ഓവറാക്കി ചളമാക്കരുത്; എ പ്ലസ് ആഘോഷമാക്കുന്നവരോട് കലക്ടര്‍ ബ്രോ

എ പ്ലസ് ഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാന്‍ വിളിക്കുന്നവരോട് സ്‌നേഹത്തോടെ വരാന്‍ നിര്‍വാഹമില്ല എന്നേ പറയാന്‍ പറ്റൂ

ഓവറാക്കി ചളമാക്കരുത്; എ പ്ലസ് ആഘോഷമാക്കുന്നവരോട് കലക്ടര്‍ ബ്രോ

കോഴിക്കോട്: എസ്എസ്എല്‍സിയിലും പ്ലസ് ടുവിലുമെല്ലാം ഉന്നതവിജയം നേടിയവരുടെയും ഫുള്‍ എ പ്ലസ് നേടിയവരുടെയും മാര്‍ക്ക് ലിസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്ന തിരക്കിലാണ് എല്ലാവരും. സ്വന്തം മക്കള്‍ക്ക് ഒരെണ്ണത്തില്‍ എ പ്ലസ് ഗ്രേഡ് ഇല്ലെങ്കില്‍ പോലും അത് നാണക്കേടായി മാറുന്ന മനസ്ഥിതി രക്ഷിതാക്കളിലേക്കും പടരുന്ന വിധത്തിലാണ് കാര്യങ്ങള്‍. എസ്എസ്എല്‍സിയിലും പ്ലസ്ടുവിലും എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയാല്‍ ജീവിത ലക്ഷ്യം പൂര്‍ത്തിയായെന്ന വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ ചിലരുടെ ഉള്ളില്‍ കുത്തി മുറിവേല്‍പിക്കുന്നുവെന്നന്ന കാര്യം നാം പലപ്പോഴും ഓര്‍ക്കാറില്ലെന്നാണ് കലക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന പ്രശാന്ത് നായര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഓര്‍മിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എ പ്ലസ് നല്ലതു തന്നെ. പക്ഷേ ഓവറാക്കി ചളമാക്കരുത്. എന്റെ ചെറിയ ബുദ്ധിയിലെ അഭിപ്രായം, മാര്‍ക്ക്ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണ് എന്നാണ്. കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടത്. വലിയ കൊമ്പത്തെ ഗ്രേഡ് കിട്ടാത്ത കുഞ്ഞുങ്ങളില്‍ ഈ മാര്‍ക്ക് ഷീറ്റ് പ്രദര്‍ശനം ഇടുന്ന പ്രഷര്‍ എന്തായിരിക്കും. ഇത്രമാത്രം ഹൈപ്പ് അര്‍ഹിക്കാത്ത ഒരു പരീക്ഷയാണ് പത്താംതരം എന്നുകൂടെ ഓര്‍ക്കണം. ജീവിത വിജയവുമായിട്ട് വലിയ ബന്ധവുമില്ല. പത്താം തരത്തിലെ ഗ്രേഡിങ് നടത്തുന്നത് കുട്ടികളെ സാമൂഹികമായി വേര്‍തിരിക്കാനല്ല, അക്കാദമിക് ചോയ്‌സുകള്‍ പ്രാവര്‍ത്തികമാക്കാന്‍ മാത്രമാണ്. എ പ്ലസ് ഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാന്‍ വിളിക്കുന്നവരോട് സ്‌നേഹത്തോടെ വരാന്‍ നിര്‍വാഹമില്ല എന്നേ പറയാന്‍ പറ്റൂ. ഇവര്‍ക്ക് സ്വീകരണവും ആഘോഷവും ഒരുക്കുമ്പോള്‍ അപമാനിക്കപ്പെടുകയും അവഗണനയുമായി ഓരത്ത് മാറി നില്‍ക്കുകയും ചെയ്യുന്ന ബാക്കി കുട്ടികളുടെ മനസ്സാര് വായിക്കും?. അവരും മിടുക്കരും മിടുക്കികളും തന്നെയാണ്. ഇത്തരത്തില്‍ സിസ്റ്റമാറ്റിക്കായി സമൂഹം ഒന്നടങ്കം അവരെ മാനസികമായി തളര്‍ത്താതിരുന്നാല്‍ മതി. സ്‌കൂളിലും റസിഡന്റ് അസോസിയേഷനിലും വീട്ടിലും ബന്ധുഗൃഹങ്ങളിലും പത്രത്തിലും ടിവിയിലും ഫേസ്ബുക്കിലും കവലയിലെ ഫ്‌ളക്‌സിലും ഒക്കെ ഇവരെ തളര്‍ത്താനുള്ള എല്ലാം നമ്മള്‍ ചെയ്യുന്നുണ്ട്. ഈ രക്തത്തില്‍ പങ്കാളിയാവാന്‍ വയ്യ ഉണ്ണീ. വിജയങ്ങള്‍ നമ്രതയോടെ ഏറ്റുവാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. വള്‍ഗറായി ആഘോഷിക്കാനല്ല. പരാജയങ്ങളെ ഗ്രേസ്ഫുളായി കൈകാര്യം ചെയ്യാനും. ഗൗരവമുള്ള ഉന്നത പരീക്ഷകളും ശരിക്കുള്ള ജീവിതപരീക്ഷണങ്ങളും ഇനി വരാനിരിക്കുന്നേ ഉള്ളൂ.

RELATED STORIES

Share it
Top