Emedia

ജനാധിപത്യ കേരളം ഉറങ്ങുകയാണോ, അതോ ഉറക്കം നടിക്കുകയാണോ?

ജനാധിപത്യവാദികള്‍ മാത്രമല്ല, ഹിറ്റ്‌ലറെ മതപരമായ കാരണങ്ങളാല്‍ ഫ്യൂറര്‍ എന്നു വിളിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ വിഭാഗങ്ങളും ക്രൂരമായി വേട്ടയാടപ്പെട്ടു.

ജനാധിപത്യ കേരളം ഉറങ്ങുകയാണോ, അതോ ഉറക്കം നടിക്കുകയാണോ?
X

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സാമുദായിക ധ്രുവീകരണത്തിനും അതുവഴി മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തെ കരുവാക്കിയാണ് സംഘപരിവാറിന്റെ ഈ നീക്കം. ഇതിനെ കേരളീയ സമൂഹം ഒന്നടങ്കം എതിര്‍ക്കേണ്ട ആവശ്യകതയെക്കുറിച്ച് പൊതുപ്രവര്‍ത്തകന്‍ പിജെ ബേബി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഒരു ബഹുമത സമൂഹത്തില്‍ മതേതരത്വം നിലനില്‍കാതെ ജനാധിപത്യം നിലനില്ക്കുമോ?. ഒരിക്കലുമില്ല. പക്ഷേ, ജനാധിപത്യ കേരളം ഉറങ്ങുകയാണോ? അതോ ഉറക്കം നടിക്കുകയാണോ? ഈ ചോദ്യമുന്നയിക്കുന്നത് ജനാധിപത്യത്തെ, ജനാധിപത്യപരമായ സാമൂഹ്യാന്തരീക്ഷത്തെ ജീവവായു പോലെ കരുതുന്ന കേരളത്തിലെ വലിയൊരു ഭാഗം നല്ല മനുഷ്യരോടാണ്. അവരുടെ മുന്നില്‍ മുട്ടുകുത്തി ഇരുകൈകളുമുയര്‍ത്തി ഞാനിത് ചോദിക്കുന്നു.

ഇതു ചോദിക്കാന്‍ കാരണം ക്രിസ്തീയ സമുദായത്തില്‍ ഇന്ന് ഭ്രാന്തമായ രീതിയില്‍ മുസ്‌ലിം വിരോധം വളര്‍ത്തി അവരില്‍ നല്ലൊരു ഭാഗത്തെ ബിജെപിയിലേക്ക് ആട്ടിത്തെളിക്കാന്‍ നടക്കുന്ന ശ്രമങ്ങളോട് കേരളീയ ജനാധിപത്യ പക്ഷം കാണിക്കുന്ന അങ്ങേയറ്റം ഉദാസീനമായ നിലപാടാണ്. ലൗ ജിഹാദും,ഹാഗിയ സോഫിയയും കഴിഞ്ഞ് ഇപ്പോള്‍ നടക്കുന്ന തികഞ്ഞ അസംബന്ധം മാത്രമായ 'ഹലാല്‍ ഹറാം' വിഷയം വരെ മതനേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ രഹസ്യ പ്രോത്സാഹനത്തോടെ ധ്യാനഗുരുക്കന്മാരും, ബിജെപി കൈകാര്യം ചെയ്യുന്ന കള്ള 'ക്രിസ്ത്യന്‍ ' വാട്‌സാപ്പ് ഫേസ് ബുക്ക് ഹാന്‍ഡിലുകളും മതവെറി വളര്‍ത്താനുപയോഗിക്കുന്നു.. അവര്‍ക്കെതിരേ ഒരു കാര്യമായ ആശയപരമായ പ്രതിരോധവുമുയരുന്നില്ല.

