Editors Voice

വെറും വിഷമല്ല, കൊടു വിഷം തന്നെ; പക്ഷേ...|

വെറും വിഷമല്ല, കൊടു വിഷം തന്നെ; പക്ഷേ...|
X



വെറും വിഷമല്ല, കൊടു വിഷം തന്നെ; പക്ഷേ തുടച്ചുനീക്കണം

വിദ്വേഷപ്രസംഗത്തിനെതിരേ സുപ്രിംകോടതി ഇടയ്ക്കിടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കാറുള്ളത്. സംഘപരിവാര ശക്തികള്‍ ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് സിഎഎ പ്രക്ഷോഭകാലത്തെല്ലാം രാജ്യതലസ്ഥാനത്തെ കലാപത്തീയില്‍ കത്തിച്ചത് വിദ്വേഷപ്രസംഗങ്ങളിലൂടെയാണ്. മണിപ്പൂരിലും ഹരിയാനയിലുമെല്ലാം ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നതും വെറിയുടെ ബാക്കിപത്രങ്ങള്‍ തന്നെയാണ്. അപ്പോഴെല്ലാം മാറിനിന്ന അപൂര്‍വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതിനാല്‍ തന്നെ, കേരളത്തിലെ ഏതൊരു സംഭവത്തെയും ഭീകരവല്‍ക്കരിക്കാന്‍ സുവര്‍ണാവസരം കാത്തിരിക്കുന്നവരാണ് സംഘികള്‍. ഈയിടെയായി അതിന് ആക്കം കൂടിയിട്ടുണ്ട്. പക്ഷേ, എല്ലാ വ്യാജപ്രചാരണങ്ങളും എട്ടുനിലയില്‍ പൊട്ടുകയാണ്. എന്നിട്ടും, സംഘപരിവാര കള്ളപ്രചാരണങ്ങള്‍ക്ക് ഇടം നല്‍കുക മാത്രമല്ല, അതിനേക്കാള്‍ വലിയ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുകയാണ് കേരളത്തിലെ ചില മാധ്യമങ്ങള്‍. എന്തിനേറെ ലോകത്തെ എല്ലാ സംഭവങ്ങളിലും വലിയ വായില്‍ അഭിപ്രായങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുന്ന സെബാസ്റ്റ്യന്‍ പോള്‍, നികേഷ് കുമാര്‍ തുടങ്ങി പലരുടെയും ഉള്ളിലിരിപ്പും കളമശ്ശേരിയിലൂടെ പുറത്തുവന്നു. യഹോവയുടെ സാക്ഷികളുടെ കണ്‍വന്‍ഷനില്‍ ഉഗ്രസ്‌ഫോടനം നടത്തി മൂന്നുപേരെ കൊലപ്പെടുത്തുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ തന്നെ മലയാളത്തിലെ പല മാധ്യമങ്ങളും കണ്ണുനട്ടത് ഫലസ്തീനിലേക്കും ഹമാസിലേക്കുമായിരുന്നു. ജനംടിവി, മറുനാടന്‍ മലയാളി, കര്‍മ ന്യൂസ് തുടങ്ങിയ സംഘപരിവാര നാവുകള്‍ക്കപ്പുറത്തേക്ക് ഇത്തരക്കാരുടെ മുഖംമൂടി കൂടിയാണ് അഴിഞ്ഞുവീണത്. ചാനല്‍ റേറ്റിങിനു വേണ്ടിയുള്ള വാചകക്കസര്‍ത്തായി മാത്രം ഇതിനെ കാണാനാവില്ല.

ഒരു സമുദായത്തിനെതിരേ മനസ്സില്‍ ഉറഞ്ഞിരിക്കുന്ന വിദ്വേഷവും വെറുപ്പും കൊടുംവിഷമായി മാറിയെന്നതിന്റെ സാക്ഷ്യമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും ബിജെപി-സംഘപരിവാര്‍ നേതാക്കളുടെയും വാക്കിലൂടെയും എഴുത്തിലൂടെയും പുറത്തുവന്നത്. അത് ഏതെങ്കിലുമൊരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടല്ലെന്നും കേരളത്തെ തന്നെ തകര്‍ക്കാനാണെന്നും തിരിച്ചറിയുന്നതില്‍ നമ്മുടെ ആഭ്യന്തര വകുപ്പിന് പറ്റുന്ന വീഴ്ചകള്‍ അതീവഗുരുതരമാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഈ വിഷം ചീറ്റല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി തന്നെ പറഞ്ഞതു പോലെ, വെറും വിഷമല്ല, കൊടുംവിഷമാണിത്. പക്ഷേ, അതെല്ലാം വെറുമൊരു കേസിലൊതുങ്ങിപ്പോവരുത്. അങ്ങനെ ജാമ്യമില്ലാ വകുപ്പെന്ന പേരില്‍ കേസെടുക്കപ്പെട്ട സംഘപരിവാര വിഷനാവുകളൊന്നും തന്നെ ഒരുമണിക്കൂര്‍ പോലും അഴിയെണ്ണിയിട്ടില്ല. ശശികലയും പ്രതീഷ് വിശ്വനാഥും സന്ദീപ് വാര്യരും കെ സുരേന്ദ്രനും വി മുരളീധരനും അഡ്വ. കൃഷ്ണരാജും ശ്രീരാജ് കൈമളുമെല്ലാം ഇപ്പോഴും വിഷം ചീറ്റുന്നതിനു കാരണവും മറ്റാരുമല്ല. ഹലാല്‍, ഹിജാബ് എന്നു വേണ്ട വേഷത്തിലും വസ്ത്രത്തിലും ഭക്ഷണത്തിലുമെല്ലാം വിദ്വേഷമനസ്സില്‍ നിന്ന് പുറത്തുചാടിയ കമ്മന്റുകളിലൊന്നും കാര്യക്ഷമമായ നടപടികള്‍ കേരളം കണ്ടിട്ടില്ല. പി സി ജോര്‍ജ്ജിന്റെ വിഷം തുപ്പല്‍ പരിസരമാകെ മലിനമാക്കിയതും നാം കണ്ടതാണ്. ഇതിലെല്ലാം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ പോലിസില്‍ നിന്ന് തലോടല്‍ ലഭിക്കുന്നതാണ് വിഷംചീറ്റല്‍ തുടരാന്‍ കാരണം. ഇപ്പോള്‍, ലോകമാകെ ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരേ ശബ്ദമുയരുമ്പോള്‍, ഇങ്ങ് കേരളത്തിലും പ്രതിഷേധങ്ങളുയരുന്നുണ്ട്. ഈയവസരത്തില്‍ തന്നെ കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ 2000ത്തിലേറെ പേര്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍ ബോംബ് പൊട്ടിച്ചപ്പോള്‍ തൊപ്പി ധരിച്ചവരെയും മുസ് ലിം പേരുകാരെയും തപ്പിനടന്ന പോലിസുകാരെയും കേരളം കണ്ടു.

