Emedia

''ഉമ്മയെ അവസാനമായി ഒരുനോക്ക് കാണാനാവാതെ...'' മകന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

ഉമ്മയുടെ മരണനിമിഷങ്ങളിലും മരണാന്തര ചടങ്ങുകളിലും കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതിന്റെ സങ്കടം പങ്കുവയ്ക്കുകയാണ് മകന്‍ സമീര്‍ കോയക്കുട്ടി.

ഉമ്മയെ അവസാനമായി ഒരുനോക്ക് കാണാനാവാതെ... മകന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
X

മക്കളുടെ സാന്നിധ്യത്തിലായിരിക്കണം തന്റെ അവസാന നിമിഷങ്ങള്‍ എന്നാഗ്രഹിച്ച ഒരുമ്മയുടെ മരണനിമിഷങ്ങളിലും മരണാന്തര ചടങ്ങുകളിലും കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതിന്റെ സങ്കടം പങ്കുവയ്ക്കുകയാണ് മകന്‍ സമീര്‍ കോയക്കുട്ടി. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ മക്കളെ കൈപിടിച്ചുനടത്തിയ കരുതല്‍, അനാഥയായ ഒരു സ്ത്രീയ്ക്ക് അഭയം നല്‍കിയ കരുണ, അതെല്ലാമായിരുന്നു ആ മക്കള്‍ക്ക് ഉമ്മ ചടയന്‍ കുന്നുമ്മല്‍ കുഞ്ഞാമി ഹജ്ജുമ്മ.

ഓരോ നിമിഷത്തിലും തന്നെ ശ്രദ്ധയോടെ കൈപിടിച്ച ഉമ്മ വഴക്കുപറഞ്ഞതിനും തടസ്സം നിന്നതിനും കരഞ്ഞതിനും വിഷമിച്ചതിനുമൊക്കെ കാരണം കണ്ടെത്തുകയാണ് ആ മകന്‍ ഫെയ്‌സ് ബുക്കില്‍ പ്രസിദ്ധീകരിച്ച ഈ കുറിപ്പിലൂടെ.

''എല്ലാ വേര്‍പാടും ദു:ഖകരമാണ്, ഉമ്മയുടേതാവുമ്പോള്‍ അത് ഒരു എരിച്ചിലാണ്, ഓര്‍ത്തോര്‍ത്ത് തേങ്ങി കരയാന്‍, അത് കണ്ണുകളെ ഈറനണിയിച്ചു കൊണ്ടേയിരിക്കും അനന്തമായി... ഓരോ ഘട്ടത്തിലും ഉമ്മ നമ്മെ സമാശ്വസിപ്പിച്ചത്, തലോടിയത്, വഴക്ക് പറഞ്ഞത് എന്തിനു ഓര്‍മ്മകളെ തലോടുന്നവര്‍ക്ക് താരാട്ട് പോലും തേങ്ങലാവും. പണ്ട് ഉമ്മ നമുക്കായി പാടിയ താരാട്ടുകള്‍, നമ്മുടെ കൊച്ചു സഹോദരിക്കായി, സഹോദരനായി ഉമ്മ പാടിയ താരാട്ടുകള്‍, നിദ്രാവിഹീനമായ ഉമ്മയുടെ രാവുകള്‍ എല്ലാം ഓരോരോ തേങ്ങലുകളാണ്. ഓര്‍മ്മയുടെ പടവുകളിലൂടെ ഉമ്മ നമ്മുടെ അന്ത്യം വരെ സഞ്ചരിച്ചു കൊണ്ടേ ഇരിക്കും. നെടുവീര്‍പ്പുകളോടെ'' മകന്‍ എഴുതുന്നു.

ചെറുപ്പത്തിലേ വിധവയായ അവര്‍ മക്കളെ വളര്‍ത്തിയെടുത്തതിനു പിന്നിലെ ത്യാഗവും നിശ്ചയദാര്‍ഢ്യവും ഈ ഓര്‍മ്മക്കുറിപ്പില്‍ വായിക്കാം.

