ഭജനയുമായി പിന്തുണച്ച ദിഗ് വിജയ് സിങിന്റെയും നേതാവായ സോണിയാജിക്ക് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള അര്‍ഹതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കാണധികാരം?


ചരിത്രത്തില്‍ എക്കാലത്തും ആര്‍എസ്എസുമായി കൊടുക്കല്‍ വാങ്ങലുകളിലേര്‍പ്പെട്ട കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ഏറ്റവും പ്രധാന നേതാവിന്, അവരുടെ ക്ഷണം ഇപ്പോള്‍ മാത്രം എങ്ങനെ നിരാകരിക്കും?. 1949 ഒക്ടോബര്‍ 7ന് നെഹ്‌റു വിദേശത്ത് പോയ തക്കത്തില്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആര്‍എസ്എസുകാരെ കോണ്‍ഗ്രസിന്റെ അംഗങ്ങളാവാന്‍ ക്ഷണിച്ചതല്ലേ?. അതും ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍എസ്എസ് നിരോധനം നേരിട്ട് അധികം കഴിയും മുമ്പ്.(പിന്നീട് 1949 നവംബര്‍ 7ന് തിരിച്ചെത്തിയ നെഹ്‌റു അത് റദ്ദാക്കുകയായിരുന്നു). മാത്രമല്ല കോണ്‍ഗ്രസ് സര്‍ക്കാര്‍ ആര്‍എസ്എസിനെ ഗണവേഷത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ ക്ഷണിച്ചതും പങ്കെടുപ്പിച്ചതും ചരിത്രമാണല്ലോ. ഗാന്ധി വധത്തിന്റെ കരിനിഴലില്‍ കഴിഞ്ഞ ആര്‍എസ്എസിന് ആ ക്ഷണം വഴി കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ മാന്യതയുടെ മുഖംമൂടി എത്ര വലുതായിരുന്നു?

ആര്‍എസ്എസിന്റെ അഭിനന്ദനങ്ങളും പിന്തുണയും സോണിയ ഗാന്ധിയുടെ പൂര്‍വസൂരികള്‍ക്ക് ധാരാളം കിട്ടിയിട്ടുണ്ട്. അടിയന്തിരാവസ്ഥയില്‍ സോണിയാജിയുടെ ഭര്‍തൃമാതാവ് കൂടിയായ ഇന്ദിരാഗാന്ധിയെ ആര്‍എസ്എസ് മേധാവി കത്തിലൂടെ അഭിനന്ദിച്ചത് രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍!. മാത്രമല്ല കുപ്രസിദ്ധമായ ഇരുപതിന പരിപാടിക്ക് ലക്ഷക്കണക്കിന് സ്വയം സേവകരുടെ പിന്തുണയും സര്‍സംഘചാലക് ഇന്ദിരാജിക്ക് വാഗ്ദാനം ചെയ്തു. അടിയന്തിരാവസ്ഥയില്‍ തന്നെ സര്‍സംഘചാലക് വീണ്ടുമൊരു കത്തിലൂടെ പിന്നെയും അഭിനന്ദിച്ചു. ചൈനയും പാകിസ്താനുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ദിര മുന്‍കൈ എടുത്തതിന്!!. മനുഷ്യന്റെ ചിന്തയ്ക്കും നാവിനും വിലങ്ങിട്ട അടിയന്തിരാവസ്ഥയില്‍, 1975 നവംബര്‍ 11ന് വീണ്ടും അഭിനന്ദന കത്ത്. ഇത്തവണ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് സുപ്രിംകോടതി സാധുവായി പ്രഖ്യാപിച്ചതില്‍ സന്തോഷചിത്തനായാണ് സര്‍സംഘചാലകിന്റെ കത്ത്. 1977 ആഗസ്ത് 22ന് പിന്നെയും കത്ത്. ഇപ്രാവശ്യം അഭിനന്ദനം ഇന്ദിരയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്. ഒടുവില്‍ 1980ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ തിരിച്ചുവരവിന് ആര്‍എസ്എസ് പിന്തുണയും. ഈ ഊഷ്മള ബന്ധം മകന്‍ രാജീവും തുടര്‍ന്നു. 1989ലെ തിരഞ്ഞെടുപ്പില്‍ ഗോവ ഗവര്‍ണറായിരുന്ന ഭാനുപ്രകാശ് സിങ്ങിനെ ആര്‍എസ്എസിനടുത്തേക്ക് ദൂതനായി രാജീവ് ഗാന്ധി അയച്ചു. തുടര്‍ന്ന് രാജീവിന്റെ ആഭ്യന്തര മന്ത്രി ഭൂട്ടാ സിങും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി രാജേന്ദ്ര സിങും തമ്മില്‍ ധാരണ ഉറപ്പിച്ചു. 1989ലെ തിരഞ്ഞെടുപ്പ് പ്രചാരണം താന്‍ ശിലാന്യാസം അനുവദിച്ച അയോധ്യയില്‍ നിന്നുതന്നെ രാജീവ് ഗാന്ധി തുടങ്ങി. പക്ഷേ, ബോഫോഴ്‌സ് അഴിമതി സൃഷ്ടിച്ച കുത്തൊഴുക്കില്‍ ഇതൊന്നും ഫലം കണ്ടില്ല. തിരഞ്ഞെടുപ്പില്‍ തോറ്റു.

