- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാം തിരഞ്ഞെടുക്കുന്നത് മറ്റൊരു സര്‍ക്കാരിനെയല്ല; രാജ്യത്തിന്റെ ഭാവിയെയാണ്

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
തുടര്‍ച്ചയായി ബിജെപിക്ക് വോട്ടു ചെയ്യരുതെന്നും ഇനിയൊരു തവണ കൂടി മോദിഭരണം ഉണ്ടായാല്‍ അത് രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥയെ തന്നെ തകര്‍ക്കുമെന്നും ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സമാനമനസ്‌കരായ സുഹൃത്തുക്കള്‍ പോലും എന്റെ പുലമ്പലുകള്‍ അതിശയോക്തിയാണെന്ന് കരുതുന്നുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. എല്ലാ പാര്‍ട്ടികളും നടത്തുന്ന അഴിമതിയും സ്വജനപക്ഷപാതവുമല്ലാതെ ജനാധിപത്യത്തെ തന്നെ നശിപ്പിക്കാന്‍ തക്കവണ്ണം ബിജെപി അത്ര ജനാധിപത്യവിരുദ്ധമായ പാര്‍ട്ടിയാണോ എന്നും അവര്‍ സംശയിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
പരിസ്ഥിതിപ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ച് ഉറക്കെ സംസാരിക്കുമ്പോള്‍ പൊതുജനം അവരെ നോക്കിക്കാണുന്നപോലെയാണ് പലപ്പോഴും ബിജെപി ഇന്ത്യന്‍ ജനാധിപത്യത്തിന് അപകടമുണ്ടാക്കുമെന്ന മുറവിളികളെ പലരും നോക്കി കാണുന്നതെന്ന് തോന്നിയിട്ടുണ്ട്.
പ്രത്യക്ഷത്തില്‍ അനുഭവവേദ്യമാവാത്ത ഒന്നിനെക്കുറിച്ച് അതിന്റെ പരിണിതഫലം ഉണ്ടാകുന്നതുവരെ ജനത്തെ പറഞ്ഞു മനസിലാക്കാന്‍ എളുപ്പമല്ല. എന്നാല്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല എനിക്ക് ഈ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയും അതിന്റെ പരിണിത ഫലങ്ങളും അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതുകൊണ്ട് ഇനിയൊരു തവണ കൂടി ഈ പ്രസ്ഥാനം അധികാരത്തിലേറിയാല്‍ എന്താണ് സംഭവിക്കുക എന്നതേക്കുറിച്ച് കുറേക്കൂടി വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ എന്റെ വാചകങ്ങള്‍ വ്യക്തിപരമായും കലാപ്രവര്‍ത്തനം നടത്തി ഉപജീവനം കഴിക്കുന്ന ഒരു പൗരനെന്ന നിലയിലും എനിക്ക് ഉണ്ടാക്കാവുന്ന എല്ലാത്തരം നഷ്ടങ്ങളെക്കുറിച്ചും തിരിച്ചറിവുണ്ടെങ്കിലും സത്യം വിളിച്ചുപറയാതിരിക്കാന്‍ നിവൃത്തിയില്ല.
കേരളത്തിലെ സിപിഎം ഗവണ്മെന്റിനെതിരെയുള്ള വിമര്‍ശനങ്ങള്‍ കൊണ്ട് പ്രതികാരനടപടികള്‍ നേരിടേണ്ടി വന്നിട്ടുള്ള ഒരാളും കൂടിയാണ് ഞാന്‍. അതൊക്കെ അക്കമിട്ടുപറയേണ്ട ഒരവസരമല്ല ഇതെങ്കിലും ഏതെങ്കിലും ഒരു ചേരിയുടെ അഭയത്തില്‍ നിന്നുകൊണ്ടല്ല ഞാന്‍ ഇങ്ങനെ ഒരു നിലപാടെടുക്കുന്നത് എന്ന് സൂചിപ്പിക്കേണ്ടതുണ്ട് എന്നതുകൊണ്ട് പറഞ്ഞുവെന്ന് മാത്രം.