പൂര്‍ണമായ കുറിപ്പ് താഴെ വായിക്കാം:

അല്ലാഹുവിന്റെ വിളിക്കു ഉത്തരമേകി ഉമ്മ പോയി, ചൊവ്വാഴ്ച രാത്രി (31032020), ഉമ്മ പോയി, അല്ലാഹു നിശ്ചയിച്ച സമയം വന്നെത്തി ഉമ്മ യാത്രയായ്. എല്ലാ വേര്‍പാടും ദു:ഖകരമാണ്, ഉമ്മയുടേതാവുമ്പോള്‍ അത് ഒരു എരിച്ചിലാണ്, ഓര്‍ത്തോര്‍ത്ത് തേങ്ങി കരയാന്‍, അത് കണ്ണുകളെ ഈറനണിയിച്ചു കൊണ്ടേയിരിക്കും അനന്തമായി... ഓരോ ഘട്ടത്തിലും ഉമ്മ നമ്മെ സമാശ്വസിപ്പിച്ചത്, തലോടിയത്, വഴക്ക് പറഞ്ഞത് എന്തിനു ഓര്‍മ്മകളെ തലോടുന്നവര്‍ക്ക് താരാട്ട് പോലും തേങ്ങലാവും. പണ്ട് ഉമ്മ നമുക്കായി പാടിയ താരാട്ടുകള്‍, നമ്മുടെ കൊച്ചു സഹോദരിക്കായി, സഹോദരനായി ഉമ്മ പാടിയ താരാട്ടുകള്‍, നിദ്രാ വിഹീനമായ ഉമ്മയുടെ രാവുകള്‍ എല്ലാം ഓരോരോ തേങ്ങലുകളാണ്. ഓര്‍മ്മയുടെ പടവുകളിലൂടെ ഉമ്മ നമ്മുടെ അന്ത്യം വരെ സഞ്ചരിച്ചു കൊണ്ടേ ഇരിക്കും. നെടുവീര്‍പ്പുകളോടെ.

എന്നെ സംബധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ഈ ലോകത്ത് എന്നെ മനസ്സിലാക്കിയ ഒരേ ഒരു വ്യെക്തിത്വം അതായിരുന്നു എന്റെ ഉമ്മ. സ്‌നേഹത്തിന്റെ ഒരു സാഗരം. നിമിഷങ്ങള്‍ വാചാലമാവുന്നു... ഇപ്പോള്‍... മറഞ്ഞകന്നുപോയ് ആവിയായി ആ സ്‌നേഹസാഗരവും. ഒരു ഉമ്മ എന്നന്നേക്കുമായി നഷ്ടപ്പെടുക!!! ഇതില്‍ കവിഞ്ഞ എന്തുണ്ട് ഈ ലോകത്ത് നഷ്ടമായി, എന്റെ ദൗത്യം ഇവിടെ പൂര്‍ണമായി എന്ന് ഉമ്മ പറയാതെ പറഞ്ഞു യാത്രയായി.

അവസാനം ഒരു നോക്ക് കാണാന്‍ പോലും സാധിക്കാത്ത ലോക ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വി പോലും ഇല്ലാത്ത ദൃഷ്ടി ഗോജരം പോലും അല്ലാത്ത ഒരു ചെറു കൃമി ഒരു കീടം വൈറസ്. അത് സര്‍വ യാത്രകളും മുടക്കി/മുടങ്ങി ലോകം തന്നെ നിശ്ചലം, നിര്‍ജീവം, ഭീതിജനകം. ഭൂമിയെ പോലും സ്വന്തം കാല്‍കീഴില്‍ നിര്‍ത്തി എന്നവകാശപ്പെടുന്ന ലോകോത്തര സാമ്രാജ്യങ്ങള്‍ പോലും കിടുകിടാ വിറച്ചു നില്‍ക്കുന്നു. അവരുടെയും കരങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയരുന്നു. ആനക്കൂട്ടങ്ങങ്ങളെ അബാബീല്‍ പക്ഷികളെ കൊണ്ട് തുരത്തിയ ജഗന്നിയന്താവിനു ഇതൊക്ക എത്ര നിസ്സാരം.

