Emedia

ശബരിമല യുവതി പട്ടിക: ഓണ്‍ലൈന്‍ രേഖകളുടെ അടിസ്ഥാനത്തിലെന്ന് എം വി ജയരാജന്‍

തീര്‍ത്ഥാടകര്‍ സമര്‍പ്പിച്ച രേഖകളുടെ പിന്‍ബലത്തില്‍ നല്‍കിയ വിവരങ്ങള്‍ വിവാദമാക്കി പോലിസിനെയും സര്‍ക്കാറിനെയും കുറ്റപ്പെടുത്താന്‍ ചിലര്‍ ഇറങ്ങിയിരിക്കുകയാണ്

ശബരിമല യുവതി പട്ടിക: ഓണ്‍ലൈന്‍ രേഖകളുടെ അടിസ്ഥാനത്തിലെന്ന് എം വി ജയരാജന്‍
X

തിരുവനന്തപുരം: ശബരിമലയില്‍ കയറിയ യുവതി പട്ടിക സംബന്ധിച്ച് വിവാദം കത്തിനില്‍ക്കെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറിയും സിപിഎം നേതാവുമായ എം വി ജയരാജന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ സമര്‍പ്പിക്കുന്ന രേഖകള്‍ക്ക് അവര്‍ തന്നെയാണ് ഉത്തരവാദികളെന്നും ഓണ്‍ലൈന്‍ രേഖകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ പട്ടികയാണ് ഇതെന്നും ജയരാജന്‍ തന്റെ ഫേസ്ബുക്ക് പേജായ ചുറ്റുവട്ടത്തിലൂടെ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈന്‍വഴി രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയപ്പോള്‍ 15 ലക്ഷത്തോളം അയ്യപ്പഭക്തന്മാരാണ് അത് ഉപയോഗപ്പെടുത്തിയത്. ആധാര്‍, വോട്ടര്‍പട്ടിക, അംഗീകൃതസ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയാണ് രജിസ്‌ട്രേഷനായി വേണ്ടിവന്ന രേഖകള്‍. ഈ രേഖകള്‍ അപ്‌ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരക്കു കുറഞ്ഞ ദിവസം ദര്‍ശനത്തിനായി തിരഞ്ഞെടുക്കാമെന്ന പ്രത്യേകതയുണ്ട്. ഇത്തരം അയ്യപ്പ ഭക്തന്മാര്‍ക്ക് വര്‍ച്വല്‍ ക്യൂ സംവിധാനം വഴി മരക്കൂട്ടത്ത് നിന്നു ചന്ദ്രാനന്ദന്‍ റോഡിലൂടെ സന്നിധാനത്ത് എത്തിച്ചേരാന്‍ കഴിയും. തീര്‍ത്ഥാടകര്‍ എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് പോലിസ് ആസ്ഥാനത്തുനിന്നും മാധ്യമങ്ങളിലൂടെ ജനങ്ങളെ നേരത്തെ അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടെന്ന് വിവിധ ഭാഷകളിലെ മാധ്യമങ്ങളില്‍ പരസ്യവും പോലിസിന്റെ വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ നല്‍കുകയും ചെയ്തു. അതിന്റെയൊക്കെ ഫലമായാണ് കൂടുതല്‍പേര്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തുന്ന നിലയുണ്ടായത്.


