Economy

ധാര്‍മികതയില്‍ ഊന്നിയാകണം ഏതൊരു ഉല്‍പ്പന്നത്തിന്റെയും ബ്രാന്‍ഡിംഗ് നടത്തേണ്ടതെന്ന് അമിതാഭ് ബച്ചന്‍

പരസ്യങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തി കൊണ്ടുവേണം ബ്രാന്‍ഡുകള്‍ കെട്ടിപ്പടുക്കാന്‍. സ്‌കൂട്ടര്‍ തുടങ്ങി ഹെയറോയില്‍ വരെയുള്ള 34 ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താന്‍ മദ്യത്തിന്റെയും സിഗരറ്റിന്റേയും പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തത് ഇത്തരമൊരു നീതിബോധത്തിന്റെ ഭാഗമായാണ്

ധാര്‍മികതയില്‍ ഊന്നിയാകണം ഏതൊരു ഉല്‍പ്പന്നത്തിന്റെയും ബ്രാന്‍ഡിംഗ് നടത്തേണ്ടതെന്ന് അമിതാഭ് ബച്ചന്‍
X
കൊച്ചിയില്‍ ആരംഭിച്ച 44ാമത് ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ (ഐ എ എ) ഉച്ചകോടി ചലച്ചിത്ര താരം അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ധാര്‍മികതയില്‍ ഊന്നിയാകണം ഏതൊരു ഉല്‍പ്പന്നത്തിന്റെയും ബ്രാന്‍ഡിംഗ് നടത്തേണ്ടതെന്ന് ചലച്ചിത്രതാരം അമിതാഭ് ബച്ചന്‍. മൂന്ന് ദിവസങ്ങളിലായി കൊച്ചിയില്‍ നടക്കുന്ന ആഗോള പരസ്യ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.രാജ്യാന്തര ബ്രാന്‍ഡുകളോടു പൊരുതി സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്കു മികച്ച വിപണി കണ്ടെത്താനായത് ഇന്ത്യയുടെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പരസ്യങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തി കൊണ്ടുവേണം ബ്രാന്‍ഡുകള്‍ കെട്ടിപ്പടുക്കാന്‍. സ്‌കൂട്ടര്‍ തുടങ്ങി ഹെയറോയില്‍ വരെയുള്ള 34 ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താന്‍ മദ്യത്തിന്റെയും സിഗരറ്റിന്റേയും പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തത് ഇത്തരമൊരു നീതിബോധത്തിന്റെ ഭാഗമായാണ്. തന്റെ കഴിവുകൊണ്ടാണ് ഒരു ഉല്‍്പന്നവും വില്‍ക്കുന്നതെന്ന തോന്നല്‍ തനിക്കില്ല. സാമൂഹിക പ്രതിബദ്ധതയുള്ള പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്ന മാനസിക സൗഖ്യം മറ്റ് പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ കിട്ടില്ല. പോളിയോ തുള്ളിമരുന്നിന്റെ പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ തന്റെ പരസ്യം കണ്ട് ഒരാളെങ്കിലും കുട്ടിയ്ക്ക് മരുന്നുകൊടുക്കുമെന്ന പ്രതീക്ഷയിലാണ്. ക്ഷയത്തിനെതിരെ പോരാടുവാനുള്ള പരസ്യത്തില്‍ അഭിനയിക്കുന്ന താന്‍ ക്ഷയത്തെ അതിജീവിച്ച ഒരാളാണെന്ന അഭിമാനബോധത്തോടെയാണെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

ബ്രാന്‍ഡുകളുടെ പേരില്‍ വിപണിയില്‍ വന്‍മല്‍സരം നിലനില്‍ക്കുമ്പോള്‍ അതിന്റെ ഗുണം ലഭിക്കുന്നത് ഉപഭോക്താക്കള്‍ക്കാണ്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി പ്രാദേശിക ഉല്‍്പന്നങ്ങള്‍ കുത്തകയുല്‍പ്പന്നങ്ങളുമായി മല്‍സരിക്കുന്നു. ശാസ്ത്രസാങ്കേതിക രംഗത്തും, വിവരസാങ്കേതിക വിദ്യയിലും, വൈദ്യശാസ്ത്രത്തിലും, ക്രിക്കറ്റിലും ഇന്ത്യയുടെ മേധാവിത്വം പ്രകടമാണ്. ജാതിയുടെ പേരില്‍ അഭിമാനിക്കുന്നവര്‍ ഏറെയുള്ള നാട്ടില്‍ ശ്രീവാസ്തവ എന്ന ജാതിപ്പേര് ഉപേക്ഷിച്ചു അച്ഛന്റെ കുടുംബ നാമം സ്വീകരിച്ചതോടെ ഒരു ബ്രാന്‍ഡ് നെയിം ആരംഭിക്കുകയായിരുന്നുവെന്നും അമിതാബ് ബച്ചന്‍ പറഞ്ഞു. പ്രളയത്തിന്റെ അതിജീവനത്തില്‍ കേരളത്തില്‍ വ്യവസായിക മേഖലയുടെ പങ്ക് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ശ്രീ രവിശങ്കര്‍ ,ഐഎഎ ചെയര്‍മാനും വേള്‍ഡ് പ്രസിഡന്റുമായ ശ്രീനിവാസന്‍ സ്വാമി, ഐഎഎ വേള്‍ഡ് കോണ്‍ഗ്രസ് സ്റ്റിയറിംങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് ഗുഹ, ഐ എ എ ഇന്ത്യ പ്രസിഡന്റ്് പുനീത് ഗോയെങ്ക സംസാരിച്ചു.





Next Story

RELATED STORIES

Share it