Emedia

സംഘികൾക്ക് മാത്രമല്ല കേരള പോലിസിനും മലബാർ കലാപം മതകലാപമാണ്

മലബാർ കലാപം കാർഷിക കലാപമായിരുന്നുവെന്നു വിലയിരുത്തിയിട്ടുള്ള സിപിഎമ്മിന്റെ പോളിറ്റ് ബ്യുറോ അംഗം ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോൾ പോലിസ് സേന ഇത്തരം ഒരു സമീപനം കൈക്കൊള്ളുന്നതിനോട് എന്തു നിലപാടാണ് സ്വീകരിക്കുക?

സംഘികൾക്ക് മാത്രമല്ല കേരള പോലിസിനും മലബാർ കലാപം മതകലാപമാണ്
X

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയൻകുന്നൻ സിനിമയുടെ പ്രഖ്യാപനത്തോടെ 1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് സമൂഹത്തിൽ നടക്കുന്നത്. മലബാർ കലാപത്തെ മതകലാപമായി കണ്ടിരുന്നത് സംഘികൾ മാത്രമല്ല, കേരളാ പോലിസും ഇതേ ബോധമാണ് വച്ച് പുലർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ തുഷാർ നിർമൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സമർഥിക്കുന്നു.

തുഷാർ നിർമലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വാരിയൻകുന്നൻ സിനിമ നിർമാണം പ്രഖ്യാപിച്ചതോടെ മലബാർ കലാപം വീണ്ടും ചർച്ചയായിരിക്കുകയാണല്ലോ. മലബാർ കലാപത്തിന്റെ സാമ്രാജ്യത്വ വിരുദ്ധവും നാടുവാഴിത്ത വിരുദ്ധവുമായ ഉള്ളടക്കത്തിന്റെ സ്മരണയിൽ വിറളി പൂണ്ട സാമ്രാജ്യത്വ ദാസന്മാരായ സംഘികൾ ഹിന്ദു വിരുദ്ധ കലാപമെന്ന മുറവിളികളുമായി വീണ്ടും രംഗത്തു വന്നിട്ടുണ്ട്.

പക്ഷെ നമ്മുടെ സമൂഹത്തിൽ മലബാർ കലാപം മതകലാപമായിരുന്നു എന്നു കരുതുന്നവർ സംഘികൾ മാത്രമല്ല. കലാപത്തെ അടിച്ചമർത്താൻ കൊളോണിയൽ ഭരണകൂടം ഉപയോഗിച്ച സായുധ വിഭാഗമാണ് മലബാർ സ്‌പെഷ്യൽ പോലിസ്. സ്വാതന്ത്ര്യത്തിനു ശേഷം ഈ സേന കേരള പോലിസിന്റെ ഭാഗമായി മാറി. ഇപ്പോഴും ഈ സേനയും കേരളാ പോലിസും സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ദേശാഭിമാനികളെ അടിച്ചമർത്തിയ തങ്ങളുടെ കൊളോണിയൽ ദാസ്യ ചരിത്രത്തിൽ ഊറ്റം കൊള്ളുന്നുണ്ടോ?


സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ജനങ്ങൾ പരമാധികാരികളാണെന്നു പറയുന്ന ഈ വ്യവസ്ഥയിൽ ഈ സേന തങ്ങളുടെ കൊളോണിയൽ സേവന പാരമ്പര്യത്തിൽ അഭിമാനിക്കുന്നത് ശരിയാണോ? കേരളാ പോലിസിന്റെ വെബ്‌സൈറ്റിൽ മലബാർ സ്‌പെഷ്യൽ പോലിസിന്റെ ചരിത്ര വിവരണത്തിന്റെ ഭാഗങ്ങൾ ആണ് താഴെയുള്ള സ്‌ക്രീൻ ഷോട്ടുകൾ. സേന ചെമ്പറശ്ശേരിയിൽ തമ്പടിച്ച മാപ്പിള 'fanatics' നെ (ഈ പ്രയോഗം തന്നെ പ്രശ്നവൽക്കരിക്കേണ്ടതുണ്ട്) അടിച്ചമർത്തി എന്നും സേന ഉപയോഗച്ചിരുന്ന മാർട്ടിൻ-ഹെൻറി സിംഗിൾ ഷോട്ട് റൈഫിൾ കലാപകാരികളുടെ ഗറില്ലാ തന്ത്രങ്ങൾക്ക് മുന്നിൽ അപര്യാപ്തമായിരുന്നെന്നും എന്നിട്ടും സേനാംഗങ്ങൾ സേനക്ക് പെരുമ നേടികൊടുത്തെന്നും അതിൽ പറയുന്നു. വീണ്ടും മറ്റൊരിടത്ത് കലാപകാരികളുടെ വ്യത്യസ്തമായ സമര തന്ത്രങ്ങളെ വിജയകരമായി നേരിടുകയും അവരെ അടിച്ചമർത്തുകയും ചെയ്തതായും പറയുന്നുണ്ട്.

തങ്ങളുടെ കൊളോണിയൽ പാരമ്പര്യത്തെ ഇപ്രകാരം യാതൊരു വിമർശനവും കൂടാതെ പ്രദർശിപ്പിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നത് ശരിയാണോ? കൊളോണിയൽ ഭരണാധികാരികൾക്ക് വേണ്ടി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയവരെ അടിച്ചമർത്തിയ, കൊന്നുതള്ളിയ ചരിത്രത്തിൽ അഭിമാനം കൊള്ളുന്ന ഒരു സേന കൊളോണിയൽ അനന്തര ഭരണകൂടത്തിന്റെ ഘടനയെ കുറിച്ചും ആന്തരിക യുക്തിയെ കുറിച്ചും പ്രവർത്തനത്തെ കുറിച്ചും മറ്റും നൽകുന്ന സൂചനകൾ എന്താണ്?

മലബാർ കലാപം കാർഷിക കലാപമായിരുന്നുവെന്നു വിലയിരുത്തിയിട്ടുള്ള സിപിഎമ്മിന്റെ പോളിറ്റ് ബ്യുറോ അംഗം ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോൾ പോലിസ് സേന ഇത്തരം ഒരു സമീപനം കൈക്കൊള്ളുന്നതിനോട് എന്തു നിലപാടാണ് സ്വീകരിക്കുക?

കേരളാ പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മലബാർ സ്‌പെഷ്യൽ പോലീസിന്റെ ചരിത്ര വിവരണ പേജിലേക്കുള്ള ലിങ്ക്

Next Story

RELATED STORIES

Share it