Emedia

ജിഡിപി നോക്കി സാമ്പത്തികശക്തിയെന്ന് അഭിമാനിക്കുന്നത് വാചകമടിയെന്ന് ഡോ. ടി എം തോമസ് ഐസക്

ജിഡിപി നോക്കി സാമ്പത്തികശക്തിയെന്ന് അഭിമാനിക്കുന്നത് വാചകമടിയെന്ന് ഡോ. ടി എം തോമസ് ഐസക്
X

ഡോ. ടി എം തോമസ് ഐസക്

കോഴിക്കോട്: ജിഡിപിയുടെ വലിപ്പം നോക്കി ഇന്ത്യയെ സാമ്പത്തികശക്തിയെന്ന് അഭിമാനിക്കുന്നവര്‍ക്ക് മറുപടിയുമായി മുന്‍ കേരള ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. ആളോഹരി വരുമാനത്തില്‍ ഇന്ത്യ ഇപ്പോഴും 142ാം സ്ഥാനത്താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഫ്ബി പോസ്റ്റിലൂടെയായിരുന്നു പ്രതകരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം

'2029ല്‍ ഇന്ത്യ മൂന്നാം സാമ്പത്തികശക്തി' എന്നതാണ് തലക്കെട്ട്. 2014ല്‍ മോദി അധികാരത്തില്‍ വന്നപ്പോള്‍ പത്താംസ്ഥാനം. 2015ല്‍ ഏഴാംസ്ഥാനത്തേക്കു കയറി. 2019ല്‍ ആറാംസ്ഥാനം. 2022ല്‍ യുകെയെ മറികടന്ന് അഞ്ചാംസ്ഥാനം. ഇനിയിപ്പോള്‍ നമ്മുടെ മുന്നില്‍ ചൈന, അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി എന്നിവരാണുള്ളത്. 2027ല്‍ നാലാംസ്ഥാനക്കാരായ ജര്‍മ്മനിയേയും 2029ല്‍ മൂന്നാംസ്ഥാനത്തുള്ള ജപ്പാനെയും മറികടന്ന് ഇന്ത്യ മൂന്നാംസ്ഥാനത്ത് എത്തും. കയറുന്ന പടവുകളുടെ ചിത്രവും ഉണ്ട്. കാണുന്നവര്‍ കൊടിയേറ്റത്തില്‍ ഗോപി അതിശയിച്ചു നില്‍ക്കുന്നതുപോലെ ഹോ എന്തൊരു സ്പീഡ്!

മലയാള മനോരമ പത്രത്തില്‍ മാത്രമല്ല, പ്രധാന മാധ്യമങ്ങളിലെല്ലാം ഇതു ചര്‍ച്ചാവിഷയമായിട്ട് ഒരാഴ്ചയിലേറെയായി. അടുത്ത തെരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രത്തിന്റെ സ്വഭാവം ഇങ്ങനെയുള്ള നേട്ടങ്ങളുടെ പട്ടികയായിരിക്കും. ശരിയാണ് രാജ്യത്തിന്റെ മൊക്കം ഉല്‍പ്പാദനം അഥവ് ജിഡിപി എടുത്താല്‍ നമ്മുടെ സ്ഥാനം അഞ്ചാമത്തേതാണ്. പക്ഷേ, ഒരു കാര്യം ഓര്‍ക്കണം. ലോകത്ത് 130 കോടി ജനങ്ങള്‍ അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. താമസിയാതെ ചൈനയേയും മറികടന്ന് ഒന്നാംസ്ഥാനത്താകും. അതുകൊണ്ട് എത്ര സമ്പന്നമാണെങ്കിലും ചെറിയ രാജ്യങ്ങള്‍ക്ക് ജിഡിപിയുടെ വലുപ്പത്തില്‍ നമ്മളെ മറികടക്കാനാവില്ല. ആളോഹരി വരുമാനമെടുത്താല്‍ ഇന്ത്യയുടെ റാങ്ക് എത്രയാണെന്ന് അറിയാമോ? ഐഎംഎഫിന്റെ പട്ടികയില്‍ 142ാം സ്ഥാനമാണ്. മാര്‍ക്കറ്റ് വിലയില്‍ ആഗോള ഉല്‍പ്പാദനത്തിന്റെ 5 ശതമാനവുമാണ് ഇന്ത്യയുടെ വിഹിതം.

