ലോറിയുടെ മറവില്‍ മൂത്രമൊഴിച്ച 'കല്ലട' യാത്രയിലെ ദുരനുഭവം വിവരിച്ച് അധ്യാപിക

ലോറിയുടെ മറവില്‍ മൂത്രമൊഴിച്ച കല്ലട യാത്രയിലെ ദുരനുഭവം വിവരിച്ച് അധ്യാപിക

തിരുവനന്തപുരം: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച് ഇറക്കിവിട്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന് മുമ്പ് യാത്രയ്ക്കിടെ 'കല്ലട'യില്‍ നിന്നുണ്ടായ ദുരനുഭവം വിവരിച്ച് അധ്യാപികയായ മായാ മാധവന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഭക്ഷണത്തിനോ പ്രഥമികവശ്യങ്ങള്‍ക്കോ നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ കേട്ടാലറയ്ക്കുന്ന തെറിയാണ് ഉത്തരം. ബസ്‌കാത്തു നില്‍ക്കവെ മൂത്രമൊഴിക്കാന്‍ തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ മറവിനെ ആശ്രയിക്കേണ്ടി വന്നെന്നും മായാ മാധവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഉപഭോക്തൃ കോടതിയെ സമീപിക്കണമെന്ന് പലരും ഉപദേശിച്ചെങ്കിലും അന്ന് പോകാന്‍ സാധിക്കാത്തതില്‍ ഇന്ന് ഖേദിക്കുന്നെന്നും മായ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍...

കല്ലടയുടെ പുതിയ വാര്‍ത്ത കണ്ടപ്പോള്‍ നമ്മുടെ അനുഭവം ഓര്‍മ വന്നു....അതിഭീകരമായിരുന്നു. രാത്രി11 മണിക്ക് ചെന്നൈയില്‍ നിന്ന് എത്തിച്ചേരേണ്ട വണ്ടി 12 മണിക്ക് എത്തുമെന്ന് പറഞ്ഞു ഞങ്ങളെ അവരുടെ ഓഫിസില്‍ ഇരുത്തിയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബസ് എപ്പോള്‍ എത്തും എന്ന് ഒരു അറിയിപ്പും കിട്ടിയില്ല. 1 മണി ഒക്കെ ആയപ്പോള്‍ ഓഫിസ് അടച്ചിട്ട് ഞങ്ങളെ ബസ് സ്‌റ്റോപ്പില്‍ കൊണ്ട് നിര്‍ത്തിയിട്ട് സ്റ്റാഫ് മുങ്ങി. ഞാനും മകളും പിന്നെ രണ്ട് മൂന്ന് പുരുഷന്മാരും ആണ് ഉണ്ടായിരുന്നത്. ഒരു പരിചയവും ഇല്ലാത്ത ആ ഉള്‍നാടന്‍ തമിഴ് ഗ്രാമത്തിലെ ഇരുട്ടില്‍ ഞങ്ങള്‍...വല്ലാതെ ഭയപ്പെട്ട് പോയിരുന്നു. മൂത്രമൊഴിക്കാന്‍ ആശ്രയിക്കേണ്ടി വന്നത് കാളകള്‍ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ മറവ്. ആര്‍ത്തവവസ്ഥയില്‍ ഇത് എത്രത്തോളം ഭീകരം എന്ന് പറയണ്ടല്ലോ....

