Business

കണ്‍സ്യൂമര്‍ ഫെഡിന് 59 കോടി രൂപ ലാഭം; മൂന്നിടത്ത് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളാക്കി ഉയര്‍ത്തും

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും അത്യാധുനിക മികവോടെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വരിക.

കണ്‍സ്യൂമര്‍ ഫെഡിന് 59 കോടി രൂപ ലാഭം;   മൂന്നിടത്ത് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളാക്കി ഉയര്‍ത്തും
X

കൊച്ചി: കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം കണ്‍സ്യൂമര്‍ ഫെഡ് 59 കോടി രൂപ ലാഭത്തിലാണെന്ന് ചെയര്‍മാന്‍ എം മെഹബൂബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് മൂന്നിടത്ത് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളാക്കി ഉയര്‍ത്തും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും അത്യാധുനിക മികവോടെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വരിക. 2018-19 വര്‍ഷം അവസാനിക്കുമ്പോള്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ വ്യാപാരം 2250 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. 2019-20 വര്‍ഷത്തില്‍ 2846 കോടിയുടെ വില്‍പനയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പന്നങ്ങള്‍ പരമാവധി നേരിട്ട് ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നും സംഭരിക്കുന്നതിന് വരും വര്‍ഷങ്ങളില്‍ മുന്‍ഗണന നല്‍കും. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച പഠനം രണ്ടാഴ്ചക്കകം പൂര്‍ത്തീകരിക്കും. സര്‍ക്കാരില്‍ ഇതുമായി ബന്ധപ്പെട്ട പ്രൊജക്ട് സമര്‍പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അനുകൂലമായ നിലപാടാണ് വിഷയത്തില്‍ അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് ആരോഗ്യ രംഗത്തേക്ക് കടക്കുന്നതിനും ആലോചിക്കുന്നുണ്ട്. ഫ്‌ളോട്ടിങ് ത്രിവേണി സ്‌റ്റോറുകള്‍ വില്‍ക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചെങ്കിലും ലാഭകരമല്ലാത്തതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇത് അറിയിച്ചതിനെ തുടര്‍ന്ന് കിട്ടുന്ന വിലക്ക് ലേലം ചെയ്ത് വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. 33 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനും വില്‍പന വര്‍ധിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. 50 കോടിയായിരുന്ന ത്രിവേണിയുടെ നഷ്ടം 26 കോടിയാക്കി കുറക്കാന്‍ കഴിഞ്ഞു. നീതി മെഡിക്കല്‍ സ്‌റ്റോറുകളിലൂടെ ആരോഗ്യ രംഗത്തെ 86 കോടി രൂപയായിരുന്ന വ്യാപാരം 142 കോടിയിലേക്ക് ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡില്‍ അവശേഷിക്കുന്ന അഴിമതിയുടെ ചില വേരുകളും നീക്കം ചെയ്യണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാനേജിങ് ഡയറക്ടര്‍ ആര്‍ സുകേശന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായി എം മഹബൂബിനെയും വൈസ് ചെയര്‍മാനായി പി ം ഇസ്മയിലിനെയും തെരഞ്ഞെടുത്തു. 29 മാസത്തെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരണത്തിന് ശേഷം കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിലാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 14 ജില്ലാ മൊത്ത വ്യാപാര സഹകരണ ഉപഭോക്തൃ സംഘങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഡയറക്ടര്‍മാരും നാല് ഗവണ്മെന്റ് നോമിനികളും ഉള്‍പ്പെടുന്നതാണ് കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി. മോളി സ്റ്റാന്‍ലി(തിരുവനന്തപുരം), കെ.പുരുഷോത്തമകുറുപ്പ്(കൊല്ലം), ജി.അജയകുമാര്‍(പത്തനംതിട്ട), കെ.മധുസൂദനന്‍(ആലപ്പുഴ), ആര്‍.പ്രമോദ് ചന്ദ്രന്‍(കോട്ടയം), ജോയി തോമസ്(ഇടുക്കി), സി.എ ശങ്കരന്‍കുട്ടി(തൃശൂര്‍), ടി. മുകുന്ദപ്രസാദ്(പാലക്കാട്), ഗോകുല്‍ദാസ്(വയനാട്), കെ.മോഹനന്‍(കണ്ണൂര്‍), വി.കെ രാജന്‍(കാസര്‍കോഡ്) എന്നിവര്‍ വിവിധ ജില്ലകളില്‍ നിന്നും കൂടാതെ സര്‍ക്കാര്‍ നോമിനികളായി ആര്‍.സി ലേഖ സുരേഷ്, വി.ടി സോഫിയ, കെ.വി നഫീസ, ഇ.എ ശങ്കരന്‍ എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്.




Next Story

RELATED STORIES

Share it