Emedia

ദലിത് സ്‌കോളര്‍ഷിപ്പിന് വരുമാന പരിധി: വകുപ്പ് മന്ത്രിക്കെതിരേ കേരള ദലിത് മഹാസഭ

സംഭവത്തെ ന്യായീകരിച്ചും വരുമാന പരിധി സംബന്ധിച്ച വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും അവകാശപ്പെട്ട് വകുപ്പ് മന്ത്രി എ കെ ബാലന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരേ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സി എസ് മുരളി ശക്തമായ വിമര്‍ശനവുമായി മുന്നോട്ട് വന്നത്.

ദലിത് സ്‌കോളര്‍ഷിപ്പിന് വരുമാന പരിധി: വകുപ്പ് മന്ത്രിക്കെതിരേ കേരള ദലിത് മഹാസഭ
X
ഒമ്പത്, പത്ത് ക്ലാസുകളിലെ ദലിത് വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് 2.5 ലക്ഷം രൂപ വരുമാന പരിധി നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരേ പ്രതിഷേധവുമായി കേരള ദലിത് മഹാസഭ സംസ്ഥാന അധ്യക്ഷന്‍ സി എസ് മുരളി. സംഭവത്തെ ന്യായീകരിച്ചും വരുമാന പരിധി സംബന്ധിച്ച വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും അവകാശപ്പെട്ട് വകുപ്പ് മന്ത്രി എ കെ ബാലന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരേ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സി എസ് മുരളി ശക്തമായ വിമര്‍ശനവുമായി മുന്നോട്ട് വന്നത്. മന്ത്രിയുടെ വാദങ്ങളെ അക്കമിട്ട് ഖണ്ഡിക്കുന്നതാണ് സി എസ് മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എ കെ ബാലന്‍ എഴുതിയ ഫേയ്‌സ്ബുക്ക് കുറിപ്പിന് ഒരു പട്ടികജാതിക്കാരന്റെ ന്യായമായ സംശയങ്ങള്‍ എന്ന മുഖവുരയോടെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


പട്ടികജാതി/വകുപ്പ് വികസന വകുപ്പ് മന്ത്രി സ. എ കെ ബാലന്‍ എഴുതിയ ഫേയ്‌സ്ബുക്ക് കുറിപ്പും ഒരു പട്ടികജാതിക്കാരന്റെ ന്യായമായ സംശയങ്ങളും:

* 9, 10 ക്ലാസുകളിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് കേരളത്തില്‍ ആദ്യമായി വരുമാന പരിധി ഏര്‍പ്പെടുത്തിയെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്.

= നിയമവകുപ്പ് മന്ത്രി കൂടിയായ അങ്ങ് അങ്ങയുടെ പ്രധാന ഭരണ വകുപ്പായ പട്ടികജാതി വികസന വകുപ്പില്‍നിന്നും പുറത്തിറങ്ങിയിട്ടുള്ള ഉത്തരവുകള്‍ ഫയലുകള്‍ വരുത്തി വീണ്ടും പരിശോധിക്കുന്നത് നന്നായിരിക്കും. കാരണം 16/05/2019ല്‍ അങ്ങയുടെ വകുപ്പില്‍ നിന്നും പുറത്തിറങ്ങിയിട്ടുള്ള ഉത്തരവിലാണ് 9,10 ക്ലാസുകളിലെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് വരുമാന പരിധി 2.5 ലക്ഷമായി നിശ്ചയിച്ച വിവരം 'ബോള്‍ഡ് ലെറ്ററില്‍' അടയാളപ്പെടുത്തിയിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ചില ദൃശ്യമാധ്യമങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്ത വരികയും ജാതി പട്ടികയിലുള്ള ജനവിഭാഗങ്ങളുടെ സവിശേഷ ശ്രദ്ധയിലേക്ക് വിഷയം കടന്നുവരുന്നതും ചര്‍ച്ചയാവുന്നതും.

* 9, 10 സ്റ്റാന്‍ഡേര്‍ഡുകളിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡപ്രകാരം 2.50 ലക്ഷം രൂപയാണ് അര്‍ഹതക്കുള്ള വരുമാന പരിധി. 2012ലും 2017 ലും കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച മാര്‍ഗരേഖകളില്‍ വരുമാന പരിധിയുടെ കാര്യം ആവര്‍ത്തിച്ച് പറയുന്നുമുണ്ട്.

= എന്നാല്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ (03/06/2019 പൊതു വിദ്യാഭ്യാസം ഗ്രാന്ററുകള്‍ പട്ടികജാതി വികസനം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഈ ഗ്രാന്റ് 2019 20 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍) ഉത്തരവിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുള്ള പട്ടികജാതി വികസന വകുപ്പിന്റെ (പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കത്ത് നമ്പര്‍: എ3/7177/2019 തീയതി 16/05/2019) ഉത്തരവില്‍ ഈ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെതാണെന്നോ, സംസ്ഥാന സര്‍ക്കാരിന്റെതാണെന്നോ ഒന്നും വ്യക്തമല്ല.

