Top

സ്വത്വം മറച്ചുവച്ചുള്ള ടിപ്പിക്കല്‍ പ്രസംഗത്തിന് മുതിരാറില്ല...; മുള്ളൂര്‍ക്കരയ്ക്കു മറുപടിയുമായി ബഷീര്‍ ഫൈസിയുടെ കുറിപ്പ്

സ്വത്വം മറച്ചുവച്ചുള്ള ടിപ്പിക്കല്‍ പ്രസംഗത്തിന് മുതിരാറില്ല...; മുള്ളൂര്‍ക്കരയ്ക്കു മറുപടിയുമായി ബഷീര്‍ ഫൈസിയുടെ കുറിപ്പ്
X

കോഴിക്കോട്: നബിദിന പ്രഭാഷണത്തിനിടെ ചരിത്രവിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ മറ്റൊരു പ്രസംഗ വീഡിയോ കൂടി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മാസങ്ങള്‍ക്കു മുമ്പ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇസ് ലാമിക ആദര്‍ശങ്ങളെ വികലമാക്കുന്നതാണ് പ്രസംഗമെന്ന വിമര്‍ശനം വ്യാപകമാവുന്നതിനിടെയാണ് സമസ്ത നേതാവും പ്രഭാഷകനുമായ ബഷീര്‍ ഫൈസി ദേശമംഗലം മറുപടിയുമായെത്തിയത്.

ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കെട്ടുകാഴ്ചകളുടെ നെറ്റിപ്പട്ടങ്ങള്‍..!!

ഒട്ടേറെ മനുഷ്യ സൗഹാര്‍ദ്ദ സദസ്സുകളില്‍ പങ്കെടുക്കാറുണ്ട്. 'മത സൗഹാര്‍ദ്ദ' സമ്മേളനം എന്നാണ് പലപ്പോഴും നോട്ടീസില്‍ കാണാറുള്ളത്. എന്റെ പ്രസംഗത്തില്‍ അത് സദുദ്ദേശ്യപൂര്‍വം തിരുത്താറുണ്ട്. സ്വത്വം മറച്ചുവച്ചുള്ള ടിപ്പിക്കല്‍ പ്രസംഗത്തിന് മുതിരാറില്ല..!. കാരണം അത് നമ്മുടെ നിലപാടല്ല. വേദിക്കനുസരിച്ചു നയം മാറ്റാന്‍ കഴയില്ല. ഒരു മുസ്‌ലിമിന്റെ അടിസ്ഥാനപരമായ വിശ്വാസ പ്രമാണമാണ് തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നിവ. അതിനു വിരുദ്ധമായി ശ്രോതാക്കളെ തൃപ്തിപ്പെടുത്താന്‍ ആവില്ല. നിലപാട് ഏതു ക്ഷേത്രമുറ്റത്തും ചര്‍ച്ച് ഗ്രൗണ്ടിലും പറയാറുണ്ട്. അതിന്റെ പേരില്‍ പിന്നീട് ക്ഷണിക്കപ്പെടാതിരുന്നിട്ടില്ല.!

അതേസമയം അല്ലാഹുവിലും പ്രവാചകനിലും വിശ്വസിക്കുമ്പോള്‍ തന്നെ, അല്ലാഹു മാത്രമാണ് ആരാധ്യന്‍ എന്നു ഉറച്ചുവിശ്വസിക്കുമ്പോള്‍ തന്നെ, ഇതര മത വിശ്വാസികളെ സ്‌നേഹിക്കുന്നതിനു അതു തടസവുമല്ല. 'അയല്‍വാസി പട്ടിണിക്കിടക്കുമ്പോള്‍ വയര്‍ നിറയ്ക്കുന്നവന്‍ എന്നില്‍പെട്ടവനല്ല' എന്ന പ്രവാചക വാക്യം വിശ്വാസപരമായി എതിര്‍ മതത്തില്‍ നില്‍ക്കുന്നവനോടുള്ള സമീപനം പഠിപ്പിക്കുന്നുണ്ട്. അതേസമയം എല്ലാം ഒന്നാണ് എന്ന രീതിയിലുള്ള മത സൗഹാര്‍ദ്ദ പ്രസംഗങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണ്.

ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു മുസ്‌ലിം മത പണ്ഡിതന്റെ 'സ്വാമി കീര്‍ത്തന' പ്രസംഗം വിശ്വാസപരമായി അതിരു വിടുന്നതാണ്. ബന്ധപ്പെട്ട സംഘടന ഇടപെട്ട് അദ്ദേഹത്തെ തിരുത്തേണ്ടതുണ്ട്. മറ്റൊന്നുകൂടി അനുബന്ധമായി പറയണമെന്നു തോന്നുന്നു. തമ്മുടെ വേദികളിലൊക്കെ ഇടം കിട്ടുന്ന ഒരു സ്വാമിയുണ്ട്. നമ്മെ ഉപദേശിച്ചു നന്നാക്കല്‍ ഒരു വ്രതം പോലെ ഏറ്റെടുത്തിട്ടുണ്ട് അദ്ദേഹം. ഇടയ്ക്കിടെ അറബി പദങ്ങളും ഖുര്‍ആന്‍ വരികളുമൊക്കെ ഉദ്ധരിച്ചു നടത്തുന്ന പ്രസംഗം കൗതുകമുണര്‍ത്തുന്നതാണ്.