മത തലത്തില്‍ എന്ന മട്ടില്‍ ഇതങ്ങനെ നടക്കുമ്പോള്‍, മറുവശത്ത് ലീഗ് യുഡിഎഫിനെ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു, അവര്‍ മതമൗലികവാദം വളര്‍ത്തുന്നു, കോണ്‍ഗ്രസ് അവര്‍ക്കു കീഴടങ്ങിയിരിക്കുന്നു എന്ന പച്ച നുണ സിപിഎമ്മും ബിജെപിയും ഇരുവശത്തു നിന്നും ശക്തമായി ഉന്നയിക്കുന്നു. ആ വിഷലിപ്തമായ പ്രചരണത്തിനെതിരേ എല്‍ഡിഎഫുമായി ചേര്‍ന്നു നില്‍ക്കുന്ന ഇതര ജനാധിപത്യ പാര്‍ട്ടികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന സിപിഐ മുതല്‍ ഐഎന്‍എല്ലും ഉം സിപിഐ(എംഎല്‍) റെഡ് ഫ്‌ളാഗും വരെ ഒരക്ഷരം പരസ്യമായി പറയാന്‍ തയാറല്ല. അവരെല്ലാം കീഴടങ്ങുന്നു...

നെടുങ്കുന്നം സ്‌കൂള്‍ ഹെഡ്മിസ്ട്രസിന് 'ചവിട്ടേല്‍ക്കുന്നവന്റെ സുവിശേഷമാണ് ഓണം, ഗാന്ധിജി മുതല്‍ നെല്‍സന്‍ മണ്ടേല വരെയുള്ളവരുടെ പാത നാം പിന്തുടരണം' എന്ന ഓണസന്ദേശം നല്‍കിയതിന്, ഹിന്ദു മതഭ്രാന്തരുടെ ആവശ്യപ്രകാരം, കേരളത്തിലെ പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ചു മാപ്പു പറയിക്കുകയും, അത് വീണ്ടും ഉച്ചത്തില്‍ പറയിച്ച് റെക്കോര്‍ഡ് ചെയ്ത് അതേ മതഭ്രാന്ത സംഘത്തിന് കൈമാറുകയും ചെയ്ത പിണറായി വിജയന്‍ നയിക്കുന്ന കേരള പോലിസിന്റെ നടപടി അറിഞ്ഞില്ല എന്നു നടിക്കുന്നു ക്രിസ്ത്യന്‍ മതനേതൃത്വം. അവരാണ് ഹലാല്‍ മാംസം കഴിച്ചാല്‍ മതം പോകും എന്ന പ്രചരണത്തിന് പ്രോത്സാഹനം നല്‍കുന്നത്.

1970 കളില്‍ കടുത്ത വിശ്വാസിയായിരിക്കെ, ഞാന്‍ കര്‍ണാടകയിലെ (ബാംഗ്‌ളൂരിലോ, മൈസൂരിലോ മറ്റോ) ഒരു കത്താലിക്കാ ദേവാലയം സന്ദര്‍ശിച്ചിരുന്നു. അവിടെയുള്ള അച്ചന്‍ (വൈദികന്‍) പറഞ്ഞത് ഒരു വിധ മൂര്‍ത്തികളെയും (രൂപങ്ങളെയും ) ഇവിടെ വച്ചിട്ടില്ല, വെളിച്ചത്തിന്റെ പ്രതീകമായി ഒരു നിലവിളക്ക് മാത്രം കത്തിച്ചു വച്ചിരിക്കുന്നു, ഏതു മതക്കാര്‍ക്കും ഇവിടെ വന്ന് അവരവരുടെ ഈശ്വരനെ ഒരേ സമയം അനുസ്മരിച്ച് നിശബ്ദമായി പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കാനാണത് എന്നാണ്.