ഉമ്മയുടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ പോയ ഒരന്ത്യാഭിലാശം, എന്റെ ആണ്‍ മക്കളുടെ സാനിധ്യത്തിലായിരിക്കണം എന്റെ അന്ത്യ യാത്ര എന്നത് ഉമ്മ ബാക്കി വെച്ച് പോയ ഒരു ചരമ കുറിപ്പായി മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. അല്ലാഹു നന്നായി അറിയുന്നു നമ്മുടെ നിസ്സഹായാവസ്ഥ. അതോര്‍ക്കുന്തോറും, കരച്ചിലടക്കാന്‍ വയ്യ. നമ്മുടെ നാട്ടിലെ അനാവശ്യ മാമൂലുകള്‍ അനിഷ്ടത്തോടെ കണ്ടിരുന്ന ഒരു മനസ്സു അതിനു പിന്നില്‍ കാണാന്‍ സാധിക്കുന്നു. ഉമ്മയുടെ മനസ്സ് അറിയുന്നത് കൊണ്ട് എല്ലാം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ സാധിച്ചു. ഉമ്മയുടെ സ്വന്തം മക്കള്‍ തന്നെയാണ് ആ പൂമേനി കുളിപ്പിച്ചത്. അല്‍ ഹംദു ലില്ലാഹ്. നാട്ടിലെ സഹോദരന്റെയും അവരുടെ മക്കളുടെയും സഹായത്തോടെ ഉമ്മയുടെ അന്ത്യയാത്ര പൂര്‍ണമായും വീഡിയോയിലൂടെ കാണാനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും സാധിച്ചു.

ഒരു മനുഷ്യായുസ്സു മുഴുവനും ത്യാഗ പൂര്‍ണമായ; എങ്ങിനെ ജീവിക്കണം, എങ്ങിനെ കരുണയുടെ വിളനിലമാവണം, കുട്ടികളെ എങ്ങിനെ വളര്‍ത്തണം, കുടുംബ ബന്ധങ്ങള്‍ എങ്ങിനെ കെട്ടുറപ്പുള്ളതാക്കണം, പിതാവിന്റെയും മാതാവിന്റെയും റോള്‍ എങ്ങിനെ ജീവിച്ചു തീര്‍ക്കണം, നിത്യ ജീവിതം എങ്ങിനെ ലളിതമാക്കണം, ജീവിത വിഭവങ്ങള്‍ എങ്ങിനെ സമാഹാരിക്കണം എന്നൊക്കെ പഠിപ്പിച്ചാണ് ഉമ്മ പോയത്.

39 വര്‍ഷം മുമ്പ് ഉപ്പ മരിക്കുമ്പോള്‍ ഏറ്റവും ഇളയ സഹോദരി സഹ്ദിയെ മൂന്ന് മാസം ഗര്‍ഭം ധരിച്ച ഉമ്മയുടെ തോരാത്ത കണ്ണുനീര്‍, ദൈര്‍ഘമേറിയ ഇദ്ദാ കാലയളവിലൂടെ കണ്ണുനീരിന്റെ രണ്ടു നീര്‍ച്ചാലുകള്‍ കവിളിലൂടെ തീര്‍ത്ത ഉമ്മ. പിതാവിന്റെ വേര്‍പാട് ഖുര്‍ആന്‍ പാരായണത്തിലൂടെയും, തസ്ബീഹ് ദിക്ര്! കളിലൂടെയും അല്ലാഹുവിന്റെ സാമീപ്യം തേടി നമ്മെയെവരെയും ചേര്‍ത്ത് പിടിച്ചു നമ്മുടെ ഓരോ ഹൃദയ മിടിപ്പും സൂക്ഷ്മമായി നിരീക്ഷിച്ച ഉമ്മ. ഒരു സാധാരണ വീട്ടമ്മയില്‍ നിന്നും ശക്തയായ ഭരണാധികാരിയായി സ്വയം മാറി നമ്മുടെ വീടിനെയും എല്ലാ മക്കളെയും അക്ഷരാര്‍ത്ഥത്തില്‍ സംരക്ഷിച്ചു പോന്ന ഉമ്മ. ആ വിളക്ക് മാടം അണഞ്ഞു പോയത് മനസ്സിനെ പറഞ്ഞു പാകപ്പെടുത്തുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വൈധവ്യത്തിന്റെ നീണ്ട 39 വര്‍ഷങ്ങള്‍ നമുക്കായി മാത്രം ജീവിച്ചു തീര്‍ത്ത ഒരു ഉത്തമമായ മാതാവ്.

ഇന്ന് ഉമ്മ ഇല്ല, അങ്ങിനെ ഒരു ലോകവും ഒരു ജീവിതവും ഉണ്ടാവുമെന്ന് നിനച്ചതല്ല. നികത്താനാവാത്ത ഒരു വിടവും മുറിവും ഏല്‍പ്പിച്ചു ദൂരെ ദൂരെ ആകാശ ഗംഗയില്‍ ആ പൂമേനി അലിഞ്ഞില്ലാതായോ...

