Emedia

ഒരു പെണ്ണ് ചങ്കൂറ്റത്തോടെ നിവര്‍ന്നുനിന്നാല്‍ വിരണ്ടുപോകുന്നവര്‍ മാത്രമാണ് ഇവിടത്തെ ഫാഷിസ്റ്റുകള്‍...

ഒരു പെണ്ണ് ചങ്കൂറ്റത്തോടെ നിവര്‍ന്നുനിന്നാല്‍ വിരണ്ടുപോകുന്നവര്‍ മാത്രമാണ് ഇവിടത്തെ ഫാഷിസ്റ്റുകള്‍...
X

കോഴിക്കോട്: രാജ്യത്തെ അന്നമൂട്ടുന്ന കര്‍ഷകര്‍ ഒന്നര മാസത്തിലേറെയായി രാജ്യതലസ്ഥാനത്ത് തെരുവിലാണ്. വിറകൊള്ളുന്ന ശരീരത്തെ വകവയ്ക്കാതെ, കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നവര്‍ക്കെതിരേ പ്രായംപോലും നോക്കാതെ അവര്‍ സമരത്തിലാണ്. ബാരിക്കേഡുകളും തോക്കും ലാത്തിയുമെല്ലാം പോരാഞ്ഞിട്ട് ആണിയടിച്ചും കിടങ്ങ് കുഴിച്ചും പ്രക്ഷോഭകരെ തുരത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഭാവിജീവിതത്തിനു വേണ്ടി പിന്തിരിഞ്ഞോടാന്‍ ഇടമില്ലെന്നു തിരിച്ചറിഞ്ഞ കര്‍ഷക സമൂഹം ഒരടി പിന്നോട്ടുപോയിട്ടില്ല. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, രാജ്യത്തെ അടിസ്ഥാന ജനതയായ കര്‍ഷകര്‍ അതേ തലസ്ഥാനത്ത് ട്രാക്റ്റര്‍ റാലി നടത്തിയ ലോകമാകെ ശ്രദ്ധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോകത്താകമാനമുള്ള സെലിബ്രിറ്റികളില്‍ പലരും കര്‍ഷകരെ പിന്തുണച്ചു രംഗത്തു വരുന്നത് ഹിന്ദുത്വ ഭരണകൂടത്തിന്റെ ഓരോ തട്ടുകളെയും പ്രകോപിപ്പിക്കുകയാണ്. ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ ധൈര്യം ഇത്രയും ദുര്‍ബലമാണെന്നു ചൂണ്ടിക്കാട്ടുകയാണ് സന്ദീപ് ദാസ് തന്റെ ഫേസ് ബുക്കിലൂടെ.

സന്ദീപ് ദാസിന്റെ ഫേസ് ബുക്കിന്റെ പൂര്‍ണരൂപം:

ഇപ്പോള്‍ ഒരു കാര്യം മനസ്സിലായില്ലേ?. ഒരു പെണ്ണ് ചങ്കൂറ്റത്തോടെ നിവര്‍ന്നുനിന്നാല്‍ വിരണ്ടുപോകുന്നവര്‍ മാത്രമാണ് ഇവിടത്തെ ഫാസിസ്റ്റുകള്‍. റിഹാന എന്ന പോപ് ഗായിക ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ 'ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ച് നാം എന്തുകൊണ്ട് സംസാരിക്കുന്നില്ല...? 'ഇതോടെ എല്ലാവര്‍ക്കും നിയന്ത്രണം നഷ്ടപ്പെട്ടു. റിഹാനയ്‌ക്കെതിരേ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ വരിവരിയായി രംഗത്തുവന്നു. കങ്കണ റണൗട്ട്, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, കരണ്‍ ജോഹര്‍ തുടങ്ങിയ സിനിമാക്കാര്‍... സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്‌ന, അനില്‍ കുംബ്ലെ, ശിഖര്‍ ധവാന്‍, ആര്‍ പി സിങ് മുതലായ ക്രിക്കറ്റര്‍മാര്‍... റിഹാനയ്‌ക്കെതിരേ സംസാരിച്ച എല്ലാവര്‍ക്കും ഒരേ ഭാഷയായിരുന്നു. ഏതാണ്ട് ഒരേ വാക്കുകളും. ആരോ പറഞ്ഞുകൊടുത്ത് എഴുതിച്ചതുപോലെ!.

