Top

ജനവിരുദ്ധ വിധികളില്‍ വര്‍ഗ താല്‍പര്യങ്ങളും പക്ഷപാതിത്വവും പ്രതിഫലിക്കുന്നു: പി സി ഉണ്ണിചെക്കന്‍

ന്യായാധിപന്മാരുടെ അറിവോ അറിവില്ലായ്മയോ എന്നതിലുപരി അവര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ താല്‍പര്യങ്ങളും വര്‍ഗ പക്ഷപാതിത്വവും ആണ് മിക്ക ജനവിരുദ്ധ വിധികളിലും പ്രതിഫലിക്കുന്നതെന്ന് മുന്‍ വിധികളെ തെളിവായി നിരത്തി പി സി ഉണ്ണിച്ചെക്കന്‍ സമര്‍ത്ഥിക്കുന്നു.

ജനവിരുദ്ധ വിധികളില്‍ വര്‍ഗ താല്‍പര്യങ്ങളും പക്ഷപാതിത്വവും പ്രതിഫലിക്കുന്നു: പി സി ഉണ്ണിചെക്കന്‍
X

ബാബരി മസ്ജിദ്, ശബരിമല കേസുകളില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തില്‍ സിപിഐ (എംഎല്‍) നേതാവ് പി സി ഉണ്ണിച്ചെക്കന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്. ന്യായാധിപന്മാരുടെ അറിവോ അറിവില്ലായ്മയോ എന്നതിലുപരി അവര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ താല്‍പര്യങ്ങളും വര്‍ഗ പക്ഷപാതിത്വവും ആണ് മിക്ക ജനവിരുദ്ധ വിധികളിലും പ്രതിഫലിക്കുന്നതെന്ന് ന്യായാധിപന്‍മാരുടെ മുന്‍ വിധികളെ തെളിവായി നിരത്തി പി സി ഉണ്ണിച്ചെക്കന്‍ സമര്‍ത്ഥിക്കുന്നു.

പി സി ഉണ്ണിച്ചെക്കന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുപ്രീം കോടതിയിലും ഹൈകോടതികളിലും ബെഞ്ചുകള്‍ മാറുമ്പോഴോ ജഡ്ജിമാര്‍ മാറുമ്പോഴോ ഒരേ വിഷയത്തെ സംബന്ധിച്ച് പരസ്പര വിരുദ്ധമായ വിധികള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? ന്യായാധിപന്മാരുടെ വിവേചനാധികാരം മാത്രമാണോ കാരണം? 'നമ്മുടെ ന്യായാധിപന്മാര്‍ മറ്റുള്ളവരെ പോലെ തന്നെ സത്യസന്ധരാണ്. മറ്റുള്ളവരെ പോലെ തന്നെ അവര്‍ക്കും പക്ഷപാതിത്വവും അധികാരഅവകാശങ്ങളോടുള്ള അഭിനിവേശവുമുണ്ട്.' അമേരിക്കന്‍ ഭരണഘടനാ ശില്പി തോമസ് ജഫേഴ്‌സന്റെ ഈ പ്രസ്താവന സാര്‍വ്വലൗകീകമായ ഒരു സത്യത്തെയാണ് വിളംബരം ചെയ്യുന്നത്.

