Editorial

മാധ്യമം ദിനപത്രത്തിനെതിരേ കെ ടി ജലീല്‍ നടത്തിയതും നാവരിയല്‍തന്നെ!

മാധ്യമം ദിനപത്രത്തിനെതിരേ കെ ടി ജലീല്‍ നടത്തിയതും നാവരിയല്‍തന്നെ!
X

കെ എച്ച് നാസര്‍

വിമര്‍ശനം ഉയര്‍ന്നേക്കാം. ഉപരോധം ഉണ്ടായേക്കാം. അതിനുമപ്പുറം നിയമ നടപടിയും നേരിട്ടേക്കാം പക്ഷേ; ചെയ്‌തേ തീരൂ എന്നനിലപാടില്‍ ഒരു മാധ്യമത്തിന് പല വാര്‍ത്തകളും ജനങ്ങളിലെത്തിക്കേണ്ടവരും. ആ നടപടിയോട് വല്ല വിമര്‍ശനവുമുണ്ടെങ്കില്‍ എഡിറ്റോറിയല്‍ ടീമിനെയോ മാനേജ്‌മെന്റിനെയോ രേഖാമൂലം അറിയിക്കുകയാണ് വിവേകമുള്ള ഒരാള്‍ പ്രത്യേകിച്ച് ഒരു സംസ്ഥാനത്തെ മന്ത്രി ചെയ്യേണ്ടത്. അതേസമയം ഒരുമാധ്യമ സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ ടീമിന് തെറ്റുപറ്റുന്നതും സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളിലും വിയോജിപ്പുള്ളവര്‍ മുകളില്‍ പറഞ്ഞ നടപടികള്‍തന്നെയാണ് വിമര്‍ശനം അറിയിക്കാന്‍ സ്വീകരിക്കേണ്ടത്.

വായനക്കാരുടെ കത്തിന് പത്രമാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കാത്ത വര്‍ത്തമാനാവസ്ഥയില്‍ ഒരു മാധ്യമത്തിന്റെ ജനവിരുദ്ധ നടപടി ചര്‍ച്ചയാക്കാന്‍ വേറെയും ജനാധിപത്യമാര്‍ഗങ്ങള്‍ ഉണ്ട്. അതേതായാലും ശരി, വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമം ദിനപത്രത്തിനെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിദേശരാജ്യത്തെ അധികാരികള്‍ക്ക് കത്തയച്ച മന്ത്രി കെടി ജലീലിന്റെ നടപടി മാധ്യമ വിമര്‍ശനത്തിന്റെ ശ്രേണിയില്‍പെട്ട നടപടിയാണെന്നു ന്യായീകരിക്കാനാവില്ല. പക്ഷേ, ഈ പ്രവണത നാള്‍ക്കുനാള്‍ ഭരണകൂട ശീലമായി മാറുന്നിടത്ത് പ്രവാചകനിന്ദയ്‌ക്കെതിരേ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ആള്‍ട്ട് ന്യൂസും അതിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറും അങ്ങ് യുപിയിലെ യോഗി സര്‍ക്കാരില്‍ നിന്നു നേരിട്ട പകപോക്കല്‍ തന്നെയാണ് ഇങ്ങ് കേരളത്തിലെ പിണറായി മന്ത്രിസഭയലിലെ ഒരു മന്ത്രിയില്‍ നിന്ന് മാധ്യമം ദിനപത്രത്തിനും നേരിടേണ്ടിവന്നത്. രണ്ടും നാവരിയല്‍ തന്നെയാണ്.

