Thiruvananthapuram

നിയമലംഘകരെ പിടികൂടാന്‍ സീറോ അവറും ടിസി വിജിലുമായി തിരുവനന്തപുരം സിറ്റിപോലിസ്

ആദ്യദിനത്തിലെ ഒരു മണിക്കൂറില്‍ അങ്ങനെ നിയമം ലംഘിച്ച 750 വാഹന ഉടമകളെ പിടികൂടി വാണിങ് നല്‍കിവിട്ടു.

നിയമലംഘകരെ പിടികൂടാന്‍ സീറോ അവറും ടിസി വിജിലുമായി തിരുവനന്തപുരം സിറ്റിപോലിസ്
X

തിരുവനന്തപുരം: നഗരത്തിലെ കുറ്റവാളികളേയും മയക്കുമരുന്ന് ലോബികളേയും ഒതുക്കാന്‍ സിറ്റി പോലിസ് രൂപീകരിച്ച ഓപറേഷന്‍ ബോള്‍ട്ടിന് തുടര്‍ച്ചയായി നഗരത്തിലെ ഗതാഗത ലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ കെ സഞ്ചയ്കുമാര്‍ തന്നെ സീറോ അവറുമായി രംഗത്തെത്തി. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ പലപ്പോഴും ഗതാഗത ലംഘടനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കമ്മീഷണര്‍ അതിന് പരിഹാരം കാണാനായാണ് സീറോ അവര്‍ പദ്ധതി ആവിഷ്‌കരിച്ചത്.

ആദ്യഘട്ടത്തില്‍ കമ്മീഷണര്‍ തന്നെ ശനിയാഴ്ചത്തെ സീറോ അവറായ 9 മണി മുതല്‍ 10 മണി വരെ റോഡിലിറങ്ങി നിയമലംഘകരെ കൈയോടെ പിടികൂടി. ആദ്യദിനത്തിലെ ഒരു മണിക്കൂറില്‍ അങ്ങനെ നിയമം ലംഘിച്ച 750 വാഹന ഉടമകളെ പിടികൂടി വാണിങ് നല്‍കിവിട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലസമയങ്ങളിലായി സീറോ അവര്‍ പരിശോധന നടത്തുമെന്നും ഇനിയുള്ള ദിവസങ്ങളിലെ പരിശോധനകളില്‍ നിയമലംഘനം നടത്തുന്നവരില്‍ നിന്നും പിഴ ഉള്‍പ്പെടെ ഈടാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു

ട്രിവാന്‍ഡ്രം സിറ്റിസണ്‍ വിജില്‍ വ്യാപിപ്പിക്കാന്‍ പോലിസ്

പോലിസ് നിരീക്ഷണവും കാമറയും ഉള്ളയിടങ്ങില്‍ മാത്രമല്ല, നഗരത്തില്‍ ഇനി എവിടെയും ഗതാഗത നിയമലംഘനം ഉണ്ടായാല്‍ നടപടി ഉറപ്പ് . അതിന് പൊതുജനങ്ങളുടെ സഹകരമാണ് സിറ്റി പോലിസ് കമ്മീഷണര്‍ തേടുന്നത്. നഗരത്തില്‍ ഉണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങളും മറ്റും നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ നിങ്ങളുടെ മൊബൈല്‍ കാമറയില്‍ പകര്‍ത്തി ടിസി വിജില്‍ വാട്ട്സ് അപ്പ് നമ്പരായ 9497945000ല്‍ ചിത്രങ്ങള്‍ അയച്ചാല്‍ നടപടി ഉറപ്പെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

സ്ഥിരം ഗതാഗത നിയമ ലംഘനങ്ങളായ ചുവപ്പ് ലൈറ്റ് കത്തിയാലുമുള്ള ട്രാഫിക് സിഗ്‌നല്‍ മുറിച്ച് കടക്കല്‍, ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത്. അമിതവേഗത്തിലും അപകടരമായ ഡ്രൈവിങ് എന്നിവ കാരണം കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി ഏതുതരത്തിലുമുള്ള ഗതാഗത നിയമലംഘനവും ഇതിലൂടെ അറിയിക്കാം. വിവരങ്ങള്‍ അറിയിക്കുന്നവരുടെ വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കും. ഇത് കൂടാതെ നഗരത്തില്‍ ഗതാഗത സംബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങളും ഇതിലൂടെ അറിയിക്കാമെന്ന് കമ്മീഷണര്‍ അറിയിച്ചു.

ടിസി വിജിലിലേക്ക് മികച്ച ചിത്രങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുന്നവര്‍ക്ക് പ്രത്യേക റിവാര്‍ഡും കമ്മീഷണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ആഴ്ചയിലും മികച്ച ഫോട്ടോയോ നിര്‍ദ്ദേശമോ നല്‍കുന്ന മൂന്നുപേര്‍ക്ക് ഗുഡ് സാമര്‍ത്ഥ്യന്‍ (ഗുഡ് സിറ്റിസണ്‍) പുരസ്‌കാരവും നല്‍കും. ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മികച്ചതാണെങ്കില്‍ ഗതാഗത പരിഷ്‌കരണത്തിന് ആക്കാര്യവും പരിഗണിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it