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഒരേ കാര്യത്തെ സംബന്ധിച്ച് തന്നെ മുന്‍ വിധികളെ ഖണ്ഡിച്ചുകൊണ്ടുള്ള ഒട്ടേറെ വിധിന്യായങ്ങളുണ്ട്. ഭരണഘടന നിലവില്‍ വന്ന ഉടനെ തന്നെ ആര്‍ട്ടിക്കിള്‍ 13 ചോദ്യം ചെയ്യപ്പെട്ടു. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന നിയമം ഘമം എന്ന വാക്ക് ഭരണഘടനാ ഭേദഗതികളുടെ പരിധിയില്‍ വരുന്നില്ലെന്ന് ശങ്കരി പ്രസാദ് vs സ്‌റ്റേറ്റ് ഓഫ് ഇന്ത്യ കേസില്‍ വിധിയുണ്ടായി. ഗോലക്‌നാഥ് VS സ്‌റ്റേറ്റ് ഓഫ് പഞ്ചാബ് കേസില്‍ ആര്‍ട്ടിക്കിള്‍ 13 ഭരണഘടനാ ഭേദഗതിയില്‍ ഉള്‍പ്പെടുത്താമെന്ന് വിധിച്ചു. സാജന്‍ സിംഗ് VS സ്‌റ്റേറ്റ് ഓഫ് രാജസ്ഥാന്‍ കേസില്‍ ജസ്റ്റീസ് ഹിദായത്തുള്ള മൗലിക അവകാശങ്ങള്‍ ഉള്‍പ്പെടുന്ന ഭരണഘടനാ ഭേദഗതികള്‍ നിയമനിര്‍മ്മാണ സഭകളുടെ വിവേചനാധികാരത്തിന് വിടാന്‍ പാടില്ലെന്ന് വിധിച്ചു. കേശവാനന്ദ ഭാരതി VS സ്‌റ്റേറ്റ് ഓഫ് കേരളാ കേസില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് മാറ്റം വരാതെയുള്ള ഏത് ഭേദഗതിക്കും സാധുത നല്‍കി. പ്രസിദ്ധമായ AKG കേസിലും വിരുദ്ധ വിധികള്‍ ഉണ്ടായിട്ടുണ്ട്. 1976ല്‍ ജബല്‍പൂര്‍ എ.ഡി.എം. VS ശുക്ലാ കേസില്‍ സ്വാതന്ത്രം ജുഡീഷ്യറിയുടെ ദാനമാണെന്ന കുപ്രസിദ്ധമായ വിധി 5 അംഗ ഭരണഘടനാ ബെഞ്ചിന്റേതായി വന്നു. ഈ വിധി മൗലീകാവകാശ ലംഘനവും തെറ്റുമായിരുന്നെന്ന് പിന്നീട് ജസ്റ്റീസ് അല്‍ത്താഫ് ആലവും കെ.കെ. ഗാംഗുലിയുമടങ്ങുന്ന സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ച് വിധി പറയുകയുണ്ടായി. 1990ല്‍ ഡല്‍ഹിയില്‍ സംവരണത്തിനെതിരെ സമരം ചെയ്ത ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കണമെന്ന് വിധിച്ച കോടതി 2003ല്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരം ചെയ്തപ്പോള്‍ അത് നിയമവിരുദ്ധമെന്ന് വിധിച്ചു. ഏറെക്കാലത്തിന് ശേഷം വന്ന മേനകാഗാന്ധി കേസിലും പണിമുടക്കാന്‍ അവകാശമുണ്ടെന്നും ഇല്ലെന്നും പരസ്പര വിരുദ്ധമായ വിധികള്‍ ഉണ്ടായിട്ടുണ്ട്. ഇന്നലത്തെ ശബരിമല കേസില്‍ 5 അംഗ ബഞ്ചിലുണ്ടായിരുന്ന ഒരു ജഡ്ജ് തന്റെ മുന്‍ നിലപാട് മാറ്റിയതായും നാം കണ്ടു.

