Emedia

ഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കുന്നു എന്ന് പറയുന്ന പിന്നാക്ക ജാതികള്‍ മറന്നുപോകുന്ന കാര്യം

സൂക്ഷിച്ച് നോക്കിയാല്‍ കേരളത്തില്‍ ജാതി ഇന്നും അതിന്റെ എല്ലാ ഭീകരതകളോടെയും നിലനില്‍ക്കുന്നതായി കാണാന്‍ കഴിയും എന്നിരിക്കെ ഇന്ത്യയില്‍ ഹിന്ദുമതം സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗ്ഗമാണ് എന്നൊക്കെ പറയുന്നവര്‍ ഒന്നുകില്‍ വിഡ്ഢികളോ അല്ലെങ്കില്‍ ജാതിയുടെ സുഖം അനുഭവിക്കുന്നവരോ ആകും. അല്ലാത്ത ഒരാള്‍ക്കും അങ്ങനെ പറയാന്‍ കഴിയില്ല.

ഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കുന്നു എന്ന് പറയുന്ന പിന്നാക്ക ജാതികള്‍ മറന്നുപോകുന്ന കാര്യം
X

കഴിഞ്ഞ കുറച്ചുകാലമായി ഇസ്‌ലാം മതം വിട്ടവരുടെ സംഘടനയും പ്രവര്‍ത്തകരും പറഞ്ഞുവരുന്ന കാര്യമാണ് ഹിന്ദു മതം എന്നത് ലിബറല്‍ കൂടാരമാണെന്ന്. ഇത് ഹിന്ദുത്വര്‍ വ്യാപകമായി ഉപയോഗിക്കാറുമുണ്ട്. ഈ വിഷയത്തില്‍ ജാതിയെ മുന്‍നിര്‍ത്തി ഹിന്ദു മതം ജാതിയും അയിത്തവും കൊണ്ട് അതിനകത്തുള്ളവരെ അസ്വാതന്ത്ര്യരാക്കുന്നുവെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുയാണ് സാമ്പത്തിക ശാസ്ത്ര അധ്യാപകനും അംബേദ്കറൈറ്റുമായ എസ് മനുരാജ്

സൗഹൃദ സദസുകളില്‍ മതം ഒരു സംവാദ വിഷയമായി വന്നപ്പോഴെല്ലാം ഹിന്ദു സുഹൃത്തുക്കള്‍ പങ്കുവെച്ച ഒരു വാദമാണ് ക്രിസ്ത്യന്‍ ഇസ്‌ലാം മതങ്ങളെ അപേക്ഷിച്ച് ഹിന്ദു മതം കൂടുതല്‍ ലിബറല്‍ ആയ ഒന്നാണെന്ന്. പ്രത്യക്ഷത്തില്‍ അത് ശരിയാണ് എന്ന് തോന്നും. അമ്പലത്തില്‍ പോകേണ്ട, പൂജാരിയെ പൂജിക്കേണ്ട, വ്രതം നോക്കേണ്ട, വേണമെങ്കില്‍ പൂജാരിയെ തെറി വരെ പറയാം. ഇതൊക്കെയാണ് ലിബറല്‍ ഹിന്ദുവിന്റെ സ്വാതന്ത്ര്യ പട്ടികയില്‍ ഉള്ള കാര്യങ്ങള്‍.

ഒരു മതം എന്ന നിലയില്‍ ഹിന്ദുമതം ഇപ്പോഴും അതിന്റെ ശൈശവ ദശയില്‍ ആണ്. അതിപ്പോഴും ഒരു സംഘടിത മതത്തിന്റെ ഘടനയിലേക്ക് പ്രായോഗികമായി എത്തിയിട്ടില്ല. ഏതാണ്ട് ക്രിസ്ത്യന്‍ ഇസ്‌ലാം അല്ലാത്തതൊക്കെ ഹിന്ദു എന്ന മട്ടിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ കിടക്കുന്നത്. നവഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവെച്ച സോഷ്യല്‍ എഞ്ചിനീയറിങ് മുദ്രാവാക്യമായ ''നമ്പൂതിരി മുതല്‍ നായാടി വരെ '' എന്നതില്‍ തന്നെ ഹിന്ദു എന്നൊരു മതമില്ല മറിച്ച് അത് ജാതികളുടെ ഒരു കൂടാരം മാത്രമാണ് എന്ന് കാണാം. വിശ്വാസ, ആചാര, സംസ്‌കാര വൈവിധ്യങ്ങളുടെ ഒരു മ്യൂസിയമാണ് ഇന്ത്യന്‍ സംസ്‌കാരം. അതില്‍ നിന്നും ഇസ്‌ലാം ക്രിസ്ത്യന്‍ വിഭാഗങ്ങളെ മാറ്റി നിര്‍ത്തി ബാക്കിയെല്ലാം നമ്മള്‍ ഹിന്ദുവായി വ്യവഹരിക്കുന്നു.

