Emedia

ശ്രീരാമനും സീതയും വനവാസകാലത്തു കഞ്ഞി വച്ച പാറക്കല്ലുകൾ ഇനി പാലക്കാട് കണ്ടെത്താം

ശ്രീരാമൻ ഭക്തമനസുകളുടെ ഇഷ്ടതോഴനെങ്കിൽ ജയ് ശ്രീറാം ദലിതുകളെയും, മുസ്ലിംകളെയും ലാക്കാക്കി സൃഷ്ടിക്കപ്പെട്ടതാണ്.

ശ്രീരാമനും സീതയും വനവാസകാലത്തു കഞ്ഞി വച്ച പാറക്കല്ലുകൾ ഇനി പാലക്കാട് കണ്ടെത്താം
X

പാലക്കാട് നഗരസഭ ഓഫിസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' ബാനര്‍ ഉയര്‍ത്തി വിജയാഹ്ലാദം നടത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ദലിത് ആക്ടിവിസ്റ്റ് മൃദുലദേവി എസ്. പാലക്കാടിന്റെ മണ്ണിൽ, പൊതുമുതലിന്മേലാണ് ജയ് ശ്രീറാം ഉയർന്നത്. കേരളത്തിൽ ഏറ്റവുമധികം പട്ടികജാതിക്കാർ താമസിക്കുന്ന സ്ഥലം. ഇനി അവിടുത്തെ എല്ലാ കല്ലുകൾക്കും അവർ പേരുണ്ടാക്കും അവിടെ ശ്രീരാമനും സീതയും വനവാസകാലത്തു കഞ്ഞി വച്ച പാറക്കല്ലുകൾ കണ്ടെത്താമെന്നും അവർ പറയുന്നു.

ജനാധിപത്യം ആയാലും, മതാധിപത്യം ആയാളും ഇണങ്ങുന്ന പ്രകൃതത്തിൽ രാമനെ മേക് ഓവർ ചെയ്തെടുക്കാവുന്നതാണ്. . ഇന്ത്യയുടെ നാഡീ ഞരമ്പുകളിൽ ആഴത്തിൽ വേരോടിയ ഈ പദത്തെ സാംസ്കാരികമായി ഉപയോഗിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ സിനിമകൾ, സീരിയലുകൾ, പരസ്യങ്ങൾ ഒക്കെയുണ്ടായി. രാമായണം ലോക ക്ലാസിക് എന്ന് ഹിന്ദു ചരിത്രകാരന്മാർ പറഞ്ഞു, കരിക്കുലം അതേറ്റ് പാടി. ക്‌ളാസിക് ആകുവാനുള്ള കാലപ്പഴക്കം ഉണ്ടോ എന്നുപോലും ആരും തിരക്കിയതുമില്ല.ഇന്ത്യയുടെ മനസ്സിൽ യുവരാജാവായും, ധർമ്മിഷ്ഠനായും, മര്യാദരാമനായും, ഇന്നിപ്പോൾ ജയ് ശ്രീറാമായും മാറുന്ന ടെക്‌നോളജിക്കനുസരിച്ചു രാമനെ മാറ്റിക്കൊണ്ടിരിക്കുന്നു. രാമന്റെ ബേസിക് പ്രകൃതം നിലനിർത്തിക്കൊണ്ട് ചേരുവയ്ക്കനുയോജ്യമായ തരത്തിൽ രാമനെ പ്ലേസ് ചെയ്യുന്നത് ഭാഷയ്ക്കകത്തുനിന്നുള്ള മെക്കാനിസം ആണ്. ശ്രീരാമൻ ഭക്തമനസുകളുടെ ഇഷ്ടതോഴനെങ്കിൽ ജയ് ശ്രീറാം ദലിതുകളെയും, മുസ്ലിംകളെയും ലാക്കാക്കി സൃഷ്ടിക്കപ്പെട്ടതാണ്. അതിന് പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയാണ്‌ പൊതുമുതലിൽന്മേൽ അതു ചാർത്താൻ കിട്ടുന്ന ധൈര്യം.

