യുവാവിന്റെ കൊലപാതകം: അഞ്ചുപേര്‍ പിടിയിലായി; എട്ടുപേര്‍ ഒളിവില്‍

പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ ലഹരിക്ക് അടിമകളും മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ്. കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായും പോലിസ് കണ്ടെത്തി.

യുവാവിന്റെ കൊലപാതകം: അഞ്ചുപേര്‍ പിടിയിലായി; എട്ടുപേര്‍ ഒളിവില്‍

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമെന്ന് പോലിസ്. കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തായി തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ സജ്ജയ് കുമാര്‍ ഗുരുദിന്‍ അറിയിച്ചു. ബാലു എന്നുവിളിക്കുന്ന കിരണ്‍ കൃഷ്ണന്‍, മുഹമ്മദ് റോഷന്‍, അരുണ്‍ ബാബു, അഭിലാഷ്, റാം കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. ഇനി എട്ടുപേര്‍ കൂടി പിടിയിലാവാനുണ്ട്. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പോലിസ് നിഗമനം.

കൊഞ്ചിറവിള സ്വദേശിയായ അനന്തു ഗിരീഷിന്റെ മൃതദേഹമാണ് നീറമണ്‍കര വനിതാ പോളിടെക്നിക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കഴിഞ്ഞദിവസം രാവിലെ കണ്ടെത്തിയത്. ക്രൂരമര്‍ദ്ദനം ഏറ്റതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഒളിവിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഉടന്‍പിടിയിലാവുമെന്നും കമ്മീഷണര്‍ അറിയിച്ചു. കൊഞ്ചിറവിള ക്ഷേത്ര ഉല്‍സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാല്‍, ഈ സംഘര്‍ഷത്തിന്റെ പ്രതികാരം മാത്രമല്ല കൊലപാതകത്തിന് പിന്നില്‍. കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തും. പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ ലഹരിക്ക് അടിമകളും മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ്. കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായും പോലിസ് കണ്ടെത്തി.

കഴിഞ്ഞ് 11 ന് വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അന്നേദിവസം പകല്‍ രഹസ്യകേന്ദ്രത്തില്‍വച്ച് പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷം നടന്നിരുന്നു. അവിടെ മദ്യവും മയക്കുമരുന്നും ധാരാളമായി ഉപയോഗിക്കുകയും ചെയ്തു. ഇവിടെവച്ചാണ് അനന്തുവിനെ അക്രമിക്കാന്‍ പ്രതികള്‍ തീരുമാനിച്ചത്. കൊലപാതകം നടക്കുമ്പോള്‍ പ്രതികള്‍ സിന്തറ്റിക്ക് ഡ്രഗ് ഉപയോഗിച്ചിരുന്നതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്നും കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. അന്വേഷണം നടത്തുന്നതില്‍ പോലിസ് കാലതാമസം വരുത്തിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.

RELATED STORIES

Share it
Top