കല്ലടയുടെ എന്ന് പറയപ്പെടുന്ന ഒരു മാനേജര്‍ അവിടെ ഉണ്ടായിരുന്നു. പല പ്രാവശ്യം അവരോട് ഓഫിസ് എങ്കിലും തുറന്ന് ഞങ്ങളെ അകത്തിരുത്താന്‍ പറഞ്ഞെങ്കിലും അയാള്‍ ബസ്, ദാ എത്തി എന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അവസാനം വെളുപ്പിന് അഞ്ച് മണിയോടടുത്ത് ഒരു ബസ് വന്നു.വന്ന ബസിന്റെ സ്റ്റാഫിന് തീരെ താല്‍പ്പര്യം ഇല്ലാതെയാണ് ഞങ്ങളെ അകത്ത് കയറ്റി വിട്ടത്. അവര്‍ക്ക് ഓടേണ്ട സമയം കഴിഞ്ഞു എന്നൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. അന്നേരം മുതല്‍ അതിന്റെ ദേഷ്യം അവര്‍ യാത്രക്കാരോട് തീര്‍ത്തുകൊണ്ടിരുന്നു. ഭക്ഷണത്തിനോ പ്രഥമികവശ്യങ്ങള്‍ക്കോ നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ കേട്ടാലറയ്ക്കുന്ന തെറിയാണ് ഉത്തരം. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരു വയോധികന്‍ അദ്ദേഹത്തിന് എന്തൊക്കെയോ അസുഖങ്ങള്‍ ഉള്ളത് കാരണം കൃത്യസമയത്തു ഭക്ഷണം കഴിച്ചിട്ട് വേണം മരുന്ന് കഴിക്കാന്‍ എന്ന് പറഞ്ഞതിന് അദ്ദേഹത്തോടയി പിന്നെ....ഒരു റിട്ടയര്‍ഡ് അധ്യാപകന്‍ ആയ അദ്ദേഹം അതേ ഭാഷയില്‍ മറുപടി പറയാനാവാതെ വിഷമിക്കുന്നത് കണ്ടു. ഈ ആവശ്യം പറഞ്ഞതിന്റെ പേരില്‍ 'എന്നാല്‍ ഇനി ഒരിടത്തേക്കും പോകണ്ട....ബസ് ഇവിടെ കിടക്കട്ടെ.....പിന്നെ നിങ്ങള്‍ എന്ത് ചെയ്യും എന്ന് കാണട്ടെ....'എന്ന് ആക്രോശിച്ചു കൊണ്ട് ഗുണ്ടകള്‍ എന്ന് തന്നെ വിളിക്കാവുന്ന അതിലെ സ്റ്റാഫ് ബസ് വഴിയില്‍ ഒതുക്കിയിട്ടു. രാവിലെ 7 മണിക്കെങ്കിലും തിരുവനന്തപുരം എത്തേണ്ട ബസ്സില്‍ പിറ്റേ ദിവസം ഉച്ചയോടെയാണീ സംഭവം എന്നോര്‍ക്കണം. നേരെ ഭക്ഷണം പോലുമില്ലാതെ, കുളിക്കാതെ ബസ്സിലും പുറത്തുമായി ഏകദേശം 13 മണിക്കൂര്‍ കഴിഞ്ഞിരുന്നു അപ്പോള്‍.

അവശതയും ഭയവും വല്ലാതെ അലട്ടിയ ഞങ്ങള്‍ അവരുടെ കൈയും കാലും പിടിച്ചു മാപ്പ് പറഞ്ഞിട്ടാണ് ആ ഓണംകേറാമൂലയില്‍ നിന്ന് ബസ് എടുക്കാമെന്ന് അവര്‍ സമ്മതിച്ചത്. അങ്ങനെ രാവിലെ 6 മണിക്ക് എത്തേണ്ട ബസ് വൈകിട്ട് 6 മണിക്ക് എത്തി...അല്ല, എത്തിച്ചു എന്ന് പറയേണ്ടി വരും. ഈ സംഭവം അന്ന് ബസിലിരുന്ന് മാളു ഇട്ട പോസ്റ്റ് താഴെ കൊടുക്കുന്നു. അത് വായിച്ചിട്ട് ചില സുഹൃത്തുക്കള്‍ തിരിച്ചെത്തിയ ഉടനെ ഉപഭോക്തൃകോടതിയെ സമീപിക്കണം എന്ന് ഉപദേശിച്ചെങ്കിലും, ഒരു സാദാ മലയാളിയെ പോലെ 'വയ്യാവേലിക്കൊന്നും പോകാന്‍ എനിക്ക് നേരമില്ലേ... എന്ന തീരുമാനം കൈക്കൊണ്ടതില്‍ ഇന്ന് ഖേദിക്കുന്നു. കല്ലടയ്ക്ക് എതിരെ ഉള്ള എന്ത് പോരാട്ടത്തിനും എന്റെ ഐക്യദാര്‍ഢ്യം.....

RELATED STORIES

Share it
Top