Thrissur

അന്നമനട ഗ്രാമപ്പഞ്ചായത്തില്‍ ടെന്‍ഡര്‍ അംഗീകാരത്തെച്ചൊല്ലി വിവാദം

2019-20 ലെ പദ്ധതി ഏറ്റെടുക്കുന്നതില്‍നിന്ന് ടെന്‍ഡര്‍ സമര്‍പ്പിച്ച കരാറുകാരിലൊരാളെ നീക്കിനിര്‍ത്തണമെന്ന ആവശ്യമാണ് വിവാദമാവുന്നത്. രണ്ടുമാസം മുമ്പ് നടന്ന കമ്മിറ്റിയിലാണ് ഇതേ ആവശ്യമുന്നയിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ രംഗത്തുവന്നത്.

അന്നമനട ഗ്രാമപ്പഞ്ചായത്തില്‍ ടെന്‍ഡര്‍ അംഗീകാരത്തെച്ചൊല്ലി വിവാദം
X

മാള: വാര്‍ഷിക പദ്ധതികളുടെ ടെന്‍ഡറുകളുടെ അംഗീകാരം വിവാദമായ സാഹചര്യത്തില്‍ വിഷയം ചര്‍ച്ചചെയ്യുന്നതിനായി ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി വിളിക്കണമെന്ന് പ്രതിപക്ഷത്തിന്റെ നോട്ടീസ്. പഞ്ചായത്ത് രാജ് ചട്ടത്തിലെ 16/1 പ്രകാരം എല്‍ഡിഎഫിലെ ഒമ്പത് അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസാണ് ഗ്രാമപ്പഞ്ചായത്തിന് കൈമാറിയത്. 2019-20 ലെ പദ്ധതി ഏറ്റെടുക്കുന്നതില്‍നിന്ന് ടെന്‍ഡര്‍ സമര്‍പ്പിച്ച കരാറുകാരിലൊരാളെ നീക്കിനിര്‍ത്തണമെന്ന ആവശ്യമാണ് വിവാദമാവുന്നത്. രണ്ടുമാസം മുമ്പ് നടന്ന കമ്മിറ്റിയിലാണ് ഇതേ ആവശ്യമുന്നയിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ രംഗത്തുവന്നത്. തീരുമാനം തര്‍ക്കത്തില്‍ കലാശിച്ചതോടെ പദ്ധതിയുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളുടെ അംഗീകാരം എങ്ങുമെത്താതെ പോവുകയായിരുന്നു. അംഗീകാരം അജണ്ടയാക്കി പിന്നീട് ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി വിളിക്കാതെ വന്നതാണ് ഇപ്പോള്‍ നോട്ടീസിനിടയാക്കിയത്.

കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാതെ വന്നതോടെ ഏതാണ്ട് 65 പദ്ധതികളാണ് ആരംഭിക്കാനാവാതെ പോവുന്നത്. കഴിഞ്ഞവര്‍ഷത്തെ പദ്ധതിയില്‍ ആരോപണവിധേയനായ കരാറുകാരന്റെ 11 പ്രവൃത്തികളാണുണ്ടായിരുന്നത്. ഇതില്‍ ഒരു പണി മാത്രമാണ് ഇയാള്‍ പൂര്‍ത്തിയാക്കിയതായി പറയുന്നത്. ഇതോടെ 10 പദ്ധതികളുടെ ഫണ്ട് ഗ്രാമപ്പഞ്ചായത്തിന് നഷ്ടപ്പെട്ടെന്നാണ് ആക്ഷേപം. പുതിയ ചട്ടപ്രകാരം സ്പില്‍ ഓവറില്ലാതെ വന്നതോടെ മുന്‍ പദ്ധതികളുടെ ചെലവും പുതിയ പദ്ധതി വിഹിതത്തില്‍നിന്ന് കണ്ടെത്തേണ്ടതായിവരും. ഇതാണ് അംഗങ്ങളെ ചൊടിപ്പിക്കുന്നത്. എന്നാല്‍, ടെന്‍ഡറിനുള്ള അപേക്ഷ കൈപ്പറ്റിയ സാഹചര്യത്തില്‍ ആരോപണവിധേയനായ കരാറുകാരനെ നീക്കിനിര്‍ത്താനാവില്ലെന്നാണ് ഭരണസമിതി പറയുന്നത്.

എന്നാല്‍, കമ്മിറ്റിയിലെ ഭൂരിപക്ഷം സംബന്ധിച്ച വിവാദമാണ് പദ്ധതി പ്രവര്‍ത്തനത്തെ ബാധിക്കുന്നതെന്നാണ് മറുപക്ഷം പറയുന്നത്. 18 അംഗ ബലമുള്ള ഭരണസമിതിയില്‍ കോടതി വിധിയെത്തുടര്‍ന്ന് ഭരണകക്ഷിയിലെ ഒരംഗത്തിന് വോട്ടവകാശമില്ല. ഇതോടെ ഭരണപക്ഷത്ത് എട്ടും പ്രതിപക്ഷത്ത് ഒമ്പതും അംഗങ്ങളാണുള്ളത്. ആരോപണവിധേയനായ കരാറുകാരനെ നീക്കുന്നത് സംബന്ധിച്ച് വോട്ടിനിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചതാണ് രാഷ്ട്രീയപ്രതിസന്ധിക്കിടയാക്കിയത്. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ഗോപി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബേബി പൗലോസ്, മിനിത ബാബു, ടി വി ഭാസ്‌കരന്‍, ഗീത ഉണ്ണികൃഷ്ണന്‍, പി കെ ഉഷ, ശ്രീദേവി വിജു, എം എസ് വിജു, ശ്യാമള അയ്യപ്പന്‍ എന്നിവരാണ് നോട്ടീസില്‍ ഒപ്പിട്ടിട്ടുള്ളത്.

Next Story

RELATED STORIES

Share it