അതിയായി ദുഖമുണ്ട് മോളേ..., വിഷയം ഗതി മാറുകയാണ്; വയനാടിന്റെ ദുരവസ്ഥ തുറന്നുകാട്ടി ഷഹ് ലയുടെ ഇളയമ്മ

അതിയായി ദുഖമുണ്ട് മോളേ..., വിഷയം ഗതി മാറുകയാണ്; വയനാടിന്റെ ദുരവസ്ഥ തുറന്നുകാട്ടി ഷഹ് ലയുടെ ഇളയമ്മ

കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി ഷെഹ് ല ഷെറിന്‍ മരണപ്പെട്ട സംഭവവും ഇതേക്കുറിച്ചുള്ള സഹപാഠികളുടെ രോഷത്തോടെയുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളുമെല്ലാം കേരള രാഷ്ട്രീയത്തെ തന്നെ ദിവസങ്ങളായി ഒരു ക്ലാസ് മുറിയിലേക്കെത്തിച്ചിരിക്കുകയാണ്. ഷെഹ് ലയുടെയും കുടുംബത്തിന്റെയും വേദനയും അധ്യാപകരുടെയും ഡോക്ടറുടെയും നിസ്സംഗതയും സഹപാഠികളുടെ ധീരതയുമെല്ലാം ഇപ്പോഴും അന്തരീക്ഷത്തില്‍തന്നെയുണ്ട്. വിഷയത്തില്‍ ഷെ ഹ് ലയുടെ ഇളയമ്മയും മാധ്യമപ്രവര്‍ത്തകയുമായ ഫസ് ന ഫാത്തിമ തന്റെ ഫേസ്ബുക്കിലൂടെ ഉയര്‍ത്തുന്ന ഹൃദയഭേദകമായ, എന്നാല്‍ ഏറെ ഗൗരവമായ ചര്‍ച്ചകള്‍ക്കു വിധേയമാക്കേണ്ടതുമായ കുറിപ്പ് ഒന്ന് വായിക്കേണ്ടതു തന്നെയാണ്.

ഫസ് ന ഫാത്തിമയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എല്ലാവരും പതുക്കെ നിന്നെ മറക്കുകയാണ്...

ഷഹ് ല.... കുഞ്ഞാവേ നിന്റെ ജന്മനിയോഗം പൂര്‍ത്തിയാവണമെങ്കില്‍ ഇനിയും ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്. ഞാന്‍ നിരാശയിലാണ് മോളെ...നീയും വെറുമൊരു വാര്‍ത്തയാവുകയാണ്. നിന്നെ നഷ്ടപ്പെട്ടപ്പോള്‍ സമചിത്തതയോടെ നിന്നത് നിന്നിലൂടെ വയനാടിനൊരു മെഡിക്കല്‍ കോളജ് ലഭിക്കുമെന്ന് ഞങ്ങള്‍ കരുതിയത് കൊണ്ടാണ്. പക്ഷേ, അതുണ്ടാവണമെങ്കില്‍ സര്‍ക്കാര്‍ കണ്ണുതുറക്കണം. ഞങ്ങള്‍ നിനക്ക് നീതി വേണമെന്നല്ല പറയുന്നത്. അധ്യാപകനെ ക്രൂശിക്കണമെന്നും ഞങ്ങള്‍ പറയുന്നില്ല. അതു കൊണ്ട് നഷ്ടപ്പെട്ട നിന്നെ ഞങ്ങള്‍ക്ക് തിരിച്ചുകിട്ടില്ല. ഞങ്ങള്‍ക്ക് പറയാനുള്ളത് നിന്നിലൂടെ ഈ നാടിന് ഒരു ആതുരാലയം വേണമെന്നാണ്. അത് മാത്രമാണ് ഞങ്ങളുടെ ആവശ്യം. നീ വേര്‍പ്പെട്ട ദു:ഖത്തില്‍ പങ്കുചേരാന്‍ ദിനവും നിരവധി പേരാണ് വരുന്നത്. സമാശ്വാസ വാക്കുകളല്ല, ഞങ്ങള്‍ക്ക് വേണ്ടത്. ഇനിയൊരു ജീവനും നിന്നെപ്പോലെ പൊലിഞ്ഞുപോവരുത്. അതിന് സത്വര നടപടികളാണ് വേണ്ടത്.

