- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണക്കാലം: വരുന്ന 14 ദിവസങ്ങള്‍ സംഭവിക്കാന്‍ പോവുന്നത്...

കോഴിക്കോട്: ലോകത്തെ മുള്‍മുനയിലാഴ്ത്തിയ മഹാമാരിയായ കൊറോണ രാജ്യത്തും വ്യാപിക്കുകയാണ്. ദിനംപ്രതി എല്ലായിടത്തുനിന്നും ആശങ്കയുടെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഈയവസരത്തില്‍ അടുത്ത 14 ദിവസം എന്തുസംഭവിക്കുമെന്ന കാര്യത്തില്‍ പല മുന്നറിയിപ്പുകളും വരുന്നുണ്ട്. അതിനാല്‍ തന്നെ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ (യുഎന്‍ഇപി) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവനായിരുന്ന ഡോ. മുരളി തുമ്മാരുകുടിയുടെ മുന്നറിയിപ്പിന് ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് പ്രളയകാലത്ത് ഇദ്ദേഹം നല്‍കിയ മുന്നറിയിപ്പുകള്‍ കേരളത്തിന് ഏറെ ആശ്വാസകരമായിരുന്നു എന്നറിയുമ്പോള്‍.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അടുത്ത പതിനാലു ദിവസങ്ങള്‍ നിര്‍ണായകം ആണെന്നൊരു ഫേസ്ബുക്ക് പോസ്റ്റ് നിങ്ങള്‍ക്ക് ചുരുങ്ങിയത് പത്തു പ്രാവശ്യമെങ്കിലും കിട്ടിക്കാണും. സംഗതി സത്യമാണ്. അടുത്ത രണ്ടാഴ്ച മാത്രമല്ല ഇനി വരുന്ന ഓരോ ദിവസവും നിര്‍ണായകമാണ്. പക്ഷേ, അത് അറിഞ്ഞത് കൊണ്ട് മാത്രം എന്തുകാര്യം? എന്താണ് അടുത്ത ദിവസങ്ങളില്‍ സംഭവിക്കാന്‍ പോവുന്നത് എന്നതറിഞ്ഞാലല്ലേ നമുക്ക് എന്തെങ്കിലും തീരുമാനമെടുക്കാന്‍ പറ്റൂ. ഭാഗ്യത്തിന് കൊറോണയുടെ കാര്യത്തില്‍ ഇത്തരം പ്രവചനം സാധ്യമാണ്, കാരണം ഇപ്പോള്‍ ലോകത്ത് 160 രാജ്യങ്ങള്‍ക്ക് മുകളില്‍ കൊറോണ ബാധ ഉണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനയിലാണ് തുടങ്ങിയത്, അവിടെ ഇന്നലെ പുതിയതായി ഒരു കേസ് പോലും റിപോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് വായിച്ചത്. അപ്പോള്‍ കൊറോണയുടെ തുടക്കവും ഒടുക്കവും ഇപ്പോള്‍ അത്യാവശ്യം നമുക്കറിയാം. അതറിഞ്ഞാലും വേണ്ട തീരുമാനങ്ങള്‍ വ്യക്തിപരമായും സാമൂഹികമായും നാം എടുക്കുമോ എന്നാണ് പ്രശ്‌നം. തല്‍ക്കാലം അടുത്ത പതിനാലു ദിവസത്തിനുള്ളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറയാം.
1. ഇന്ത്യയില്‍ മൊത്തം കേസുകള്‍ ആയിരത്തിന് മുകളില്‍ പോകും. ലോകത്തില്‍ ഇപ്പോള്‍ ആയിരത്തിന് മുകളില്‍ കൊറോണ കേസുകള്‍ ഉള്ള പതിനാലു രാജ്യങ്ങളുണ്ട്. അതില്‍ ബഹുഭൂരിപക്ഷവും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളേക്കാള്‍ ചെറിയ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളില്‍ പലതിലും ഈ മാസം ആദ്യം കൊറോണ ബാധയുടെ എണ്ണം ഇരുന്നൂറില്‍ താഴെയായിരുന്നു. ഇന്നിപ്പോള്‍ ഇന്ത്യയില്‍ 191 കേസുകള്‍ ഉണ്ടെന്നാണ് ഇന്ത്യയുടെ കോവിഡ് ഡാഷ്‌ബോര്‍ഡ് പറയുന്നത്. കോവിഡ് പകര്‍ച്ച തടയാനുള്ള കര്‍ശനമായ നടപടികള്‍ ഇനിയും ഇന്ത്യയില്‍ വന്നിട്ടില്ലാത്തതുകൊണ്ട് തന്നെ നമ്മുടെ കേസുകള്‍ അടുത്ത രണ്ടാഴ്ചക്കകം ആയിരം കടക്കുമെന്ന് ഏകദേശം ഉറപ്പിക്കാം.