ഹിന്ദുക്കളില്‍ ഒരു ചെറിയ വിഭാഗം മാത്രമാണ് ജാതിയും അയിത്തവും ഒക്കെ കങ്കാരുവിന്റെ സഞ്ചി പോലെ കൊണ്ടുനടക്കുന്നത്. അതുകൊണ്ട് തന്നെ ഹിന്ദുമതം എന്നത് ഘടനാപരമായി ഏകരൂപം ഉള്ള ഒന്നല്ല. ഈ ഘടനാപരമായ ഏകരൂപമില്ലായ്മയില്‍ നിന്നാണ് ''ഹിന്ദുക്കള്‍ക്ക് '' അവര്‍ അഭിമാനം കൊള്ളുന്ന സ്വാതന്ത്ര്യം ലഭിക്കുന്നത്. ഘടനാപരമായ ഏകരൂപമില്ലാത്ത ഹിന്ദുമതത്തെ ബ്രാഹ്മണ മേധാവിത്വമുള്ള കഌസ്സിക്ക് ജാതി ഘടനയിലേക്കും അതിന്റെ പ്രയോഗിക വ്യവഹാര രൂപങ്ങളിലേക്കും പരിവര്‍ത്തിക്കാനുള്ള ശ്രമമാണ് ഹിന്ദുത്വ സംഘടനകള്‍ ചെയ്യുന്നത്.

അതായത് ഒരു വശത്ത് മറ്റു മതങ്ങളെ അപേക്ഷിച്ച് തങ്ങള്‍ കൂടുതല്‍ സ്വതന്ത്രര്‍ ആണെന്ന ദിവാസ്വപ്നത്തില്‍ ജീവിക്കുമ്പോള്‍ അവരുടെ സ്വാതന്ത്ര്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കപ്പെടുകയാണ് എന്ന യാഥാര്‍ഥ്യം അവരില്‍ പലരും തിരിച്ചറിയുന്നില്ല. ഹിന്ദു മതത്തിനകത്തെ സ്വാതന്ത്ര്യം എന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ പിന്നാക്ക ജാതികള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സംരക്ഷണവും അവകാശങ്ങളും ആണെന്ന യാഥാര്‍ഥ്യം നമ്മള്‍ തിരിച്ചറിയാതെ പോകുന്നോ എന്നൊരു സംശയം എനിക്കുണ്ട്.

ഭരണഘടനയുടെ കീഴില്‍ നിന്നുകൊണ്ട് തന്നെ ഇന്ന മാംസം കഴിക്കരുത്, ഇന്നയാളെ കല്യാണം കഴിക്കരുത്, ഇന്നയാളുടെ കടയില്‍ പോയി സാധനം മേടിക്കരുത്, ഇന്ന വസ്ത്രം ധരിക്കരുത്, ഇന്ന മതത്തില്‍ ചേരരുത് എന്നൊക്കെ പറയുന്നത് നിങ്ങളുടെ മത സ്വാതന്ത്ര്യമല്ല മറിച്ച് നിങ്ങളുടെ മേല്‍ വരിയുന്ന അസ്വാതന്ത്ര്യങ്ങളുടെ ചങ്ങലകള്‍ ആണ്. ഹിന്ദു എന്നൊരു മതമില്ല. എന്നാല്‍ അങ്ങനെ ഒരു മതം രൂപപ്പെടുത്തി എടുക്കുന്നതില്‍ വിജയിക്കുന്ന ആ നിമിഷം അതും മറ്റു മതങ്ങളും തമ്മിലുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലുള്ള അന്തരം ഇല്ലാതായിപോകും.

സൂക്ഷിച്ച് നോക്കിയാല്‍ കേരളത്തില്‍ ജാതി ഇന്നും അതിന്റെ എല്ലാ ഭീകരതകളോടെയും നിലനില്‍ക്കുന്നതായി കാണാന്‍ കഴിയും എന്നിരിക്കെ ഇന്ത്യയില്‍ ഹിന്ദുമതം സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗ്ഗമാണ് എന്നൊക്കെ പറയുന്നവര്‍ ഒന്നുകില്‍ വിഡ്ഢികളോ അല്ലെങ്കില്‍ ജാതിയുടെ സുഖം അനുഭവിക്കുന്നവരോ ആകും. അല്ലാത്ത ഒരാള്‍ക്കും അങ്ങനെ പറയാന്‍ കഴിയില്ല.

Next Story

RELATED STORIES

Share it