ഓര്‍മവെച്ച കാലം മുതല്‍ ബിജെപി ഇന്ന് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം കണ്ടും കേട്ടും അറിഞ്ഞും വളര്‍ന്നിട്ടുള്ള മനുഷ്യനാണ് ഞാന്‍. ആര്‍എസ്എസിന്റെ ബാലശാഖയില്‍ ഞാന്‍ പോയിട്ടുണ്ട്. ഹിന്ദുമുന്നണിക്ക് വോട്ടുചോദിച്ചുകൊണ്ട് ചുവരെഴുതുന്ന അച്ഛന്റെ ഒപ്പം തെങ്ങും താമരയും വരയ്ക്കാന്‍ കൂടിയിട്ടുണ്ട്. ലോകോളജില്‍ എബിവിപിയുടെ യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരിച്ചറിവുണ്ടായിട്ടും രക്തത്തില്‍ കലര്‍ന്നുപോയിട്ടുള്ള വികാരം കുടഞ്ഞുകളയാനാവാതെ പലപ്പോഴും ചിന്തിച്ചിട്ടും സംസാരിച്ചിട്ടുമുണ്ട്. എന്നാല്‍, ഈ രാഷ്ട്രീയ പ്രസ്ഥാനം എതിര്‍ശബ്ദങ്ങളെയെല്ലാം ഉന്മൂലനം ചെയ്യുന്ന ഒന്നാണെന്നും മനുഷ്യന്റെ സ്വാഭാവികമായ സ്വാതന്ത്യവാഞ്ചക്കും ജനാധിപത്യം എന്ന മഹത്തായ ആശയത്തിനും എതിരു നില്‍ക്കുന്ന ഒന്നാണെന്നും മനസിലാക്കാന്‍ ഇടയായ രണ്ട് സംഭവങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. ആദ്യത്തേത് എന്നെ ആപ്രസ്ഥാനത്തില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ സഹായിച്ചു. രണ്ടാമത്തേത് എത്രമാത്രം അപകടകരമായി അത് ഈ രാജ്യത്തെ കീഴടക്കിത്തുടങ്ങി എന്ന് തിരിച്ചറിയാന്‍ സഹായിച്ചു.
ഒന്നാമത്തേത് ലോകോളജില്‍ യൂണിറ്റ് സെക്രട്ടറി ആയിരിക്കുന്ന സമയത്താണ്. ഒരു കാംപസ് ഇലക്ഷന്‍ കാംപയ്‌നില്‍ ഞാന്‍ ക്ലാസില്‍ സംസാരിക്കുമ്പോള്‍ എന്റെ അടുത്ത സുഹൃത്തായിരുന്ന എസ് വി പ്രദീപ് പ്രകോപനമൊന്നും കൂടാതെ എസ്എഫ്‌ഐക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് കാംപയ്ന്‍ അലങ്കോലമാക്കി. എന്തിനായിരുന്നു അയാള്‍ അത് ചെയ്തതെന്ന് എനിക്കറിയില്ല. ഒരു എസ്എഫ്‌ഐ അനുഭാവി ആയിരുന്നെങ്കിലും സജീവ പ്രവര്‍ത്തകനായിരുന്നില്ല അയാള്‍. ഞങ്ങള്‍ തമ്മില്‍ സിനിമ എന്ന വിഷയത്തിലുള്ള പൊതു താല്‍പ്പര്യം മൂലം വളരെ അടുത്ത ബന്ധം തന്നെയുണ്ടായിരുന്നു. ഞാനദ്ദേഹത്തിന്റെ വീട്ടില്‍ പോവുകയും വീട്ടുകാരോടൊക്കെയും നല്ല അടുപ്പമുണ്ടാവുകയും ചെയ്തിട്ടുണ്ടായിരുന്നു. ആ സംഭവം സംഘടനയില്‍ വലിയ കോളിളക്കമുണ്ടാക്കി. അന്നു വൈകുന്നേരം അടിയന്തിരമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രദീപിനെ വീടുകയറി തല്ലണമെന്നും വീട് ഞാന്‍ തന്നെ കാണിച്ചുകൊടുക്കണമെന്നും മുതിര്‍ന്ന ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഒരിക്കലും അതു ചെയ്യാന്‍ കഴിയില്ലെന്നും ഞാന്‍ അതിനു കൂട്ടുനില്‍ക്കുകയില്ലെന്ന് മാത്രമല്ല അങ്ങനെ ഒരു നീക്കമുണ്ടായാല്‍ അതിനെ ചെറുക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് ഞാനായിരിക്കുമെന്നും ഞാന്‍ പറഞ്ഞു. എന്റെ ആ നിലപാട് എന്നെ ഭീരുവും നട്ടെല്ലില്ലാത്തവനുമാക്കി. അങ്ങനെ പുറത്തേക്കുള്ള വഴി ഞാന്‍ കണ്ടെത്തി. (പ്രദീപ് ഇന്ന് ശക്തമായി പിണറായി വിജയനെ എതിര്‍ക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ്)