* 9, 10 ക്ലാസുകള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ്. സമാനമായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിലവിലില്ല.

= സംസ്ഥാന സര്‍ക്കാരിന്റെ അല്ലാത്ത ഒരു പദ്ധതി (കേന്ദ്ര പദ്ധതി) കേരളത്തില്‍ നടപ്പാക്കുമ്പോള്‍ പ്രത്യേകിച്ചും അതിന് 'വരുമാന പരിധി' നിശ്ചയിച്ചിട്ടുണ്ട് എന്നതുകൊണ്ടുതന്നെ അത് എടുത്തുപറയേണ്ടതായിരുന്നു. സംസ്ഥാനത്ത് മേല്‍ പദ്ധതി നിലവില്‍ ഇല്ലാത്തതുകൊണ്ട് പ്രത്യേകിച്ചും.

* ഒന്നു മുതല്‍ എട്ട് വരെ സ്റ്റാന്‍ഡേര്‍ഡുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഒരു വരുമാന പരിധിയുമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 2000 രൂപ പ്രാഥമിക വിദ്യാഭ്യാസ സഹായം നല്‍കുന്നുണ്ട്.

= ഒരു വരുമാന പരിധിയും നിശ്ചയിച്ചിട്ടില്ല എങ്കില്‍ പിന്നെ എന്തിനാണ് സാര്‍ രക്ഷകര്‍ത്താവിന്റെ വിവരങ്ങള്‍ (പേര്, വിഭാഗം, ജാതി, തൊഴില്‍) ചോദിക്കുമ്പോള്‍ ഇപ്പോഴും കുടുംബ 'വാര്‍ഷിക വരുമാനം'കൂടി ചോദിക്കുന്നത് ?

* പോസ്റ്റ് മട്രിക് വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധി ബാധകമാക്കാതെയാണ് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നത്.

= ആനുകൂല്യം അല്ല സാര്‍ അവകാശം! ഭരണഘടനാപരമായ ഞങ്ങളുടെ അവകാശം.

*പാരലല്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധി ബാധകമാക്കാതെ ആനുകൂല്യം നല്‍കുന്നുണ്ട്.

= പരിണതപ്രജ്ഞനായ, ഒരു ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറികൂടിയായിരുന്ന അങ്ങയെപ്പോലൊരാള്‍ ഇതൊക്കെ 'ആനുകൂല്യം' ആണെന്ന് ഇങ്ങനെ ധരിച്ചുവശായാല്‍ പിന്നെ സാധാരണക്കാരെകുറിച്ച് എന്തു പറയാന്‍ ?

* ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ നല്‍കുന്ന ലംപ്‌സം ഗ്രാന്റ്, അതീവ ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കുള്ള സ്‌റ്റൈപ്പന്റ് എന്നിവക്കും വരുമാന പരിധി ബാധകമല്ല.

= 'വരുമാന പരിധി' ബാധകമാക്കാന്‍ നിലവിലുള്ള ഇന്ത്യന്‍ ഭരണഘടന അനുവദിക്കാത്തത് കൊണ്ട് മാത്രമാണ് സാര്‍ ഇപ്പോഴും ഈ അവകാശങ്ങള്‍ തുടരുന്നത്.(പക്ഷേ, ബിജെപി ഗവണ്‍മെന്റ് കൊണ്ടുവന്ന സംവരണ അട്ടിമറി ക്കുള്ള ഭരണഘടന ഭേദഗതിയെ പിന്തുണച്ച പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലും, ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക ജാതിക്കാര്‍ക്ക് വീണ്ടും സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മറവില്‍ 'ജാതി സംവരണം' ഏര്‍പ്പെടുത്തിയ മന്ത്രിസഭയില്‍ അംഗമെന്ന നിലയിലും ഇപ്പോഴത്തെ കരു നീക്കങ്ങളില്‍ ഞങ്ങള്‍ക്ക് അതിയായ സംശയമുണ്ട്. ആശങ്കകളുണ്ട് !) പടിപടിയായി ഈ അവകാശങ്ങള്‍ 'റദ്ദു'ചെയ്യുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കങ്ങള്‍ ആണ് ഈ ഉത്തരവുകള്‍ക്ക് പിന്നില്‍ എന്ന് ന്യായമായും ഞങ്ങള്‍ സംശയിക്കുന്നു.

*പോസ്റ്റ് മട്രിക് തലത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലും സ്വാശ്രയ കോളെജുകളിലെ ഗവണ്മെന്റ് ക്വാട്ടയിലും സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് ആനുകൂല്യം നല്‍കുന്നത്. അതിന് വരുമാന പരിധി ബാധകമല്ല.

= ഈ അവകാശങ്ങള്‍ അങ്ങയുടെ ഡിപ്പാര്‍ട്ട്‌മെന്റ് യഥാസമയം യഥാവിധി അനുവദിച്ചു നല്‍കാതിരുന്നത് മൂലം പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ കഷ്ട നഷ്ടങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍ ഇതിനകം തന്നെ പെട്ടിട്ടുണ്ടാവും എന്ന് തന്നെ കരുതട്ടെ.

* കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് രാജ്യവ്യാപകമായി ബാധകമാക്കിയ മാനദണ്ഡത്തിന് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ധ്വനിപ്പിക്കുന്ന വാര്‍ത്ത രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ളതാണ്.

= നിലവില്‍ പട്ടികജാതി വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളില്‍ കാണുന്ന 'മാനദണ്ഡം' കേന്ദ്ര സര്‍ക്കാരിന്റെതാണോ, സംസ്ഥാന സര്‍ക്കാരിന്റെതാണോ എന്ന കാര്യം സംശയാസ്പദമായി നിലനില്‍ക്കുന്നതിനാല്‍ വകുപ്പുതലത്തില്‍ ഒരു 'സ്പഷ്ടീകരണം' ആവശ്യമുണ്ട്. നിലവിലുള്ള ഉത്തരവിന്റെ അവ്യക്തത പരിഹരിക്കുന്ന പുതിയ ഉത്തരവുകള്‍ ഇറക്കുന്നതാണ് ഉത്തമം. അതിനാവശ്യമായ ഭരണപരമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അതിനുപകരം മേല്‍ ആശയക്കുഴപ്പം ചൂണ്ടിക്കാണിച്ചവര്‍ക്കെതിരെ 'ധ്വനി' സിദ്ധാന്ത പ്രകാരം 'രാഷ്ട്രീയ ഉദ്ദേശത്തോടെ'യാണ് എന്ന് പറയുകയല്ല വേണ്ടത്.

* പട്ടികജാതിക്കാര്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യം കിട്ടുന്നതിന് വിവേചനപരമായ മാനദണ്ഡം വെക്കുന്നത് തെറ്റായ നടപടിയാണ്.

= തീര്‍ച്ചയായും പട്ടികജാതിക്കാര്‍ക്ക് നിലവില്‍ ഭരണഘടനാപരമായി ലഭ്യമായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ അവകാശങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സവര്‍ണ്ണ ഫാസിസ്റ്റ് സാമ്പത്തിക സംവരണ വാദികള്‍ക്ക് മേല്‍ക്കൈയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. ഇത് തിരിച്ചറിഞ്ഞ് യഥാസമയം തിരി ത്തിക്കുന്നതിന് വേണ്ടിയുള്ള അടിയന്തര ശ്രമങ്ങളാണ് നടത്തേണ്ടത്. പട്ടികവിഭാഗങ്ങളുടെ മന്ത്രിയെന്ന നിലയില്‍ അതിനാവശ്യമായ സാമുദായിക രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണ് അങ്ങ് ചെയ്യേണ്ടത്. അതിനുപകരം 'രാജ്യവ്യാപകമായി നടപ്പാക്കിയ മാനദണ്ഡ'ത്തിന്റെ മറവില്‍ സാമ്പത്തിക സംവരണം കൊണ്ടുവരികയല്ല.! ഈ തെറ്റായ നടപടിക്കെതിരായി ഭരണപരമായ/ രാഷ്ട്രീയമായ എന്തെങ്കിലും ചെയ്തതായി അങ്ങ് അവകാശപ്പെടുന്നതുമില്ല. സ്വാഭാവികമായും നമുക്ക് എത്തിച്ചേരാവുന്ന നിഗമനം കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാരും അംഗീകരിക്കുന്നു എന്ന് തന്നെയാണ്. എന്നുവച്ചാല്‍ പട്ടികജാതിക്കാര്‍ ക്കിടയിലും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന സവര്‍ണ്ണ ഫാസിസ്റ്റ് രഹസ്യ പദ്ധതി.

* 9, 10 സ്റ്റാന്‍ഡേര്‍ഡുകളില്‍ രണ്ടര ലക്ഷം രൂപക്കു മുകളില്‍ വരുമാനമുള്ള പട്ടികജാതി വിഭാഗത്തിലെ രക്ഷിതാക്കളുടെ മക്കള്‍ക്ക് എന്ത് ആനുകൂല്യം നല്‍കാന്‍ കഴിയും എന്ന കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കുന്നതാണ്.

= കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക മാനദണ്ഡത്തില്‍ കുടുങ്ങി നിരവധി വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും അത്തരം ശ്രമങ്ങള്‍ അടിയന്തരമായി ആലോചിക്കേണ്ടതുണ്ട്.അതേസമയം ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള സാമ്പത്തിക മാനദണ്ഡങ്ങള്‍ തിരുത്തിക്കുന്നതിനു വേണ്ടിയുള്ള അടിയന്തര ശ്രമങ്ങളാണ് അങ്ങയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയവും ഭരണപരവുമായ തീരുമാനങ്ങള്‍ ഉദ്യോഗസ്ഥതലത്തില്‍ എടുത്ത് നടപ്പാക്കുന്നതിനെതിരായും വേണ്ടത്ര ജാഗ്രത പുലര്‍ത്തുമെന്നും കരുതുന്നു.

സ്‌നേഹ ബഹുമാനങ്ങളോടെ,

സി എസ് മുരളി




Next Story

RELATED STORIES

Share it