7 മക്കള്‍, പിന്നെ പേരക്കുട്ടികള്‍, അവര്‍ക്കെല്ലാം പ്രിയപ്പെട്ട നമ്മുടെ ഉമ്മ. ഉപ്പ നേരത്തെ പോയി ഇപ്പോള്‍ ഉമ്മയും.

അല്‍ ഹംദു ലില്ലാഹ്, നാഥന് ഏറെ സ്തുതി. മാതൃകാ ദമ്പതികളായിരുന്നു ഇരുവരും. എന്റെ ഉപ്പ കോയക്കുട്ടി തങ്ങള്‍ പണ്ഡിതനും ഏറെ ബഹുമാന്യനുമായിരുന്നു. പല ദിക്കുകളില്‍ നിന്നും ഉപ്പാനെ തേടി ആളുകള്‍ എത്തുമായിരുന്നു. മിനികോയ് ദ്വീപിലെ കാച്ചി കോയ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ ഉപ്പ മൂന്ന് മാസം മുമ്പ് മരിച്ചതറിഞ്ഞു ധീര്‍ഘ നേരം കരഞ്ഞത് ഓര്‍മ്മ വരുന്നു. ദ്വീപിലെ കുറെ സമ്മാന പൊതികള്‍ കൊണ്ട് വരും. അതൊക്കെ കൃത്യമായി നമ്മള്‍ ഏഴു മക്കള്‍ക്കും തുല്യമായി വീതം വെക്കുന്ന ഉമ്മയില്‍ തികഞ്ഞ ഒരു ന്യാധിപ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

ആരോരുമില്ലാത്ത വൃദ്ധയായ ഒരു സ്ത്രീയെ ഉമ്മ ദത്തെടുത്തു. പലരും വിലക്കിയിട്ടും ഉമ്മ കൂട്ടാക്കിയില്ല, പിതാവിന്റെ ഇഷ്ടം മാത്രമേ ഉമ്മ നോക്കിയുള്ളൂ. നല്ല പാതിയുടെ തീരുമാനങ്ങള്‍ ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന ഉപ്പ എന്ത് പറയാന്‍? നമ്മുടെ പ്രീയപ്പെട്ട ആസ്സീത്ത. നമ്മുടെ ചില കൊച്ചു കൊച്ചു വികൃതികള്‍ ഉമ്മക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ജോലിയും ഉണ്ടായിരുന്നു അവര്‍ക്ക്. പില്‍കാലത്ത് തറവാടി ന്റെ ശില്പ ശാലയില്‍ ഈ ദത്തെടുക്കല്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ ആരുമില്ലാതിരുന്ന ആസ്സീത്ത മരിച്ചപ്പോള്‍ എത്രമാത്രം അവകാശികളായിരുന്നു വന്നത്. അവരുടെ പത്തു സെന്റ് പറമ്പും പണിത് തീരാത്ത വീടും അടിച്ചു മാറ്റി അവരെല്ലാം പിരിഞ്ഞു പോയി. പെരിങ്ങാടി ജുമാ മസ്ജിദിന്റെ പള്ളി പറമ്പില്‍ ആസീത്ത ഇന്നും സ്വന്തക്കാരുടെ സന്ദര്‍ശനമൊന്നും ഇല്ലാതെ കിടക്കുന്നു. ഇപ്പോള്‍, ഉമ്മയുടെ എല്ലാ സഹോദരി സഹോദരന്മാരോടും ഉപ്പയോടും ആ പള്ളിപറമ്പില്‍ എന്റെ ഉമ്മയും ഒരിടം കണ്ടെത്തിയിരിക്കുന്നു. നമുക്കൊക്കെയും അനിവാര്യമായ, അനന്തമായ ഖിയാമത്ത് നാളിന്റെ നീണ്ട കാത്തിരിപ്പല്ലേ അത് എന്ന് തോന്നി പോകുന്നു...

എന്റെ ഉമ്മാക്ക് നീ പൊറുത്തു കൊടുക്കണേ നാഥാ. ഉമ്മുടെ ഖബറിടം നീ സ്വര്‍ഗ്ഗ പൂന്തോപ്പാക്കി കൊടുക്കണേ – #ആമീന്‍ യാ റബ്ബല്‍ ആലമീന്‍



Next Story

RELATED STORIES

Share it