Emedia

വേദനയോടെ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ പ്രതിഷേധ കുറിപ്പ്

പ്രായോഗിക രാഷ്ട്രീയം മാത്രം പഠിച്ചതുകൊണ്ടാണ്. നിലപാടുകള്‍ മറന്നു പോയതുകൊണ്ടാണു. അഭിപ്രായങ്ങള്‍ ഇല്ലാത്തവരുടെ ആള്‍ക്കൂട്ടം ആയതുകൊണ്ടാണ്. കര്‍ണാടകയിലും ഗോവയിലും നമ്മുടെ നേതാക്കള്‍ ആര്‍ക്കും വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നവരായത്. ചില വിയൊജിപ്പുകളെങ്കിലും ഉറക്കെ പറയണം.

വേദനയോടെ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ പ്രതിഷേധ കുറിപ്പ്
X

അനൂപ് മോഹന്റെ ഫേസ്ബുക്ക് കുറിപ്പ്

വേദനയോടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എഴുതുന്ന പ്രതിഷേധ കുറിപ്പാണിത്.

ഭീകരവാദിയായി സംശയിക്കുന്ന ഏതൊരാളെയും വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടവിലാക്കാനും അവകാശം നല്‍കുന്ന നിയമം ആയിരുന്നു 1919ലെ റൗലറ്റ് ആക്റ്റ്. മറ്റ് കരിനിയമങ്ങള്‍ക്കൊപ്പം പൗരസ്വാതന്ത്ര്യത്തെ ഏതളവിലും ചോരയിറ്റും വിധം മുറിച്ചു കളയാനുള്ള സാധ്യത റൗലറ്റ് ആക്ട് ബ്രിട്ടീഷ് സര്‍ക്കാരിനു നല്‍കി. എഴുതുന്നവരെ, വായിക്കുന്നവരെ, സംസാരിക്കുന്നവരെ, പ്രതിഷേധിക്കുന്നവരെ, ഇതൊന്നും ചെയ്യാത്തവരെ സംശയത്തിന്റെ പേരിലും ജയിലിലടക്കാം.

ചോദ്യവും ഉത്തരവുമില്ലാതെ മനുഷ്യരെ കാണാതാവുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് രാജ്യത്ത് ഹര്‍ത്താലും പ്രതിഷേധങ്ങളും ആഹ്വാനം ചെയ്തു. ഏപ്രില്‍ 13ന് ഇരുപതിനായിരത്തിലേറെ ആളുകള്‍ സമാധാനപരമായി യോഗം ചേര്‍ന്നിരുന്ന 'ജാലിയന്‍വാലാബാഗ്' ജനറല്‍ ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സംഘം വളഞ്ഞു. 1,650 റൗണ്ടാണ് പട്ടാളം നിര്‍ത്താതെ വെടിയുതിര്‍ത്തത്. പ്രാണരക്ഷാര്‍ത്ഥം ആളുകള്‍ യോഗസ്ഥലത്തെ കിണറ്റിലേക്ക് എടുത്തുചാടി. അതില്‍ അമ്മമാരും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ആയിരത്തിലേറെ മനുഷ്യര്‍ മരിച്ചു. അതിലേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ ചോരയും മുറിവേറ്റവരുടെ നിലവിളിയും ചരിത്രമാണ്.

94 വര്‍ഷത്തിനു ശേഷം 2013 ല്‍ ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവം ആയിരുന്നു ജാലിയന്‍വാലാബാഗ് എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കുമ്പസരിച്ചു. ഭയാനകമായ കൂട്ടകൊലയുടെ നൂറാം വര്‍ഷം, 2019 ല്‍ അവര്‍ ആഗ്രഹിക്കുന്നതുപോലെ മുസ്ലീം പിന്നോക്ക ദളിത് വിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് വേട്ടയാടാന്‍ എന്‍.ഐ.എ ക്ക് സര്‍വ്വസ്വാതന്ത്യം നല്‍കുന്ന, ഫലത്തില്‍ മറ്റൊരു കരിനിയമം ബി.ജെ.പി ലോക്‌സഭയില്‍ അവതരിപ്പിച്ചു. (NIA Amendment Bill).

ലീഗിന്റെ വിയോജിപ്പും പ്രേമചന്ദ്രന്റെയും ബഷീര്‍ സാഹിബിന്റെയും ഇടപെടലുകളും കണ്ടില്ലെന്ന് പറയുകയല്ല. രാഹുല്‍ ഗാന്ധി ഇരുന്നുറങ്ങുകയായിരുന്നു. സഭയില്‍ വോട്ടിനിട്ട് പരാജയപ്പെട്ടതിലല്ല, രാജ്യം ചര്‍ച്ച ചെയ്യുന്ന വിഷയമാക്കി മാറ്റുന്നതിലാണു സഭയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത്.

പ്രായോഗിക രാഷ്ട്രീയം മാത്രം പഠിച്ചതുകൊണ്ടാണ്. നിലപാടുകള്‍ മറന്നു പോയതുകൊണ്ടാണു. അഭിപ്രായങ്ങള്‍ ഇല്ലാത്തവരുടെ ആള്‍ക്കൂട്ടം ആയതുകൊണ്ടാണ്. കര്‍ണാടകയിലും ഗോവയിലും നമ്മുടെ നേതാക്കള്‍ ആര്‍ക്കും വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നവരായത്. ചില വിയൊജിപ്പുകളെങ്കിലും ഉറക്കെ പറയണം. ചില അഭിപ്രായങ്ങളെങ്കിലും ഉറച്ചു പറയണം.

ഒരു ഗ്രൂപ്പും പിന്തുണച്ചെന്ന് വരില്ല. ഒരു നേതാവും കൈ പിടിച്ചെന്നു വരില്ല. ഒരു ഭാരവാഹി പോലും ആയെന്നു വരില്ല. എങ്കിലും വെറുതെ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുപോകാതെ, ചരിത്രത്തിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ രാഷ്ട്രീയം എന്റെ കാലത്തെ അഭിസംബോധന ചെയ്തിരുന്നുവെന്ന് ഓര്‍ക്കാനാവും.

ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിലപാടുകളും അഭിപ്രായങ്ങളും സ്വതന്ത്രമായി പറഞ്ഞിരുന്നു എന്നത് മാത്രമാണ് നമ്മള്‍ ജീവിച്ചത് ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും ആയിരുന്നു എന്നതിന്റെ ഏക തെളിവ്. അതല്ലെങ്കില്‍ പിന്നെ നമ്മളും.എസ്.എഫ്.ഐ യുടെ പതാകപോലെയാണു. ഒന്നോര്‍ക്കുക, തോറ്റു നില്‍ക്കുമ്പോഴാണ്, തകര്‍ന്ന് നില്‍ക്കുമ്പോഴാണ്, പതറി നില്‍ക്കുമ്പോഴാണ് നമുക്ക് മാറാനാവുക. ഒരു മുന്നേറ്റത്തിനു സ്വയം സജ്ജമാവാന്‍ ആവുക.


Next Story

RELATED STORIES

Share it