2011ലാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ സമര്‍പ്പിക്കുന്ന രേഖകള്‍ക്ക് അവര്‍ തന്നെയാണ് ഉത്തരവാദികള്‍. ആ രേഖകളുടെ പ്രിന്റ് അടിസ്ഥാനമാക്കിയാണ് ശബരിമല ദര്‍ശനത്തിന് എത്തിച്ചേര്‍ന്നവരുടെ വിശദാംശങ്ങള്‍ സുപ്രിംകോടതിയില്‍ വിവരിച്ചത്. സത്യവാങ്മൂലമോ സ്‌റ്റേറ്റ്‌മെന്റോ നല്‍കിയായിരുന്നില്ല അക്കാര്യം പറഞ്ഞത്. തീര്‍ത്ഥാടകര്‍ സമര്‍പ്പിച്ച രേഖകളുടെ പിന്‍ബലത്തില്‍ നല്‍കിയ വിവരങ്ങള്‍ വിവാദമാക്കി പോലിസിനെയും സര്‍ക്കാറിനെയും കുറ്റപ്പെടുത്താന്‍ ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. ഏകദേശം 44 ലക്ഷത്തോളം അയ്യപ്പഭക്തന്മാരാണ് ദര്‍ശനത്തിനെത്തിച്ചേര്‍ന്നത്. 36 ലക്ഷം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവരാണ്. 8 ലക്ഷത്തോളം പേര്‍ മാത്രമാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത്. 2018 സപ്തംബര്‍ 28 ന്റെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീപുരുഷന്മാര്‍ക്ക് ദര്‍ശനം നടത്താന്‍ ശബരിമലയില്‍ എത്തിച്ചേരാം. അതുകൊണ്ടാണ് 10നും അമ്പതിനും മദ്ധ്യേയുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് അറിയിപ്പ് നല്‍കിക്കൊണ്ടുള്ള ബോര്‍ഡ് പമ്പയില്‍ നിന്ന് നീക്കം ചെയ്തതും സന്നിധാനത്ത് പ്രായപരിശോധന ഒഴിവാക്കിയതും. അതുകൊണ്ട് തന്നെ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ശബരിമലയില്‍ ദര്‍ശനത്തിന് വരുന്നതിന് യാതൊരു വിലക്കും നിയമപരമായി ഉണ്ടായിരുന്നില്ല.


സംഘപരിവാര്‍ യുവതികളെ തടഞ്ഞത് നിയമവിരുദ്ധമാണ്. 7564 യുവതികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ദര്‍ശനത്തിന് എത്തിച്ചേരാനാണ് അപേക്ഷിച്ചത്. തുലാമാസ പൂജമുതല്‍ സംഘപരിവാറിന്റെ സ്ത്രീവിരുദ്ധസമീപനവും തീര്‍ത്ഥാടകര്‍ക്കെതിരായ അക്രമവും സംബന്ധിച്ച വാര്‍ത്തകളാണ് വിവിധ ദേശക്കാരായ വ്രതമനുഷ്ഠിച്ച യുവതികള്‍ പോലും അയ്യപ്പദര്‍ശനത്തിന് പോകാതെ മടിച്ചുനില്‍ക്കാന്‍ കാരണം. എന്നിട്ടും രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ കുറേ യുവതികള്‍ ദര്‍ശനം നടത്തി. തങ്ങളെ കബളിപ്പിച്ചാണ് പലരും ദര്‍ശനം നടത്തിയതെന്ന വിവരം പുറത്തുവന്നപ്പോള്‍ സംഘപരിവാറിനുണ്ടാകുന്ന പരിഭ്രാന്തി സ്വാഭാവികമാണ്. എന്നാല്‍ മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുന്നത് എന്തുകൊണ്ട്..!? സുപ്രിംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം തീര്‍ത്ഥാടകരായ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് അനുമാനിക്കാവുന്ന കാര്യം സ്ത്രീപ്രവേശനത്തിന് അനുകൂലമായ സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് തന്നെയാണ് ഇപ്പോഴും കോടതിയുടെ ഹിതം. അതുകൊണ്ടാണ് ഭക്തജനങ്ങള്‍ക്ക് സര്‍ക്കാറും പോലിസും സുരക്ഷയൊരുക്കുന്നത്. സംഘപരിവാറിന്റെ സമരം ഇനിയെന്തിന്..? യുവതികളാരെയും ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് സമരത്തിന് മുതിര്‍ന്ന സംഘപരിവാര്‍ ജനങ്ങളോട് ഇനി എന്ത് മറുപടി പറയും..? സുവര്‍ണാവസരമെന്ന് ജനങ്ങളോട് പറഞ്ഞ ബിജെപി അധ്യക്ഷന്‍ സുവര്‍ണാവസരം നഷ്ടപ്പെട്ടുവെന്ന് അണികളോട് മാറ്റിപ്പറയേണ്ടേ..? സംഘപരിവാറിനൊപ്പം കൊടിപിടിക്കാതെ സമരം നടത്തിയ കോണ്‍ഗ്രസ് കുറേപേരെ ബിജെപിയിലേക്ക് വിട്ടുകൊടുത്തതല്ലാതെ എന്തുനേടി? ചുരുക്കത്തില്‍ നാളെ നടയടക്കുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും നേടിയത് വട്ടപ്പൂജ്യവും വിവാദങ്ങളുടെ നടയടക്കലുമായിരിക്കും ഫലം.




Next Story

RELATED STORIES

Share it