Flash News

തെളിവുകള്‍ കെട്ടിച്ചമച്ചത്; പോലിസ് അവകാശവാദം തള്ളി സുധാ ഭരദ്വാജ്

തെളിവുകള്‍ കെട്ടിച്ചമച്ചത്; പോലിസ് അവകാശവാദം തള്ളി സുധാ ഭരദ്വാജ്
X


മഹാരാഷ്ട്ര: താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ തെളിവുകളായി ചൂണ്ടിക്കാണിച്ച കത്തുകള്‍ പൊലിസ് കെട്ടിച്ചമച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക സുധാ ഭരദ്വാജ്. അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് പൊലിസീന്റെ ഭാഷ്യം. ഇത് തെളിയിക്കുന്നനിരവധി കത്തുകള്‍ മഹാരാഷ്ട്ര പൊലിസ് ഹാജരാക്കിയിരുന്നു. തനിക്കെതിരെയുള്ള കത്തും വ്യാജമാണെന്ന് സുധ പറയുന്നു.

ഫരീദാബാദില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ് സുധാ ഭരദ്വാജ്. തന്റെ വക്കീലായ വൃന്ദാ ഗ്രോവര്‍ക്ക് എഴുതിയ കത്തിലാണ് സുധാ ഭരദ്വാജ് ഇക്കാര്യം വ്യക്തമാക്കയിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ക്ക് മാവോവാദികകളുമായി ബന്ധമുണ്ടെന്ന് കാണിക്കാന്‍ പൊലിസ് മനപൂര്‍വ്വം ശ്രമിക്കുന്നതായും സുധ കത്തില്‍ ആരോപിക്കുന്നുണ്ട്.

സെമിനാറുകള്‍, യോഗങ്ങള്‍, പ്രതിഷേധങ്ങള്‍ തുടങ്ങിയ ജനാധിപത്യ ഇടപെടലുകളെ മാവോവാദികള്‍ ഫണ്ട് നല്‍കുന്നു എന്നാരോപിച്ച് നിയമവിരുദ്ധമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിരവധി മനുഷ്യാവകാശ അഭിഭാഷകരെയും സാമൂഹിക പ്രവര്‍ത്തകരെയും സംഘടനകളെയും ഈ രീതിയില്‍ ലക്ഷ്യമിടുന്നുണ്ട്. റിട്ടയേഡ് ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ പീപ്പിള്‍ ലോയേഴ്‌സിനെ(ഐഎപിഎല്‍)യും ഈ രീതിയില്‍ നിയമവിരുദ്ധമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.

ബസ്തര്‍, ചത്തീസ്ഗഡ് എന്നവിടിങ്ങളിലെ മനുഷ്യാവകാശ വിരുദ്ധ നടപടികള്‍ പുറത്തുകൊണ്ടുവന്ന അഭിഭാഷകരെയും സാമൂഹിക പ്രവര്‍ത്തകരെയും ഒതുക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നത്.

മഹാരാഷ്ട്രയിലെ ഭീമാ കൊരേഗാവ് സംഭവവുമായി ബന്ധപ്പെടുത്തിയാണ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തത്. തെലുഗു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സുപ്രിം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇവരെല്ലാവരും ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.
Next Story

RELATED STORIES

Share it