കുറഞ്ഞ മാസങ്ങള്‍ക്കിടയില്‍ എത്രയെത്ര സംഭവങ്ങളുടെ പേരിലാണ് കേരളത്തെ തകര്‍ക്കാനായി ശ്രമിച്ചത്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്, കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്, പാലക്കാട്ട് ജവാന്റെ ശരീരത്തിലെ പിഎഫ് ഐ വ്യാജ ചാപ്പ കുത്തല്‍, കുമ്പളയില്‍ വിദ്യാര്‍ഥിനികള്‍ ബസ് നിര്‍ത്താത്തതില്‍ പ്രതിഷേധിച്ചതിനെതിരായ വര്‍ഗീയ പ്രചാരണം... ഇതിലെല്ലാം സംഘപരിവാരത്തിനൊപ്പം തന്നെ വെറുപ്പ് പ്രചരിപ്പിച്ചവരില്‍ മേല്‍ക്കോയാമാ മാധ്യമങ്ങളുണ്ട്. ഓണ്‍ലൈന്‍, യൂട്യൂബ് ചാനലുകളുണ്ട്. കളമശ്ശേരി സ്‌ഫോടന പരമ്പരയിലും പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ സ്വയംഭൂവാകുന്നതിനു മുമ്പ് ഇതേ മാനസികാവസ്ഥയിലൂടെയാണ് മാധ്യമങ്ങളില്‍ മിക്കതും സഞ്ചരിച്ചത്. മാര്‍ട്ടിന്റെ കുറ്റസമ്മതം പോലും സമ്മതിക്കാന്‍ മടിച്ച ചാനലുകളെയും നാം കണ്ടു. ഇപ്പോള്‍ തന്നെ, പ്രധാനവാര്‍ത്തകളില്‍ നിന്ന് കളമശ്ശേരി ബോംബ് സ്‌ഫോടന പരമ്പര മാഞ്ഞുപോവുകയാണ്. കേരള ചരിത്രത്തില്‍ തന്നെയുണ്ടായ ഏറ്റവും വലിയ ആസൂത്രിത ബോംബ് സ്‌ഫോടനത്തില്‍ ഗൂഢാലോചനകളൊന്നുമില്ലെന്നും ഒറ്റയ്ക്കാണ് നടത്തിയതെന്നും മാധ്യമങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു. രാജീവ് ചന്ദ്രശേഖര്‍മാരും അനില്‍ ആന്റണിമാരും ഇനിയും വരും. അവര്‍ സുവര്‍ണാവസരം കാത്തുനില്‍പ്പുണ്ട്. ജാഗ്രതയൊന്നും പോരാ, അതീവ ജാഗ്രത തന്നെ വേണം. കാരണം, ഇത് ഏതെങ്കിലും മുന്നണിക്കോ സര്‍ക്കാരിനോ എതിരെയുള്ള ആക്രമണമല്ല. കേരളത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും രക്ഷപ്പെടുന്നത്. എന്നാലത് എപ്പോഴും സംഭവിക്കണമെന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. കൊടുംവിഷം ചീറ്റുന്നത് കേന്ദ്രമന്ത്രിയായാലും അവരുടെ ശിങ്കിടികളായാലും മാധ്യമമേലങ്കിയണിഞ്ഞ വിദ്വേഷപ്രചാരകരായാലും കടുത്ത നടപടിയെടുത്തേ തീരൂ. എല്ലാം പതിവുപോലെ കേസെടുക്കലിലും ബ്രേക്കിങ് ന്യൂസുകളിലും ഒതുങ്ങുകയാണെങ്കില്‍ ഇനിയുള്ള കാലവും കൊടുംവിഷം കൊണ്ട് കേരളമാകെ മലിനമാവും. അപ്പോള്‍ കത്തിത്തീരുന്നത് ഏതെങ്കിലുമൊരു സമൂഹമായിരിക്കില്ല, കേരളമെന്ന മോഡലായിരിക്കും. മലയാളിയെന്ന അഭിമാനമായിരിക്കും.



Next Story

RELATED STORIES

Share it