2. ആളുകള്‍ പരിഭ്രാന്തരാകും: കൊറോണയെപ്പറ്റി ആദ്യം വാര്‍ത്ത വരുമ്പോള്‍ ദൂരെ എവിടെയോ സംഭവിക്കുന്ന ഒന്നെന്നാണ് ചിന്തിച്ചത്. പിന്നെ കുറച്ചു കൊറോണ തമാശകളായി. മറ്റു രാജ്യങ്ങളില്‍ എന്തുകൊണ്ട് പടര്‍ന്നു, സ്വന്തം നാട്ടില്‍ എന്തുകൊണ്ട് പടരില്ല എന്നുള്ള ആത്മവിശ്വാസമാണ് പിന്നെ കണ്ടത്. ശേഷം കൊറോണ കേസുകള്‍ അടുത്തെത്തി മൊത്തം എണ്ണം ആയിരത്തില്‍ കവിയുന്നു, ആളുകള്‍ പരിഭ്രാന്തരാകുന്നു. എല്ലായിടത്തും സംഭവിച്ചത് ഇതാണ്. ഇതുവരെ നമ്മുടെ കാര്യവും വ്യത്യസ്തമല്ല. ചൂടുള്ളതുകൊണ്ടു നമുക്ക് പേടിക്കാനില്ല എന്ന ശാസ്ത്രവുമായി ഇറങ്ങിയിരിക്കുന്നവര്‍ ഇവിടെയും ഉണ്ടല്ലോ.
3. സൂപര്‍മാര്‍ക്കറ്റുകളിലെ തിരക്ക് കൂടും. പത്തു ദിവസം മുമ്പ് ആസ്‌ട്രേലിയയില്‍ സൂപര്‍മാര്‍ക്കറ്റില്‍ ടിഷ്യൂ പേപ്പര്‍ കിട്ടാതിരുന്നതും ഉള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് വേണ്ടി ഷോപ്പ് ചെയ്യാന്‍ വന്നവര്‍ തമ്മില്‍ അടികൂടിയതും വര്‍ത്തയായിരുന്നല്ലോ. ഇതൊന്നും നമ്മുടെ ചുറ്റും വരില്ല എന്ന വിശ്വാസമാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. പക്ഷേ, അടുത്ത പതിനാലു ദിവസത്തിനകം അതും സംഭവിക്കും. ഇനി എന്തൊക്കെ നിയന്ത്രണങ്ങള്‍ വരുമെന്ന് പേടിച്ച് ആളുകള്‍ ആവശ്യമുള്ളതും ആവശ്യത്തില്‍ കൂടുതലും വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങും, അതുകണ്ട് മറ്റുള്ളവരും വാങ്ങിക്കൂട്ടും. ഇതൊരു പാനിക് സാഹചര്യമാവും. ഒന്ന് പെയ്ത് ഒഴിയുന്നത് പോലെ ഒരു റൗണ്ട് പാനിക് ബയിങ് നടത്തി ഷെല്‍ഫ് കാലിയായതിന് ശേഷം വീണ്ടും അവിടെ സാധനങ്ങള്‍ കണ്ടു തുടങ്ങിയാലേ ഇതവസാനിക്കൂ. അടുത്ത പതിനാലു ദിവസത്തിനകം ഈ കാഴ്ച ഇന്ത്യന്‍ നഗരങ്ങളില്‍ നമ്മള്‍ കാണും. (മറ്റു രാജ്യങ്ങളില്‍ അധികം സംഭവിക്കാത്ത ഒന്നും നമുക്കുണ്ടാകാം, പൂഴ്ത്തിവയ്പും വില കൂട്ടലും).
4. ആഭ്യന്തര യാത്രാ നിയന്ത്രണങ്ങള്‍ വരും. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന കമ്പനികളുടെ യാത്രകള്‍ ഏതാണ്ട് നിലക്കുകയാണ്. താല്‍ക്കാലം ആഭ്യന്തര യാത്രകള്‍ക്ക് വിലക്കില്ല. പക്ഷേ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യ നോക്കുമ്പോള്‍ മറ്റിടങ്ങളിലെ രാജ്യങ്ങള്‍ പോലെയാണ്. അതുകൊണ്ടു തന്നെ കൊറോണയെ പ്രാദേശികമായി പിടിച്ചുകെട്ടണമെങ്കില്‍ ആഭ്യന്തരമായി ചില റൂട്ടുകളില്‍ എങ്കിലും യാത്രാനിയന്ത്രണങ്ങള്‍ വേണ്ടി വരും.
5. വീട്ടിനുള്ളിലെ നിയന്ത്രണങ്ങള്‍ ഉണ്ടാവും. പൊതുവില്‍ യാത്രകള്‍ നിയന്ത്രിക്കുന്നത് കൂടാതെ ആളുകള്‍ വീടിന് പുറത്തിറങ്ങുന്നതില്‍ പോലും നിയന്ത്രണങ്ങള്‍ വരുത്തിയാണ് ഇറ്റലിയും ഫ്രാന്‍സും സ്ഥിതി നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നത്. ഈ ഞയറാഴ്ച ഇന്ത്യയൊട്ടാകെ പ്രധാനമന്ത്രി ജനത കര്‍ഫ്യൂ ആഹ്വാനം ചെയ്തിട്ടുണ്ട്. അടുത്ത പതിനാലു ദിവസത്തിനകം രാജ്യത്ത് ചിലയിടത്തെങ്കിലും ആളുകള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് നിയന്ത്രിക്കേണ്ടി വരും.