സ്വന്തം നാട്ടിലെ ഒരു മാധ്യമത്തിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്നാട്ടിലെ ഒരു മന്ത്രി വിദേശ സര്‍ക്കാരിനു കത്തെഴുതുക എന്നത് കേട്ടുകേള്‍വിയില്ലാത്തകാര്യം മാത്രമല്ല, സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ചില ഒറ്റുകാരെ ഓര്‍മപ്പെടുത്തുന്ന നടപടികൂടിയാണ്. മാധ്യമസ്വാതന്ത്ര്യത്തിനെതിരേ മാത്രമല്ല ഈ മന്ത്രി കടന്നാക്രമണം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിനെതിരേ വിദേശ ഭരണാധികാരിക്കു കത്തയക്കുക കൂടിയാണ് ചെയ്തത്. അവിടെയും ഒതുങ്ങുന്നില്ല. കൊവിഡില്‍ ദുരിതത്തിലായ പ്രവാസികളുടെ നിസ്സഹായത ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു വാര്‍ത്തയെ ആ രാജ്യത്തെ ഭരണകൂടത്തെ താറടിക്കാനുള്ള നടപടിയാണെന്നു തെറ്റിധരിപ്പിക്കുക. ഇത് വിവരക്കേടോ പ്രോട്ടോകോള്‍ ലംഘനമോ മാത്രമായി ഒതുങ്ങുന്നില്ല. ഭരണകൂട ഭീകരതയുടെ ഒറ്റയാള്‍ പ്രകടനം തന്നെയാണിത്. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് പറയുന്നതെല്ലാം ശരിയാണെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ല. മാത്രമല്ല, ഇപ്പോളവര്‍ സംഘപരിവാരത്തിന്റെ കൈയിലെ ആയുധവുമാണ്. പക്ഷേ ആ ആയുധംകൊണ്ട് ഒന്നു തൊട്ടപ്പോഴേയ്ക്കും, പിന്നീട് എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയിട്ടുണ്ടെങ്കിലും കത്തയച്ചതു സത്യമാണെന്ന് കെടിജലീലിനു സമ്മതിക്കേണ്ടിവന്നു. സ്വര്‍ണക്കടത്തുകേസിനു പിന്നാലെ സ്വര്‍ണക്കടത്തുകേസിലെ പ്രതി പുറത്തുവിട്ട വിവരങ്ങളുടെ കേസും കേന്ദ്രം കൈകാര്യം ചെയ്യേണ്ടി വരുന്നു എന്നത് കേവലം യാദൃച്ഛികമല്ല. നമ്മുടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തരശ്ശീലക്കുപിന്നിലെ കൊടുക്കല്‍വാങ്ങലുകള്‍ ഇപ്പോള്‍ അങ്ങനെയാണ്. എല്ലാം മറച്ചുപിടിക്കുന്ന ആ തിരശ്ശീല കാവിയാണെന്നുമാത്രം.

ഏതെങ്കിലുമൊരു സാധാരണക്കാരന്‍ വിദേശരാജ്യത്തെ ഭരണാധികാരികള്‍ക്ക് ഇത്തരമൊരു കത്തയച്ച് വിവാദം ഉയരുകയായിരുന്നെങ്കില്‍ ഇപ്പോള്‍ സ്ഥിതി എന്താകുമായിരുന്നു? വിദേശബന്ധം, ഭരണഘടനാലംഘനം, ഭീകര പ്രവര്‍ത്തനം, സംശയാസ്പദ നടപടി എന്നൊക്കെപറഞ്ഞ് കേസും കൂട്ടവുമാകുമായിരുന്നില്ലേ? പക്ഷേ, മുന്‍ മന്ത്രി കെടി ജലീല്‍ കത്തയച്ചുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടും പിണറായിസര്‍ക്കാര്‍ എന്തു ചെയ്തു? മന്ത്രിയായിരുന്ന കാലത്ത് കെടി ജലീല്‍ നടത്തിയ ഇടപെടലുകളെക്കുറിച്ചും ഉത്തരവുകളെക്കുറിച്ചും എന്തെങ്കിലും അന്വേഷണങ്ങള്‍ നടത്തിയോ? ഇങ്ങ് കോഴിക്കോട് ആവിക്കല്‍ തോട്ടിലെ മലിനജല പ്ലാന്റുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ ഉയര്‍ത്തുന്ന ചെറുത്തു നില്‍പ്പിനു പിന്നില്‍ തീവ്രവാദികള്‍ ആണെന്നാണ് സംസ്ഥാനം ഭരിക്കുന്ന സിപിഎം പറയുന്നത്. മന്ത്രി കെടി ജലീല്‍ നടത്തിയ വിദേശ കത്തിടപാടുകള്‍ക്കു പിന്നില്‍ ആരാവുമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം എന്നറിയാന്‍ ഇവിടെ പൗരന്‍മാര്‍ക്കു താല്‍പര്യമുണ്ടാവുക സ്വാഭാവികമാണ്. സ്വന്തം തടിക്കും കിട്ടുന്ന പരസ്യത്തിനും പാരിതോഷികങ്ങള്‍ക്കമുള്ളതു മാത്രമാണ് മാധ്യമ പ്രവര്‍ത്തനം എന്നു വരുമ്പോള്‍ നീതിബോധത്തിന് അവിടെ സ്ഥാനമുണ്ടാവില്ല. പക്ഷേ അക്രമിക്കപ്പെടുമ്പോള്‍, വായമൂടിക്കെട്ടാന്‍ ശ്രമിക്കുമ്പോള്‍ അഭിപ്രായഭിന്നത മറന്ന് ശബ്ദിക്കേണ്ടതുണ്ട്. വര്‍ഗബോധം എന്നു പറഞ്ഞാല്‍ അത് കമ്യൂണിസ്റ്റു സംജ്ഞയാവും. പച്ചമലയാളത്തില്‍ നമുക്ക് സഹജീവി സ്‌നേഹം എന്നു പറയാം. സഹജീവിസ്‌നേഹം ജീവജാലങ്ങള്‍ക്കു സഹജമായി ഉള്ളതാണ്. പക്ഷേ മാധ്യമങ്ങളുടെ കാര്യത്തില്‍ ആകുമ്പോള്‍ അങ്ങനെയൊന്ന് ഇല്ലേയില്ല എന്നതാണ് അനുഭവം. കേരളത്തില്‍ വിശേഷിച്ചും. പിണറായി വിജയന്റെ കുത്തിത്തിരിപ്പു പ്രയോഗം ഇവിടെയാണ് യോജിക്കുക.