നിന്റെ വല്യുമ്മയുടെ പെണ്‍കുഞ്ഞ് 1974ല്‍ മരിച്ചതും മതിയായ ചികില്‍സ കിട്ടാതെയാണ്. നിന്റെ വല്യുപ്പ വീരാന്‍കുട്ടി 2009ല്‍ മരിച്ചതും ചികില്‍സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ്. ഇപ്പോള്‍ 2019ല്‍ നിന്റെ ജീവന് ആപത്തുണ്ടായപ്പോഴും വയനാട്ടിലെ ചികില്‍സാ സംവിധാനം 1974ലെ അതേ അവസ്ഥയിലാണ്. സാങ്കേതികത്വം ഇത്ര കണ്ട് പുരോഗമിച്ചിട്ടും വയനാടിനു മാത്രം ഈ ഗതിയെന്താണ്? മൂന്നര മണിക്കൂര്‍ യാത്ര ചെയ്ത് കോഴിക്കോടിനെ ആശ്രയിക്കേണ്ടി വരുന്നത് ഈ അധികാരികളാരും കാണുന്നില്ലല്ലോ? എല്ലാറ്റിലും രാഷ്ട്രീയം കലര്‍ത്തി സംഭവത്തിന്റെ ഗൗരവം ഇല്ലാതാക്കുകയാണ്. നിന്നിലൂടെ നിന്റെ കൂട്ടുകാരികള്‍ക്ക് വീട് ലഭിക്കാന്‍ പോവുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. നിദ മോളുടെ ആര്‍ജവത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ, വെറുമൊരു താരോദയത്തെ ഹൈലേറ്റ് ചെയ്യപ്പെടുക മാത്രമാണോ എന്ന് ആശങ്കയുമുണ്ട്. അടിസ്ഥാനപരമായ വയനാടിന്റെ ആവശ്യം ഇനിയും എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. തങ്ങളുടെ ഭാഗം രക്ഷിക്കാന്‍ അധ്യാപകരും ഡോക്ടര്‍മാരും പല വാദങ്ങളുമായി വന്നിട്ടുണ്ട്. നിന്റെ വാപ്പ അദ്ദേഹം വന്നിട്ട് നിന്നെ ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞുവെന്ന്. ഏതെങ്കിലുമൊരു വാപ്പ അങ്ങനെ പറയുമോ? ഒരു മാഷ് ചെയ്ത തെറ്റു മാത്രമാണ് നിന്നെ ഞങ്ങള്‍ക്ക് നഷ്ടമാവാന്‍ കാരണമായത്. അതിന് എല്ലാ അധ്യാപകരും തെറ്റുകാരാണെന്ന തരത്തില്‍ പറയേണ്ടതില്ല. സ്വന്തം കുഞ്ഞിനെ പോലെ സ്‌നേഹിക്കുന്ന ആയിരം അധ്യാപകരെ എനിക്കറിയാം. പക്ഷേ, മരണത്തിന് ഉത്തരവാദിയായ അധ്യാപകനെ ന്യായീകരിക്കുന്ന ചില അധ്യാപകരെയും കണ്ടു. ആ മാഷിനെ വെള്ളപൂശാന്‍ ശ്രമിക്കുന്നവരെയും. അനാസ്ഥ കാണിച്ച ഡോക്ടറെയും വെള്ളപൂശാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അറിഞ്ഞു. അതിയായി ദു:ഖമുണ്ട് മോളെ... വിഷയം ഗതി മാറുകയാണ്. പരസ്പരം പഴിചാരുകയാണ്. ഇനി വര്‍ഷം കഴിഞ്ഞാലും ഇതേ അവസ്ഥ തന്നെയായിരിക്കും. അതില്ലാതിരിക്കണമെങ്കില്‍ ഇന്ന് ഞാനുള്‍പ്പെടെയുള്ളവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇനി നിന്റെ ഗതി ആര്‍ക്കും വന്നു കൂടാ....
RELATED STORIES

Share it
Top