പക്ഷേ, പതിയിരിക്കുന്ന അപകടം മനസ്സിലാക്കാതെയാണ് നമ്മുടെ മഹല്ല് കമ്മിറ്റികള്‍ പോലും അദ്ദേഹത്തെ കെട്ടി എഴുന്നെള്ളിക്കുന്നത്. 'സര്‍വമത സത്യവാദം' ആണ് അദ്ദേഹം പ്രസംഗത്തിനിടയിലൂടെ കട്ടുകടത്തുന്നത്. സ്വാമി അറബി പറയുന്നു എന്ന കൗതുകം അധികം വൈകാതെ അപകടം ചെയ്യും...! ഇത്തരം സ്വാമികള്‍ സ്വന്തം സമുദായ വേദികളില്‍ ഒരിക്കലും ഇസ്‌ലാമിന്റെ മഹത്വത്തെ പറയുകയോ, ഫാഷിസത്തിലേക്ക് പോവരുത് എന്ന് ഉപദേശിക്കുകയോ ഇല്ല. നമ്മള്‍ സ്വകാര്യമായും പരസ്യമായും വര്‍ഗീയതയെയും ഫാഷിസത്തെയും എതിര്‍ക്കുമ്പോഴും ഹൈന്ദവ സമൂഹത്തിലെ മുഖ്യധാരാ സ്വാമികള്‍ ഫാഷിസത്തെ കുറിച്ച് ഒരക്ഷരം സ്വന്തം സമുദായത്തോട് പറയുകയേ ഇല്ല...!!. സ്വാമി സന്ദീപാനന്ദ ഗിരിയെപോലെയുള്ള അപൂര്‍വം ചിലയാളുകളെ മാറ്റി നിര്‍ത്തിയാല്‍ ഇതൊരു വസ്തുതയാണ്. മത സൗഹാര്‍ദ്ദം എന്ന നെറ്റിപ്പട്ടം കെട്ടിക്കൊണ്ടുവരുന്ന ഇത്തരം കെട്ടുകാഴ്ചകളെ മാറ്റി നിര്‍ത്താന്‍ ഇനിയെങ്കിലും സമുദായം തയ്യാറാവണം...!! ഉറച്ച ഫാഷിസ്റ്റ് വിരുദ്ധ നിലപാട്, ആദ്യം സ്വന്തം സമുദായത്തില്‍ പറയുകയും, പിന്നെ പൊതു സമൂഹത്തെ ഉല്‍ബോധിപ്പിക്കാനുമാവുന്ന നിലപാടുള്ളവരെയല്ലാതെ അടുപ്പിക്കരുത്. അതു കാപട്യമാണ്.

എന്തിനാണ് ഈ സമുദായം ഇങ്ങനെ അപകര്‍ഷതാ ബോധത്തിന് അടിമപ്പെടുന്നത്..!?. നമ്മുടെ വിശ്വാസ പ്രകാരം നമ്മുടെ റബ്ബിനെ വിശ്വസിക്കാത്തതിന്റെ പേരില്‍ മറ്റൊരാളെ ഉപദ്രവിക്കാനോ, അനീതി ചെയ്യാനോ അവകാശമില്ല. മനുഷ്യനെ മനുഷ്യനായി കാണാനുള്ള ഉജ്വലമായ മാനവിക ബോധനം ഖുര്‍ആന്‍ നല്‍കുന്നുണ്ട്...!! ആ നിലപാടില്‍ വെള്ളം ചേര്‍ത്തുള്ള 'ബോധ്യപ്പെടുത്തലുകള്‍' ഇനിയെങ്കിലും സമുദായം ഉപേക്ഷിക്കണം. എല്ലാ പരിധിയും വിട്ട ഗുരുതരമായ വര്‍ത്തമാനമാണ് നേരത്തേ പറഞ്ഞ പണ്ഡിതന്റെ ഭാഗത്തു നിന്നുണ്ടായത്. നമ്മുടെ മഹാന്മാരായ മശാഇഖുമാരെ സ്വാമിയുമായി താരതമ്യം ചെയ്യുന്നതും, പ്രവാചകര്‍ നുബുവ്വത്തിനു മുമ്പ് വെറും സാധാരണ മനുഷ്യന്‍ ആയിരുന്നു എന്നതുമൊക്കെ ഉള്‍ക്കിടിലത്തോടെയാണ് കേട്ടത്...!!.

ഇതര സംഘടനയില്‍ പെട്ട ഒരാളുടെ 'നാപിഴ' ആഘോഷിക്കുകയല്ലയിത്. ബോധപൂര്‍വം വിശ്വാസ വിരുദ്ധമായ സംസാരിക്കുന്നുവെന്ന് ആ വിഡിയോ പലയാവര്‍ത്തി കേട്ടപ്പോള്‍ മനസ്സിലായി. അദ്ദേഹത്തെ തിരുത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുമെന്ന് തന്നയാണ് പ്രതീക്ഷിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ സുഹൃത്തുക്കള്‍ തന്നെ ആ പ്രസംഗത്തെ വിമര്‍ശിച്ചു രംഗത്തുവന്നത് കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാനായത് കൊണ്ടാണ്..! വിശ്വാസിക്കൊരു നിലപാടുണ്ട്.! ഏതു സാഹചര്യത്തിലും സ്വത്വബോധം നില നിര്‍ത്തുക എന്നത്.! അതിനപ്പുറമുള്ള വെള്ളം ചേര്‍ക്കലുകള്‍ വിശുദ്ധമായ ഒരു സന്ദേശത്തെ അപഹസിക്കലാണ്...!!

ബശീര്‍ ഫൈസി ദേശമംഗലംNext Story

RELATED STORIES

Share it