രണ്ടാമത്തെ സംഭവം എന്റെ സെക്‌സി ദുര്‍ഗ എന്ന സിനിമയുമായി ബന്ധപ്പെട്ടതാണ്. സെക്‌സി ദുര്‍ഗ ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടിയ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഭീഷണി കോളുകളും ആഭാസങ്ങളും ഹിന്ദുതീവ്രവാദികളില്‍ നിന്നു വന്നു തുടങ്ങിയിരുന്നു. പേരുമാറ്റിയാല്‍ മാത്രം മതി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം എന്നതരത്തില്‍ ഒത്തു തീര്‍പ്പ് സംസാരങ്ങളും ഉണ്ടായിരുന്നു. സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ മുന്നിലെത്തിയപ്പോള്‍ സെന്‍സര്‍ ഓഫീസര്‍ സിനിമയുടെ ടൈറ്റിലിനെതിരെ ആയിരത്തോളം പരാതികള്‍ ഉണ്ടായിട്ടുണ്ട് അതുകൊണ്ടുതന്നെ സെന്‍സര്‍ കിട്ടാന്‍ ബുദ്ധിമുട്ടാവുമെന്ന് എന്നോട് പറഞ്ഞു. സിനിമ കണ്ടിട്ട് സംസാരിക്കാം എന്നായിരുന്നു എന്റെ നിലപാട്. സിനിമ കണ്ടതിനു ശേഷം അവര്‍ പറഞ്ഞത് വളരെ നല്ല സിനിമയാണ് പക്ഷേ പേരു മാറ്റാതെ സെന്‍സര്‍ തരാന്‍ കഴിയില്ല എന്നായിരുന്നു. പേരു മാറ്റുക എന്നതല്ലാതെ മറ്റൊരു കട്ടും സിനിമയില്‍ അവര്‍ നിര്‍ദ്ദേശിച്ചില്ല എന്നതുകൊണ്ട് സെക്‌സി ദുര്‍ഗ എന്നത് എസ് ദുര്‍ഗ എന്നാക്കാന്‍ ഞാന്‍ സമ്മതിച്ചു. അങ്ങനെ സിനിമയ്ക്ക് സെന്‍സര്‍ ലഭിച്ചു എങ്കിലും എസ് ദുര്‍ഗ എന്നത് സെക്‌സി ദുര്‍ഗ എന്നപേരിനെ ഓര്‍മിപ്പിക്കുന്നു എന്നതുകൊണ്ട് കേന്ദ്രഗവണ്മെന്റും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനിയും സിനിമ പുറം ലോകം കാണിക്കില്ല എന്ന് നിലപാടെടുത്തു.
IFFI യില്‍ സിനിമ സെലക്ട് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ജൂറി സമര്‍പ്പിച്ച ലിസ്റ്റില്‍ നിന്ന് എസ് ദുര്‍ഗയെ മന്ത്രി ഇടപെട്ട് വെട്ടിപ്പുറത്താക്കി. ഇത് ഞാനറിയുന്നത് ജൂറി അംഗങ്ങള്‍ മന്ത്രിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് രാജിവച്ച് പുറത്തു വരുമ്പോഴായിരുന്നു. ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ ഈ നടപടിക്കെതിരെ ഞാന്‍ കോടതിയില്‍ പോയി. ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി സിനിമക്കനുകൂലമായി വിധി പുറപ്പെടുവിച്ചു. സിനിമ IFFI യില്‍ പ്രദര്‍ശിപ്പിക്കണം എന്നതായിരുന്നു വിധി. എന്നാല്‍ കോടതിവിധി അനുസരിക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. അവര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. (ഒരു സാധാരണ പൗരനെതിരെ ഒരു രാജ്യം ഖജനാവില്‍ നിന്നു ലക്ഷങ്ങള്‍ ചെലവഴിച്ച് കേസ് നടത്തിയ കഥയാണിത്. ചെലവായ തുകയുടെ കണക്ക് ആര്‍ക്ക് വേണമെങ്കിലും തിരുവനന്തപുരത്ത് സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ നിന്ന് ഒരു ആര്‍ടിഐ വഴി എടുക്കാം). അപ്പീലിലും വിധി എനിക്ക് അനുകൂലമായതോടെ സിനിമ കാണിക്കുക എന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയായി മാറി. എന്നാല്‍, ഇവിടെ മുതലാണ് ഈ സര്‍ക്കാരിന്റെ ജനാധിപത്യധ്വംസന സ്വഭാവം മറനീക്കി പുറത്തുവരുന്നത് എനിക്ക് പ്രകടമായി കാണാന്‍ കഴിഞ്ഞത്. കോടതി വിധിയുടെ പകര്‍പ്പുമായി ഞാനും കണ്ണന്‍ നായരും IFFI ഡയറക്ടര്‍ സുനിത് ടണ്ടനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫിസിലെത്തി. അദ്ദേഹത്തിന്റെ ഓഫിസിനു മുന്നില്‍ വച്ചുതന്നെ ഏതാനും ചെറുപ്പക്കാരായ ഉദ്യോഗസ്ഥര്‍ ഞങ്ങളെ തടഞ്ഞു. അദ്ദേഹത്തെ കാണാന്‍ കഴിയില്ലെന്നും വിധിയുടെ പകര്‍പ്പ് ഓഫിസില്‍ ഏല്‍പിച്ചിട്ട് പൊയ്‌ക്കോളാനും അവര്‍ പറഞ്ഞു. പ്രകടമായി തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ രീതിയില്‍ സംസാരിക്കുന്ന ഏതാനും പേര്‍, ഫെസ്റ്റിവല്‍ നടത്തിപ്പിനായി തിരുകിക്കയറ്റിയ പ്രവര്‍ത്തകര്‍.