ഭരണകൂട വിരോധത്തിനും രാഷ്ട്രീയപകയ്ക്കും വിധേയമായി രക്തസാക്ഷിത്വം വരിച്ച തേജസ് ദിനപത്രത്തിനും മലയാളത്തിലെ അവശേഷിക്കുന്ന കീഴാള ശബ്ദമായ മാധ്യമം ദിന പത്രത്തിനും നേരെ ഭരണകൂടത്തിന്റെ കുത്തിത്തിരിപ്പ് ഉണ്ടായപ്പോള്‍ മൗനം പാലിച്ച മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ ഒരിക്കലും ഈ സഹജീവി സ്‌നേഹം പ്രകടിപ്പിച്ചിട്ടില്ല. മാ പത്രങ്ങളും കോ പത്രങ്ങളുമായ പത്രമുത്തശ്ശിമാര്‍ അപ്പോഴെല്ലാം നിഗൂഢ നിര്‍വൃതിയില്‍ ആറാടുകയായിരുന്നു. മലയാളിയായ സിദ്ദീഖ് കാപ്പന്‍ എന്ന പത്രപ്രവര്‍ത്തകനെ യുപി പോലിസിന് കടിച്ചുകീറാന്‍ ഒറ്റിക്കൊടുത്തതിനു പിന്നില്‍ കോട്ടയം പത്രത്തിന്റെ മലയാളി ലേഖകനായിരുന്നുവെന്നത് അങ്ങാടിപ്പാട്ടായ അരമന രഹസ്യമാണ്. ഇതിനെ കുറിച്ച് ന്യൂസ് ലോണ്‍ഡ്രി എന്ന ഇംഗ്ലീഷ് വെബ്‌പോര്‍ട്ടലില്‍ അര ഡസണില്‍ താഴെ റിപോര്‍ട്ടുകള്‍ ആകാന്‍ഷ എന്ന മാധ്യമപ്രവര്‍ത്തകയുടേതായുണ്ട്.

സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് അവര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കെടി ജലീലിനെതിരേ ഗുരുതര ആരോപണം ഉയര്‍ത്തിയത്. പ്രോട്ടോകോള്‍ ലംഘനം തൂക്കിക്കൊല്ലാനുള്ള കുറ്റമല്ലെന്നാണ് ജലീല്‍ ആദ്യം പ്രതികരിച്ചത്. വന്ദേഭാരത് മിഷന്‍ വഴി കൊവിഡ് രോഗികളെ നാട്ടിലെത്തിക്കാന്‍ കഴിയുമായിരുന്നിട്ടും പലന്യായങ്ങള്‍ നിരത്തി കേന്ദസംസ്ഥാന സര്‍ക്കാരുകള്‍ തടസ്സങ്ങള്‍ നിരത്തിയ ഘട്ടത്തിലാണ് ഒരു സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് മാധ്യമം ആ വാര്‍ത്ത ചെയ്തത്. ജലീലിനെയും പിണറായി സര്‍ക്കാരിനെയും പ്രകോപിപ്പിക്കാനുള്ള ശേഷി ഒരു പക്ഷേ അതിനുണ്ടായിരുന്നിരിക്കാം. അതിന്റെ രോഷം അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുത്തിത്തിരുപ്പെന്ന് വിശേഷിപ്പിച്ചതിന്റെ ബാക്കിയാണ് ജലീല്‍ കാട്ടിക്കൂട്ടിയതെന്നു പറയണം. ഇതു തന്നെയാണ് കേന്ദ്രഭരണകൂടവും മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരേ മറ്റു പലരീതിലും തുടരുന്നതെന്നും മനസ്സിലാക്കണം.