ചുരുക്കിപ്പറഞ്ഞാല്‍ സോണിയ ഗാന്ധിക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ലഭിച്ച ക്ഷണം ചരിത്രത്തിലെ ഊഷ്മളമായ അനേകം പരസ്പര വിനിമയങ്ങളുടെ ബാക്കിപത്രമാണ്. അതറിയാത്ത രാഷ്ട്രീയ നിരക്ഷരര്‍ക്ക് അദ്ഭുതപ്പെടാം, ആശങ്കപ്പെടാം. പതിറ്റാണ്ടുകളുടെ സംഘപരിവാര്‍ കോണ്‍ഗ്രസ് രക്തബന്ധത്തിന്റെ പിന്‍ബലത്തില്‍ സോണിയാജിക്ക് ക്ഷണം സന്തോഷത്തോടെ സ്വീകരിക്കാം. തന്റെ പ്രിയതമന്‍ ശിലാന്യാസത്തിന് തുറന്നുകൊടുത്ത, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച, തന്റെ പാര്‍ട്ടി അധികാരത്തിലിരുന്ന കാലത്ത് പൊളിച്ചുപാകപ്പെടുത്തിയ അതേ സ്ഥലത്തെ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യംവഹിച്ച് സോണിയാഗാന്ധിക്ക് സായൂജ്യമടയാം. അവര്‍ക്ക് അതിന് എല്ലാ അവകാശവുമുണ്ട്. പ്രധാനമന്ത്രിയായിരിക്കെ രാജീവ്ഗാന്ധിയും നരസിംഹ റാവുവും നിലമൊരുക്കിക്കൊടുത്തിടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്‍മികത്വത്തില്‍ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്ന സംയുക്ത സംരംഭത്തില്‍ അവര്‍ക്കുള്ള അവകാശം അനിഷേധ്യമാണ്. മസ്ജിദ് പൊളിച്ച നടപടി നിയമവിരുദ്ധവും അപലപനീയവുമാണെന്ന് സുപ്രിംകോടതി വിധിയില്‍ പറഞ്ഞതും, മതചടങ്ങ് സര്‍ക്കാര്‍ തലപ്പത്തിരിക്കുന്നവര്‍ ഏറ്റെടുത്ത് ഔദ്യോഗികമായിനടത്തുന്നത് തെറ്റാണെന്ന് പറഞ്ഞ് രാജേന്ദ്രപ്രസാദിനെ നെഹ്‌റു വിലക്കിയതും, സൗകര്യപൂര്‍വം സോണിയാജി മറക്കേണ്ടിവരുമെന്ന് മാത്രം.

വാല്‍ക്കഷ്ണം: സീതാറാം യെച്ചൂരി സ്വന്തം പേരിനേയും വെറുക്കുന്നോ എന്ന് വിശ്വ ഹിന്ദു പരിഷത്ത്. സീതാറാമിലെ രാമന്‍ വിഎച്ച്പിയുടെ വില്ലുകുലച്ചുനില്‍ക്കുന്ന യുദ്ധോത്സുകനായ രാമനല്ല. ഗാന്ധിജിയുടെ രാമനും ആ രാമനായിരുന്നില്ല.

എം ബി രാജേഷ്‌



Next Story

RELATED STORIES

Share it