സംസാരം ഉച്ചത്തിലായപ്പോള്‍ പത്രക്കാരും അവിടെ എത്തിയതോടെ ഫെസ്റ്റിവല്‍ ഓഫിസിലെ ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടറെ നേരിട്ട് കണ്ട് വിധിപ്പകര്‍പ്പ് കൊടുത്തിട്ടേ പോകൂ എന്ന് ഞാന്‍ വാശി പിടിച്ചതോടെ ഞങ്ങളെ സുനിത് ടണ്ടന്റെ ഓഫിസിന്റെ എതിര്‍വശത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടിരുത്തി വാതില്‍ കുറ്റിയിട്ടു. ഫെസ്റ്റിവല്‍ ഓഫിസിലെ ഒരു ചെറുപ്പക്കാരന്‍ എന്നോട് രൂക്ഷമായി സംസാരിക്കാന്‍ തുടങ്ങി. ഞാനും ഒതുങ്ങിയിരിക്കാന്‍ തയാറായിരുന്നില്ല. ചെറുപ്പക്കാരന്റെ സ്വരം ഭീഷണിയുടെയും അവഹേളനത്തിന്റെയും രീതിയിലായപ്പോള്‍ പ്രായം ചെന്ന ഏതാനും ഉദ്യോഗസ്ഥര്‍ അയാളെ ശകാരിച്ച് പുറത്തേക്കയച്ചു. അയാള്‍ പുറത്തുപോയപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ നിസഹായത വെളിവാക്കിക്കൊണ്ട് കുറ്റബോധത്തോടെ എന്നോട് സംസാരിച്ചു. ആ അടഞ്ഞ മുറിക്കുള്ളില്‍ എനിക്ക് ആദ്യമായി ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ആധി തോന്നി. ഹിറ്റ്‌ലറിന്റെ ഭരണകാലത്തെക്കുറിച്ചുള്ള ഏതോ സിനിമയിലെ ഒരു കഥാപാത്രമാണ് ഞാനും കണ്ണനും ആ ചെറുപ്പക്കാരനും മുതിര്‍ന്ന ഉദ്യോഗസ്ഥരും എല്ലാമെന്നെനിക്ക് തോന്നി. ആര്‍ക്കും ഒന്നുമറിയില്ല. എവിടെനിന്നോ ഒരു നിര്‍ദ്ദേശം കിട്ടുന്നതുവരെ ആരും ഒന്നും പറയാനും ഉറപ്പിക്കാനും തയാറല്ലാത്ത അവസ്ഥ. ഭരണഘടനയും നിയമവും കോടതിയുമൊക്കെ എവിടെ നിന്നോ വരുന്ന ആ അജ്ഞാതന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് കടപുഴക്കപ്പെടുന്ന അവസ്ഥ. എനിക്ക് എന്നെക്കുറിച്ചോ എന്റെ സിനിമയെക്കുറിച്ചോ അല്ല. എന്റെ രാജ്യത്തെക്കുറിച്ചോര്‍ത്ത് ഭീതി തോന്നി. വല്ലാത്തൊരു നിസഹായതാവസ്ഥ എന്നെ വന്നു പൊതിഞ്ഞു. ഏറെ നേരം കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്ന് ഞങ്ങളെ വാതില്‍ തുറന്ന് പുറത്തിറക്കി ടണ്ടന്റെ റൂമിലേക്ക് കൊണ്ടുപോയി. നീണ്ടുമെലിഞ്ഞ് വിളറിയ മുഖവുമായി മാന്യനായ ആ മനുഷ്യന്‍ തന്റെ കസേരയില്‍ ഇരിപ്പുണ്ടായിരുന്നു. കോടതിവിധിയുടെ പകര്‍പ്പ് ഞാന്‍ കൈമാറുമ്പോള്‍ കണ്ണില്‍ കണ്ണില്‍ നോക്കാന്‍ കഴിയാത്തവിധം അയാള്‍ പതറുന്നുണ്ടായിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കണമെന്നാണ് കോടതിവിധിയെന്ന് ഞാന്‍ പറഞ്ഞു. എന്നാണ് സിനിമ കാണിക്കാനാവുക എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു. എനിക്കറിയില്ല.. തീരുമാനമെടുക്കുന്നത് ഞാനല്ല. എനിക്ക് ആ മനുഷ്യനോട് സഹതാപം തോന്നി.