ആള്‍ട്ട് ന്യൂസും മുഹമ്മദ് സുബൈറും സിദ്ദീഖ് കാപ്പനും ദി വയറും സിദ്ദാര്‍ഥ് വരദരാജും റാണാ അയ്യൂബും രവി നായരും ഒക്കെ ഒരേ കാലത്തുനേരിടുന്ന ജനാധിപത്യവിരുദ്ധ പ്രവണതതന്നെയാണ് മാധ്യമം ദിനപത്രത്തിനും നേരിടേണ്ടിവന്നത്. മീഡിയ വണ്ണിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനു സമാന്തരമാണ് കെടി ജലീലിന്റെ മാധ്യമത്തിനെതിരായ നീക്കമെന്നു പറയാം. ഇവിടെ കൂറ് ജനാധിപത്യത്തോടാണോ ഫാഷിസത്തോടാണോ എന്നു വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തന്റെ സര്‍ക്കാരുമാണ്. കെടി ജലീലിനെതിരേ നടപടി ആവശ്യപ്പെട്ട് മാധ്യമത്തിന്റെ മാനേജ്‌മെന്റ് മുഖ്യമന്ത്രിക്കു കത്തുനല്‍കിയിരിക്കുകയാണ്. വിഷയം ജലീലുമായി സംസാരിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി കൊടുത്ത മറുപടി എന്നും അറിയുന്നു. നടപടി എന്നത് മാധ്യമങ്ങളോടുള്ള ഫാഷിസ്റ്റ് സമീപനം മാറ്റുന്ന നടപടി ആവേണ്ടതുണ്ട്.

മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ആക്രോശിച്ച മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലെ അംഗമാണ് ഒരു പത്രമാധ്യമത്തിനെതിരേ കുത്തിത്തിരിപ്പ് നടത്തിയതെന്ന് മറക്കേണ്ട. ജനാധിപത്യസമൂഹത്തില്‍ മാധ്യമങ്ങള്‍ ജനങ്ങളുടെ നാവായിരിക്കണം; സത്യത്തില്‍ അങ്ങനെയല്ലെങ്കിലും . ജനപക്ഷം നില്‍ക്കുന്ന മാധ്യമങ്ങള്‍ അപ്രിയസത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ അധീശവര്‍ഗത്തിന്റെ അപ്രീതിയും ഭരണകൂടരോഷവും അണപൊട്ടിയൊഴുകുന്നത് സ്വാഭാവികം. സത്യം ഉറക്കെ വിളിച്ചുപറയാനും തെറ്റിനുനേരെ വിരല്‍ചൂണ്ടാനും പ്രത്യാഘാതങ്ങളെ ഭയക്കാതെ നീതിയുടെ ഭാഗത്തു നില്‍ക്കാനും ധൈര്യം കാണിക്കുമ്പോള്‍ മാത്രമെ ജനാധിപത്യക്രമത്തില്‍ മാധ്യമങ്ങള്‍ക്കു യഥാര്‍ഥ തിരുത്തല്‍ശക്തി ആവാന്‍കഴിയൂ. ലോക മാധ്യസ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളില്‍ 142ാമത് നില്‍ക്കുന്ന നമ്മുടെ രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വര്‍ത്തമാനം പോലും അസംബന്ധവും അശ്ലീലവുമാണ്. എന്നാലും പ്രതീക്ഷയുടെ അവസാന തിരിവെട്ടവും അണഞ്ഞുപോയിട്ടില്ലെന്നതുകൊണ്ടു ചിലതു പറഞ്ഞെന്നു മാത്രം.

Next Story

RELATED STORIES

Share it