കര്‍ഷകസമരത്തെക്കുറിച്ച് ഇതേവരെ ഒരു വാക്കുപോലും ഉരിയാടാതിരുന്ന സകല സെലിബ്രിറ്റികളും ഒരുമിച്ച് വായതുറന്നുവെങ്കില്‍ അതിനുപുറകില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. സിനിമാതാരങ്ങള്‍ക്കും കളിക്കാര്‍ക്കുമെല്ലാം വമ്പിച്ച ഓഫറുകള്‍ ലഭിച്ചിട്ടുണ്ടാവാം. അല്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാം. എന്നിട്ട് ഇവരെല്ലാം ചേര്‍ന്ന് റിഹാനയുടെ ഉദ്ദ്യേശശുദ്ധിയെ ചോദ്യം ചെയ്യുന്നു! അടിപൊളി!

ഇന്ത്യയിലെ കാര്യങ്ങള്‍ ഇന്ത്യക്കാര്‍ നോക്കിക്കോളും എന്നാണ് സചിന്‍ പ്രതികരിച്ചത്. സചിന്‍ ലോകകപ്പ് ജയിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ദക്ഷിണാഫ്രിക്കക്കാരനായ ഗാരി കേസ്റ്റനായിരുന്നു. ഇംഗ്ലണ്ട് സ്വദേശിയായ ഡേവിഡ് ഷെപ്പേഡ് ആണ് സച്ചിന്റെ ഇഷ്ട അമ്പയര്‍. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനെ ആരാധിച്ചാണ് സച്ചിന്‍ വളര്‍ന്നുവന്നത്. ഇന്ത്യയിലെ കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടതില്ല എന്ന സങ്കുചിതയുക്തി മുമ്പൊന്നും സച്ചിന്‍ ഉപയോഗിച്ചിട്ടില്ല എന്ന് സാരം. പെട്ടെന്ന് ആ ലോജിക് എങ്ങനെ പൊട്ടിമുളച്ചു?. ലിറ്റില്‍ മാസ്റ്ററുടെ നാവ് ഫാഷിസ്റ്റുകള്‍ വാടകയ്‌ക്കെടുത്തതാണ് എന്ന് ഉറപ്പിക്കാം. മനുഷ്യരാണ് ആദ്യം ഉണ്ടായത്. രാജ്യങ്ങളും അതിര്‍ത്തികളുമെല്ലാം പിന്നീട് സൃഷ്ടിക്കപ്പെട്ടതാണ്. ഏറ്റവും പ്രധാനം മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ്. അത് പറയാന്‍ ദേശീയത ഒരു തടസ്സമേയല്ല.

അങ്ങകലെ ജോര്‍ജ്ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ മലയാളികള്‍ക്ക് വേദനിച്ചില്ലേ? ആ രാഷ്ട്രീയം. നൂറു മില്യണ്‍ ഫോളോവേഴ്‌സുണ്ട് റിഹാനയ്ക്ക്. ആ ലോകത്ത് അഭിരമിച്ചുകഴിയേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ അവര്‍ക്ക്. എന്നിട്ടും റിഹാന ഇന്ത്യയിലെ കര്‍ഷകസമരത്തെ പിന്തുണച്ചില്ലേ?. അതാണ് മനുഷ്യത്വത്തിന്റെ രാഷ്ട്രീയം. ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്ക് സ്വപ്നം കാണാന്‍ പറ്റാത്ത ഔന്നത്യം. റിഹാനയുടെ പ്രസ്താവന ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. ഫാഷിസ്റ്റുകളോട് ഒന്നേ പറയാനുള്ളൂ. മിണ്ടാതിരിക്കുന്നതാവും നിങ്ങള്‍ക്ക് നല്ലത്. നിങ്ങള്‍ റിഹാനയ്ക്കുനേരെ കുരച്ചാല്‍ അവരുടെ ട്വീറ്റ് കൂടുതല്‍ പ്രശസ്തമാവും. ലോകത്തിന്റെ എല്ലാ കോണുകളില്‍നിന്നും കര്‍ഷകര്‍ക്ക് പിന്തുണയെത്തും. അധികം കളിക്കണ്ട മിത്രങ്ങളേ. ഇത് തീക്കളിയാണ്. കൈ പൊള്ളുന്ന അഭ്യാസമാണ്...


ഇപ്പോൾ ഒരു കാര്യം മനസ്സിലായില്ലേ? ഒരു പെണ്ണ് ചങ്കൂറ്റത്തോടെ നിവർന്നുനിന്നാൽ വിരണ്ടുപോകുന്നവർ മാത്രമാണ് ഇവിടത്തെ...

Posted by Sandeep Das on Wednesday, 3 February 2021


Next Story

RELATED STORIES

Share it