Emedia

നിങ്ങളുടെ ഹൃദയത്തിലെ അന്ധകാരത്തിന്റെ ആഴം വെളിപ്പെടുത്തിത്തന്ന രാഷ്ട്രീയ ബിംബമായിരിക്കും താഹ

ഈ ശൂന്യതയുടെ ആഴം എന്തെന്നാൽ കുറ്റകരമായ നിശ്ശബ്ദതയിലൂടെ വലിയൊരു വിഭാഗം ഇടതുപക്ഷ അനുഭാവികൾ ഈ നിർദ്ദയത്വത്തിന് രാഷ്ട്രീയ അംഗീകാരം കൊടുത്തു എന്നതുമാണ്.

നിങ്ങളുടെ ഹൃദയത്തിലെ അന്ധകാരത്തിന്റെ ആഴം വെളിപ്പെടുത്തിത്തന്ന രാഷ്ട്രീയ ബിംബമായിരിക്കും താഹ
X

പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി വ്യാപക വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. യുഎപിഎ എന്ന നിയമത്തിനെതിരേയും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇന്ത്യൻ ജയിലുകളിൽ ലക്ഷക്കണക്കിന് ചെറുപ്പക്കാർ വിചാരണ ചെയ്യപ്പെടാതെ, കുറ്റം തെളിയിക്കപ്പെടാതെ കഴിയുന്നു എന്നത് ജീവിത സൗകര്യങ്ങൾക്കിടയിൽ നാം മനപ്പൂർവ്വം മറക്കുന്ന ഒരു സത്യമാണെന്ന് ഡോ. ജിആർ സന്തോഷ്കുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞുവയ്ക്കുന്നു.

എത്ര വലിയ ദുർവ്വിധിയാണ് ഈ ചെറുപ്പക്കാരനെ പിടി കൂടിയിരിക്കുന്നത്! എത്ര സങ്കീർണ്ണമായ നിയമ കുരുക്കിലാണ് ഇയാളും കുടുംബവും അകപ്പെട്ടിരിക്കുന്നത്! ഈ ചെറുപ്പക്കാരനെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചതിൽ മുഖ്യ കാർമ്മികത്വം നിർവ്വഹിച്ചത് ഏത് രാഷ്രീയ പ്രസ്ഥാനമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.

ഈ നടപടിയുടെ ഹൃദയശൂന്യത, ഭരണകൂട അതിക്രമങ്ങളിൽ നിന്ന് ഈ നാട്ടിലെ ജനാധിപത്യ ബോധവും പ്രതികരണ ശേഷിയുമുള്ള, രാഷ്ട്രീയ പ്രവർത്തകരായ ചെറുപ്പക്കാരെ രക്ഷിച്ചു നിറുത്താൻ പ്രതിജ്ഞാബദ്ധമായ ഒരു രാഷ്ട്രീയ പ്രസ്ഥാനം നേരിട്ട് അത് ചെയ്തു എന്നതാണ്. ഈ ശൂന്യതയുടെ ആഴം എന്തെന്നാൽ കുറ്റകരമായ നിശ്ശബ്ദതയിലൂടെ വലിയൊരു വിഭാഗം ഇടതുപക്ഷ അനുഭാവികൾ ഈ നിർദ്ദയത്വത്തിന് രാഷ്ട്രീയ അംഗീകാരം കൊടുത്തു എന്നതുമാണ്. അങ്ങനെ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ ആരംഭിക്കുകയും ബി.ജെ.പി സർക്കാർ കൊടുമുടിപോലെ വളർത്തുകയും ചെയ്ത കരിനിയമ പ്രയോഗത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരും അതിനെ നയിക്കുന്ന രാഷ്ട്രീയ കക്ഷികളും പ്രവർത്തകരും അനുഭാവികളും പങ്കാളികളാവുകയും ചെയ്തു.

ഇന്ത്യൻ ജയിലുകളിൽ ലക്ഷക്കണക്കിന് ചെറുപ്പക്കാർ വിചാരണ ചെയ്യപ്പെടാതെ, കുറ്റം തെളിയിക്കപ്പെടാതെ കഴിയുന്നു എന്നത് ജീവിത സൗകര്യങ്ങൾക്കിടയിൽ നാം മനപ്പൂർവ്വം മറക്കുന്ന ഒരു സത്യമാണ്. അതിൽ ഭൂരിപക്ഷവും മുസ്‌ലീം വിഭാഗത്തിൽപ്പെട്ട ചെറുപ്പക്കാരാണെന്നതും രാഷ്ട്രീയ റിപ്പോർട്ടുകളിൽ നിന്ന്‌ നമുക്കറിയാം. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക് ഹിന്ദുവർഗ്ഗീയ കേന്ദ്രീകരണത്തിലൂടെ അധികാരം നിലനിറുത്താൻ വേണ്ടി ജയിലുകളിൽ ജീവിതം ഹോമിക്കാൻ നിർബന്ധിതരായി തീർന്നിരിക്കുന്ന അവരുടെ ഇടയിലേക്ക് ഈ ചെറുപ്പക്കാരനെ, എല്ലാ ചരിത്രവും അറിഞ്ഞുകൊണ്ട്, പറഞ്ഞു വിടാൻ കളമൊരുക്കിയതിലൂടെ കോണ്ഗ്രസും ബി.ജെ.പിയും ചെയ്തുകൊണ്ടിരിക്കുന്ന പാപകർമ്മത്തിലെ ജൂനിയർ പങ്കാളികളായി തീർന്നിരിക്കുകയാണ് കേരളത്തിലെ പ്രബുദ്ധമായ ഇടതുപക്ഷം.

സുഹൃത്തുക്കളെ, നിങ്ങൾ എത്ര വിജയങ്ങൾ കൊയ്താലും അതൊന്നും ഈ പാപത്തിന് പരിഹാരമാവില്ല. നിങ്ങളുടെ ഹൃദയത്തിലെ അന്ധകാരത്തിന്റെ ആഴം വെളിപ്പെടുത്തിത്തന്ന രാഷ്ട്രീയ ബിംബമായായിരിക്കും താഹ എന്ന ഈ ചെറുപ്പക്കാരൻ ഭാവിയിൽ അറിയപ്പെടുക.

ഒരുപാട് സ്ത്രീപുരുഷന്മാരുടെ ചോരയുടെയും കണ്ണീരിന്റെയും വിലയായ ഈ സ്വതന്ത്ര സമൂഹത്തിന്റെ സൗകര്യങ്ങളിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ ഈ രാത്രിയിൽ ഇത്രയും പറഞ്ഞില്ലെങ്കിൽ ഒരു മനുഷ്യനായിരി ക്കുന്നതിൽ അർത്ഥമില്ല എന്നതുകൊണ്ട് എഴുതിപ്പോവുന്നതാണ്. ക്ഷമിക്കുക.

മനുഷ്യനായി ജീവിക്കാനുള്ള അവകാശം ഒരു നേതാവിന്റെയും ഔദാര്യമാകാൻ പാടില്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും സൗജന്യമാകാനും പാടില്ല.

Next Story

RELATED STORIES

Share it