അങ്ങനെ സര്‍വമത സാഹോദര്യത്തിന്റെയും, 'ഏതു മതമായാലും ഒരേ ഒരു ഈശ്വരന്‍' എന്നതിന്റെയും വഴിയെ പോയ ഇന്ത്യന്‍ കത്തോലിക്കാ മതം ഇന്ന് 'ഞങ്ങളുടെ ദൈവ'ത്തിന്റെയും അവന് പിടിക്കാത്ത ഹലാല്‍ പരിപാടിക്കുമെതിരേ നീങ്ങുന്നത് കൃത്യമായ രാഷ്ട്രീയ അജണ്ടയാണ്. സംഘ പരിവാര്‍ അജണ്ട. ജര്‍മനിയും ഫ്യൂറര്‍ ഹിറ്റ്‌ലറുമായി കത്തോലിക്കാ സഭ ഒപ്പുവച്ച നീചമായ കോണ്‍കോര്‍ ദാത്ത് ഉടമ്പടി ലക്ഷക്കണക്കിന് കത്തോലിക്കരടക്കം ലോകത്ത് കോടിക്കണക്കിന് മനുഷ്യ ജീവന്‍ നശിക്കുന്നതിനിടയാക്കി. ഭൂമിയെ അത് നരകമാക്കി.

ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ക്കെതിരേ സോഷ്യല്‍ ഡമോക്രാറ്റുകളുമായി താത്വിക കാരണങ്ങളുടെ പേരില്‍ ഐക്യമുണ്ടാക്കാന്‍ വിസമ്മതിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി നിലപാട് ഏതാണ്ട് മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, പാര്‍ട്ടിയംഗങ്ങളുടെയും കൊലയില്‍ മാത്രമല്ല കലാശിച്ചത്... ജനാധിപത്യവാദികള്‍ മാത്രമല്ല, ഹിറ്റ്‌ലറെ മതപരമായ കാരണങ്ങളാല്‍ ഫ്യൂറര്‍ എന്നു വിളിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ വിഭാഗങ്ങളും ക്രൂരമായി വേട്ടയാടപ്പെട്ടു. അത്തരമൊരു ചരിത്രാനുഭവത്തെപ്പറ്റി വളരെയേറെ ചര്‍ച്ച ചെയ്യാറുള്ള മലയാളി സമൂഹം ജര്‍മന്‍ ക്രിസ്ത്യാനികളുടെ രൂഢമൂലമായ ജൂത വിരോധമാണ് ആ അവസ്ഥക്കടിസ്ഥാനമാക്കപ്പെട്ടത് എന്നറിയാവുന്നവരാണ്. പക്ഷേ, കേരളത്തില്‍ 1500 കൊല്ലം ഏകോദര സഹോദരങ്ങളെപ്പോലെ ജീവിച്ച ചരിത്രമാണ്ക്രിസ്ത്യന്‍-ഹിന്ദു-മുസ്‌ലിം സഹോദരങ്ങള്‍ക്കുള്ളത്.

അതായത് ഇല്ലാത്ത മുസ്‌ലിം വിരോധം കപട പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വളര്‍ത്തുന്നവര്‍ ഹിന്ദു രാഷ്ട്രത്തിന്റെ ശിലയിടുകയാണ് ചെയ്യുന്നത്. ഗ്യാസ് ചേംബറുകളിലേക്ക് ക്രിസ്ത്യന്‍-മുസ്‌ലിം ജനവിഭാഗങ്ങളെ ആട്ടിത്തെളിക്കുകയാണ് അവര്‍. ജര്‍മന്‍ സാഹചര്യത്തില്‍ നടപ്പാക്കപ്പെട്ട നാസി തന്ത്രം, കാര്യമായ ഒളിവും മറയുമില്ലാതെ കേരളത്തിന്റെ ജനാധിപത്യ ശരീരത്തില്‍ പ്രയോഗിക്കപ്പെടുമ്പോള്‍, ജനാധിപത്യവാദികള്‍ ഉറങ്ങുകയാണോ?. ഉണര്‍ന്ന്, 'നിര്‍ത്ത്' എന്ന് നാമൊറ്റക്കെട്ടായി പറയേണ്ട സമയമല്ലേ, ഇത്?

ഒരു ബഹുമത സമൂഹത്തിൽ മതേതരത്വം നിലനില്കാതെ

ജനാധിപത്യം നിലനില്ക്കുമേ? ഒരിക്കലുമില്ല.

പക്ഷേ ,ജനാധിപത്യ കേരളം ഉറങ്ങുകയാണോ?...

Posted by Pjbaby Puthanpurakkal on Tuesday, 12 January 2021

Next Story

RELATED STORIES

Share it