കോടതി വിധി നടപ്പാക്കപ്പെട്ടില്ല. പുതിയ ജൂറിയെ നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായി. എന്റെ സിനിമക്കെതിരെ പുതിയ ജൂറി ചെയര്‍മാന്‍ പരസ്യമായി തന്നെ പ്രസ്താവന നടത്തി. കോടതിവിധിക്ക് കടലപൊതിയാനുള്ള കടലാസിന്റെ വിലയില്ലെന്ന് അപമാനിക്കപ്പെട്ടു. ഞാനും കണ്ണനും മാത്രം ഫെസ്റ്റിവല്‍ വളപ്പില്‍ സേവ് ഡെമോക്രസി എന്നെഴുതിയ ഒരു കടലാസുതുണ്ടും പിടിച്ച് പ്രതിഷേധിച്ചു.
ഏറെക്കാലം കഴിഞ്ഞില്ല സുപ്രിം കോടതിയിലെ ഇന്നത്തെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ പൊതുജനങ്ങള്‍ക്കു മുന്‍പാകെ വന്ന് ജനാധിപത്യം അപകടത്തിലാണെന്ന് പറഞ്ഞു. ജനാധിപത്യമാണ് ഈ രാജ്യത്തിന്റെ സൗന്ദര്യം. അത് അപകടത്തിലാണെന്ന് പറഞ്ഞാല്‍ ഈ രാജ്യം അപകടത്തിലാണെന്നുതന്നെയാണര്‍ത്ഥം.
സുഹൃത്തുക്കളെ.. ഞാനീ എഴുതുന്നത് എന്നെ എത്രമാത്രം അപായപ്പെടുത്താമെന്ന് എനിക്കറിയില്ല. ഒരുപക്ഷേ ഈ സര്‍ക്കാര്‍ തിരിച്ചുവന്നേക്കാം. അതിന്റെ പ്രതികാരസ്വരൂപം പ്രകടിപ്പിച്ചേക്കാം. പക്ഷേ ഞാനിത് പറഞ്ഞു എന്ന സമാധാനം എനിക്കുണ്ടാവുമെന്ന് ഞാന്‍ സമാധാനിക്കുന്നു. ജനാധിപത്യത്തിനായി വോട്ട് ചെയ്യുക. ഏകാധിപത്യത്തിന്റെയും മതാധിപത്യത്തിന്റെയും വിഷം വമിപ്പിക്കുന്ന രാഷ്ട്രീയത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കാതിരിക്കുക. ഇത് നമ്മുടെ നിര്‍ണായകമായ തിരഞ്ഞെടുപ്പാണ്. ഇവിടെ നാം മറ്റൊരു സര്‍ക്കാരിനെ തിരഞ്ഞെടുക്കുകയല്ല. നമ്മുടെ രാജ്യത്തിന്റെ ഭാവിയെത്തന്നെയാണ് തിരഞ്ഞെടുക്കുന്നത്.
ജയ് ഹിന്ദ്!
RELATED STORIES
ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ...
27 March 2025 11:14 AM GMTഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു
27 March 2025 10:59 AM GMTവിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കുക; സമരം നടത്താനൊരുങ്ങി...
27 March 2025 10:38 AM GMTഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്
27 March 2025 9:50 AM GMTശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ച് 'മാതൃകാ...
27 March 2025 9:35 AM GMTജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം...
27 March 2025 9:11 AM GMT