6. വാട്ട്‌സാപ്പിലെ ലോകാവസാനം ഉറപ്പ്: കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാവുന്നതോടെ വാട്ട്‌സ്ആപ്പ് ശാസ്ത്രം കൂടുതല്‍ സജീവമാകും. ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറും പ്രധാനമന്ത്രി ഉപയോഗിക്കാന്‍ പോവുന്ന പവര്‍പോയന്റും ഒക്കെയാണ് അവര്‍ ഫേക്ക് ന്യൂസായി ഉണ്ടാക്കുന്നതെങ്കില്‍ വലിയ താമസമില്ലതെ ലോകമവസാനിക്കുമെന്ന് നോസ്ട്രഡാമസും മറ്റുള്ളവരും പ്രവചിച്ചതിന്റെ തെളിവുമായി അവര്‍ വരും. സൂക്ഷിച്ചാല്‍ ലോകം അവസാനിക്കാതെ നോക്കാം !
കൊറോണ നേരിടുന്നതില്‍ ഇപ്പോള്‍ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളി മറ്റുള്ള സ്ഥലങ്ങളില്‍ സംഭവിക്കുന്നതില്‍ നിന്നും നമ്മള്‍ പാഠങ്ങള്‍ പഠിക്കുന്നില്ല എന്നതാണ്. കൊറോണക്കാലത്ത് വേണ്ടി വരുന്ന നിയന്ത്രണങ്ങള്‍ ഒന്നും സുഖകരമല്ല. മിക്കവാറും ജനാധിപത്യ രാജ്യങ്ങളില്‍ ആളുകളുടെ സഞ്ചാരം ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് സര്‍ക്കാരിന്(ജനങ്ങള്‍ക്കും) ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അകലെയൊരു രാജ്യത്ത് കൊറോണ നിയന്ത്രിക്കാന്‍ ഒരു നഗരം അടച്ചിട്ടു എന്ന് പറയുമ്പോള്‍ എന്നാല്‍ മുന്‍കൂറായി കുറെ നിയന്ത്രങ്ങള്‍ കൊണ്ടുവരാം എന്ന് രാജ്യങ്ങള്‍ ചിന്തിക്കുന്നില്ല. അങ്ങനെ അവര്‍ ചെയ്താല്‍ നാട്ടിലെ ജനങ്ങള്‍ അതിനെ അംഗീകരിക്കുകയുമില്ല. പക്ഷേ, പതുക്കെപ്പതുക്കെ കൊറോണ അവിടെയും എത്തും, ആയിരം കവിയും, അപ്പോള്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമെല്ലാം പരിഭ്രാന്തരാകും, കര്‍ശനമായ നിയന്ത്രണങ്ങള്‍ വരും, അത് ജനങ്ങള്‍ അനുസരിക്കുകയും ചെയ്യും.
നാളെ എന്താണ് ഉണ്ടാവാന്‍ സാധ്യതയുള്ളതെന്ന് ഇന്ന് ചിന്തിക്കുകയും അതിനുള്ള പരിഹാരങ്ങള്‍ ഇപ്പോള്‍ തന്നെ എടുക്കുകയും ചെയ്യുക എന്നതാണ് ശരിയായ രീതി. അപ്പോള്‍ അടുത്ത പതിനാലു ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയാമെങ്കില്‍ അതൊഴിവാക്കാനുള്ള ശ്രമവും ഇന്ന് തന്നെ തുടങ്ങാമല്ലോ. സര്‍ക്കാര്‍ അവരുടെ രീതിക്ക് അവര്‍ക്ക് ആവുന്നത് ചെയ്യും. നിങ്ങളും നിങ്ങളുടെ തരത്തില്‍ മുന്‍കൂട്ടി ചിന്തിച്ചു കാര്യങ്ങള്‍ ചെയ്തു തുടങ്ങുക.
സുരക്ഷിതരായിരിക്കുക!
മുരളി തുമ്മാരുകുടി
RELATED STORIES
സഫര്‍ അലിക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന...
23 March 2025 5:59 PM GMTവിവാദ പാസ്റ്റര്‍ ബജീന്ദര്‍ സിങിന്റെ ആക്രമണങ്ങളുടെ ദൃശ്യം പുറത്ത്...
23 March 2025 4:05 PM GMTഐപിഎല്‍; സിഎസ്കെയ്ക്കായി ഖലീല്‍ അഹ്മദും നൂര്‍ അഹ്മദും എറിഞ്ഞിട്ടു;...
23 March 2025 4:00 PM GMTവഖ്ഫ് നിയമഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുസ്ലിം...
23 March 2025 3:10 PM GMTഇസ്രായേലിലെ വിമാനത്താവളം ആക്രമിച്ച് ഹൂത്തികള്‍; ചെങ്കടലിലെ യുഎസ്...
23 March 2025 2:25 PM GMTപെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
23 March 2025 1:43 PM GMT