രാമനെ ഞങ്ങൾക്ക് വേണ്ട എന്ന് പറയുന്ന ദളിത് അല്ല ഞാൻ. ഏതുനേരവും നമ്മെ ആക്രമിക്കുവാൻ ചുട്ടുകൊല്ലുവാൻ, റേപ്പ് ചെയ്യുവാൻ ഇതേ സാംസ്‌കാരിക നാമം നമുക്കെതിരെ ഉപയോഗിക്കപ്പെടാം.ഇനിയും ഇഷ്ടസേതു തീർക്കുവാൻ കുരങ്ങന്മാരെക്കൊണ്ട് കല്ല് ചുമപ്പിക്കുന്ന കർസേവകരാക്കാം. ലങ്കകൾ ചുട്ടുകരിക്കുവാനും, ദൂത് പോകുവാനും, ഒന്നിനും വേണ്ടിയല്ലാതെ പടവെട്ടി മരിക്കുവാനും വിനീത ദാസന്മാരെ ആവശ്യമുണ്ട്. എല്ലാ പടയോട്ടത്തിനുമൊടുവിൽ നെഞ്ചു കീറിപ്പിള ർക്കുന്ന ഭക്ത ഹനുമാന്മാരായും അവർക്ക് ദലിതുകളെ ആവശ്യമുണ്ട്.ആ 'രാമനെ നമ്മൾ കണ്ടില്ലെന്നു നടിക്കരുത് ' വേണ്ടെന്നുവയ്ക്കരുത്. അതിനെതിരെ ശക്തമായ മുന്നൊരുക്കങ്ങളുമായുണ്ടാവുക തന്നെ വേണം.

പാലക്കാടിന്റെ മണ്ണിൽ, പൊതുമുതലിന്മേലാണ് ജയ് ശ്രീറാം ഉയർന്നത്. കേരളത്തിൽ ഏറ്റവുമധികം പട്ടികജാതിക്കാർ താമസിക്കുന്ന സ്ഥലം. ഇനി അവിടുത്തെ എല്ലാ കല്ലുകൾക്കും അവർ പേരുണ്ടാക്കും അവിടെ ശ്രീരാമനും സീതയും വനവാസകാലത്തു കഞ്ഞി വച്ച പാറക്കല്ലുകൾ കണ്ടെത്താം. അക്കാലത്തു അവർ ചെറുമനും, ചെറുമിയുമായിരുന്നു എന്നും ചരിത്രമുണ്ടാക്കാം. അങ്ങനെ അവർ ദലിതുകളെ സംഘ് പാളയത്തിൽ എത്തിക്കും. ഏറ്റവും ശക്തമായി ദലിത് പൊളിറ്റിക്സ് ആ നാട്ടിൽ ഇനിയും ഉയരേണ്ടതുണ്ട്. ജയ് ശ്രീറാം വിളികൾക്കുള്ള മറുപടി സാമൂഹിക ജനാധിപത്യത്തിലധിഷ്ഠിതമായി അംബേദ്കറൈറ്റ്‌ ആശയങ്ങൾ വ്യാപിപ്പിക്കുക എന്നതാണ്. പാലക്കാടിന്റെ ദളിത് ആക്റ്റിവിസ്റ്റുകൾ, എഴുത്തുകാർ, ചിന്തകർ , സംഘടനാ ബോധ്യങ്ങൾ എന്നിവർ ജനമനസുകളിൽ സംഘ പരിവാർ ആശയങ്ങൾ എത്താതിരിക്കുവാനുള്ള ആശയങ്ങളുമായി പ്രവർത്തന നിരതരാകേണ്ടതുണ്ട്. നാമവർക്കൊപ്പമുണ്ടാവുകയും വേണം.

ജയ് ഭീം അല്ലാതെ മറ്റൊന്നും നമ്മൾ വിളിക്കില്ല.

Next Story

RELATED STORIES

Share it