Wheels

ഡ്രൈവറില്ലാ ടാക്‌സികള്‍ വികസിപ്പിക്കാന്‍ ചൈനയും യുഎസും കൈകോര്‍ക്കുന്നു

തങ്ങളുടെ പ്രീമിയം ഇലക്ട്രിക് മൊബിലിറ്റി ബ്രാന്‍ഡായ സീക്കര്‍, ആല്‍ഫബെറ്റ് ഇങ്കിന്റെ ഡ്രൈവറില്ലാ ടാക്‌സിയായ വെയ്‌മോയ്ക്ക് വേണ്ടി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുമെന്ന് ചൈനയുടെ ഗീലി ഹോള്‍ഡിങ് അറിയിച്ചു.

ഡ്രൈവറില്ലാ ടാക്‌സികള്‍ വികസിപ്പിക്കാന്‍ ചൈനയും യുഎസും കൈകോര്‍ക്കുന്നു
X

വാഷിങ്ടണ്‍: ഡ്രൈവറില്ലാ ടാക്‌സികള്‍ വികസിപ്പിക്കുന്നതിന് ചൈനീസ് വാഹന ഭീമന്‍ ഗീലി ഹോള്‍ഡിങും അമേരിക്കന്‍ ടെക്ക് ഭീമന്‍ ആല്‍ഫബെറ്റ് ഇങ്കിന്റെ സെല്‍ഫ് ഡ്രൈവിങ് യൂനിറ്റായ വെയ്‌മോയും കൈകോര്‍ക്കുന്നു. തങ്ങളുടെ പ്രീമിയം ഇലക്ട്രിക് മൊബിലിറ്റി ബ്രാന്‍ഡായ സീക്കര്‍, ആല്‍ഫബെറ്റ് ഇങ്കിന്റെ ഡ്രൈവറില്ലാ ടാക്‌സിയായ വെയ്‌മോയ്ക്ക് വേണ്ടി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുമെന്ന് ചൈനയുടെ ഗീലി ഹോള്‍ഡിങ് അറിയിച്ചു.

ഈ ഇലക്ട്രിക് വാഹനങ്ങള്‍ യുഎസില്‍ ഉടനീളം സ്വയം ഓടുന്ന വാടക ടാക്‌സി വാഹനങ്ങളായി വിന്യസിക്കുമെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാഹനങ്ങള്‍ സ്വീഡനിലെ സീക്കറിന്റെ ഫെസിലിറ്റിയില്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. പിന്നീട് വെയ്‌മോയുടെ സെല്‍ഫ് ഡ്രൈവിങ് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുമെന്ന് ഗീലി ചൊവ്വാഴ്ച പറഞ്ഞു. 'വരും വര്‍ഷങ്ങളില്‍' യുഎസ് നിരത്തുകളില്‍ വാഹനങ്ങള്‍ അവതരിപ്പിക്കുമെന്നും വെയ്‌മോ പറഞ്ഞു.

അഞ്ചോളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരിപ്പിട ക്രമീകരണത്തോടുകൂടിയ വിശാലമായ, താഴ്ന്ന നിലയിലുള്ള മിനി വാന്റെ ആശയ ചിത്രങ്ങളും വെയ്‌മോ പുറത്തിറക്കിയിട്ടുണ്ട്.

യുഎസിലെ ആദ്യത്തെ പൂര്‍ണ്ണ െ്രെഡവറില്ലാ ടാക്‌സി സേവനമാണ് വെയ്‌മോ. ഒരു വര്‍ഷം മുമ്പാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്. ആഗസ്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയതിന് ശേഷം നൂറുകണക്കിന് ആളുകള്‍ ഈ വാഹനം പ്രയോജനപ്പെടുത്തിയതായി വെയ്‌മോയുടെ കോചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടെകെദ്ര മവാക്കാന അടുത്തിടെ പറഞ്ഞിരുന്നു.

അതേസമയം, വാഹനങ്ങളില്‍ നിന്ന് ഡ്രൈവര്‍മാര്‍ അപ്രത്യക്ഷരാകുന്ന കാലം ഏറെ വിദൂരമല്ലെന്ന് അടുത്തിടെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഗവേഷക സ്ഥാപനമായ ഐഡിടെക്എക്‌സ് 2021 സെപ്തംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2046 ആകുമ്പോഴേക്കും യുഎസില്‍ പ്രതിവര്‍ഷം മൂന്ന് ട്രില്ല്യണ്‍ മൈലുകള്‍ യാത്ര ചെയ്യുന്ന തലത്തിലേക്ക് ഓട്ടോണമസ് കാറുകള്‍ വികസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2050ഓടെ ലോകത്തിലെ എല്ലാ ഗതാഗത മേഖലയിലേക്കും ഓട്ടോണമസ് വാഹനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുമെന്നുമാണ് ഐഡിടെക്എക്‌സ് വിലയിരുത്തുന്നത്.

2024 ആകുന്നതോടെ മനുഷ്യര്‍ നിയന്ത്രിക്കുന്നതിനെക്കാള്‍ സുരക്ഷിതമായി ഓട്ടോണമസ് വാഹനങ്ങള്‍ ഓടുന്ന സാഹചര്യം ഒരുങ്ങുമെന്നാണ് ഓട്ടോണമസ് കാര്‍സ്, റോബോടാക്‌സിസ് ആന്‍ഡ് സെല്‍സേഴ്‌സ് 2022-2042 എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മൊബൈല്‍ ഫോണ്‍, വാഹനത്തിലെ മറ്റ് യാത്രക്കാര്‍ തുടങ്ങി പല ഘടകങ്ങളും ഓട്ടോണമസ് വാഹനങ്ങളുടെ സുരക്ഷയ്ക്ക് തടസമാകില്ലെന്നും 5ജി കണക്ടിവിറ്റി സംവിധാനങ്ങളുടെ സഹായത്തോടെ ആയിരിക്കും ഇത്തരത്തിലുള്ള ഓട്ടോണമസ് കാറുകള്‍ പ്രവര്‍ത്തിക്കുകയെന്നും പഠനം പറയുന്നു.

Next Story

RELATED STORIES

Share it