എന്താണ് ഈ പിന്നോക്കാവസ്ഥയ്ക്കു കാരണം? ആദ്യത്തെ കാരണം ജനസംഖ്യയില്‍ ജോലി ചെയ്യാവുന്ന പ്രായത്തിലുള്ളവരുടെ ശതമാനം ഗണ്യമായി ഉയര്‍ന്നെങ്കിലും അവരില്‍ തൊഴില്‍ എടുക്കുന്നവരുടെ ശതമാനത്തില്‍ വര്‍ദ്ധന ഉണ്ടാകുന്നില്ല. 1990 മുതല്‍ ഇന്ത്യയില്‍ തൊഴിലവസര സാധ്യത ഇടിഞ്ഞു തുടങ്ങി. കഴിഞ്ഞ ദശാബ്ദം തൊഴില്‍രഹിത വളര്‍ച്ചയുടെ കാലമായിരുന്നു. അതായത് തൊഴിലവസര വര്‍ദ്ധന ഏതാണ്ട് പൂജ്യം. രൂക്ഷമായ തൊഴിലില്ലായ്മകൊണ്ട് മനസ് മടുത്ത് ഒട്ടേറെപേര്‍ തൊഴില്‍സേനയില്‍ നിന്നു തന്നെ പുറത്തുപോയി. ഇന്ത്യയിലെ തൊഴില്‍ പങ്കാളിത്ത നിരക്ക് ലോകത്ത് ഏറ്റവും താഴ്ന്ന നിലയിലാണ്. വെറും 34 ശതമാനം.

ഇങ്ങനെ പണിയെടുക്കുന്നവരില്‍ 10 ശതമാനം മാത്രമേ സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നുള്ളൂ. ബാക്കിയുള്ളവര്‍ വളരെ താഴ്ന്ന ഉല്‍പ്പാദനക്ഷമതയുള്ള ചെറുകിട മേഖലയിലാണു പണിയെടുക്കുന്നത്. ഇവ രണ്ടുംമൂലമാണ് ജനസംഖ്യയുടെ വലുപ്പംകൊണ്ട് മൊത്തം ഉല്‍പ്പാദനത്തിന്റെ അഞ്ചാംസ്ഥാനത്ത് നില്‍ക്കുന്നവര്‍ പ്രതിശീര്‍ഷ വരുമാനമെടുത്താല്‍ 142ല്‍ നില്‍ക്കുന്നത്. ഇതുതന്നെ പണക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഇടയില്‍ വിതരണം ചെയ്യുന്നത് ഏറ്റവും അസന്തുലിതമായാണ്.

അതായത് 1991ല്‍ ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേരുടെ സ്വത്ത് ദേശീയ സ്വത്തിന്റെ 16.1 ശതമാനം ആയിരുന്നെങ്കില്‍ 2020ല്‍ അത് 42.5 ശതമാനമായി ഉയര്‍ന്നു. അതേസമയം ഏറ്റവും പാവപ്പെട്ട 50 ശതമാനം ആളുകളുടെ സ്വത്ത് വിഹിതം 8.8 ശതമാനത്തില്‍ നിന്ന് 2.8 ശതമാനമായി താഴ്ന്നു. 1991ല്‍ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകളുടെ വരുമാന വിഹിതം 10.4 ശതമാനം ആയിരുന്നെങ്കില്‍ 2020ല്‍ അത് 21.7 ശതമാനമായി വര്‍ദ്ധിച്ചു. അതേസമയം ഏറ്റവും താഴത്തുള്ള 50 ശതമാനം പേരുടെ വിഹിതം 22 ശതമാനം ആയിരുന്നത് 14.7 ശതമാനമായി താഴ്ന്നു. ഈ 50 ശതമാനക്കാരെ പറഞ്ഞു പറ്റിക്കാനാണ് ഇത്തരത്തിലുള്ള വാചകമടികള്‍.

Next Story

RELATED STORIES

Share it