'നിയമത്തിന്റെ അജ്ഞത മൂലം ശിക്ഷിക്കപ്പെടാത്തവര്‍ നിയമഞ്ജര്‍ മാത്രം' എന്ന ജെ. ബന്താമിന്റെ പ്രസ്താവക്കുമപ്പുറമാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അവസ്ഥ. ന്യായാധിപന്മാരുടെ അറിവോ അറിവില്ലായ്മയോ എന്നതിലുപരി അവര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗ താല്പര്യങ്ങളും വര്‍ഗ്ഗ പക്ഷപാതിത്വവും ആണ് മിക്ക ജനവിരുദ്ധ വിധികളിലും പ്രതിഫലിക്കുന്നത്. 'നിങ്ങളുടെ നിക്ഷ്പക്ഷരായ ന്യായാധിപന്മാര്‍ എവിടെയാണ്?...... . . . സ്വന്തം വര്‍ഗ്ഗത്തില്‍ പെട്ടവരും അല്ലാത്തവരും തമ്മിലുള്ള തര്‍ക്കത്തില്‍ തികച്ചും നിക്ഷ്പക്ഷനാവുക നിങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ വിഷമകരമാണ്.' നീതിന്യായത്തിന്റെ രാഷ്ട്രീയം എന്ന ഗ്രന്ഥത്തില്‍ പ്രൊഫ. ജെ. ഗ്രിത്ത് ചൂണ്ടിക്കാട്ടുന്ന ഈ കാര്യം വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം വര്‍ഗ്ഗ താല്‍പര്യങ്ങള്‍ നീതിന്യായ വ്യവസ്ഥയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ്.

ഇന്ത്യന്‍ ജുഡീഷ്യറി ഒരേ വിഷയത്തില്‍ പരസ്പര വിരുദ്ധമായി വിധി പ്രസ്താവിച്ച ചിലവയാണ് മുകളില്‍ ചൂണ്ടിക്കാണിച്ചത്. കീഴവെണ്മണി കേസിലേത് പോലെ തികച്ചും ജനവിരുദ്ധമായ വിധികളുടെ മറ്റൊരു ചരിത്രവും കൂടിയുണ്ട്. അതേസമയം ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്ന അനേകം വിധികളും ഉണ്ടായിട്ടുമുണ്ട്. അമേരിക്കന്‍ നിയമഞ്ജന്‍ ഫെലിക്‌സ് ഫ്രാങ്ക്ഫര്‍ട്ടര്‍ നിയമഞ്ജര്‍ എങ്ങനെയുള്ളവര്‍ ആയിരിക്കണമെന്ന് പറഞ്ഞത് ഇങ്ങനെയാണ്: 'ചരിത്രകാരനും ദാര്‍ശനികനും പ്രവാചകനും ആവശ്യമായ കഴിവുകള്‍ ഒരു ന്യായാധിപന് ഉണ്ടായിരിക്കണം. അദ്ദേഹത്തിന് വേണ്ട ഏറ്റവും കുറഞ്ഞ കഴിവ്, തന്റെ പ്രവര്‍ത്തിയുടെ ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് മുന്‍കൂട്ടി കാണാനുള്ള കഴിവാണ്. ഭാവനാസമ്പന്നര്‍ ആയവര്‍ക്ക് മാത്രമേ വരാനിരിക്കുന്ന കാലത്തിന്റെ ഗര്‍ഭാശയത്തില്‍ ഇരിക്കുന്ന ആശയവും മുഖലക്ഷണവും ഭാവിയുടെ മറ പൊളിച്ച് കണ്ടെത്താനാവൂ. അതിന് ന്യായാധിപന്മാര്‍ക്ക് അവര്‍ക്ക് ലഭിച്ച വിദ്യാഭ്യാസവും ദുര്‍ലഭമായി മാത്രം കണ്ടുവരുന്ന കവിഭാവനയും ആവശ്യമാണ്. അതുള്ള ന്യായാധിപന്മാരില്‍ സൃഷ്ട്ട്യോന്മുഖമായ ഒരു കലാകാരനുണ്ടായിരിക്കും. തെളിവുകള്‍ക്കും യുക്തികള്‍ക്കുമപ്പുറം സംവേദനക്ഷമത പുലര്‍ത്താനുള്ള ആന്റിനയും അവര്‍ക്കുണ്ടായിരിക്കും.' നമ്മുടെ പല നിയമജ്ഞന്മാര്‍ക്കും ഇല്ലാത്തതും അപൂര്‍വം ചിലര്‍ക്കുള്ളതും ഇതാണ്.


Next Story

RELATED STORIES

Share it