Palakkad

വൈദ്യുതി നിരക്ക് വര്‍ധന; എസ്ഡിപിഐ പ്രതിഷേധിച്ചു

വൈദ്യുതി നിരക്ക് വര്‍ധന; എസ്ഡിപിഐ പ്രതിഷേധിച്ചു
X

പാലക്കാട്: അമിത വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനെതിരേ എസ്ഡിപിഐ പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ പാലക്കാട് വൈദ്യുതി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മേല്‍തട്ടിലുള്ള ഉപഭോക്താക്കളോട് കൂറുകാട്ടി സാധാരണക്കാരനെ പിഴിയുന്ന വിധത്തിലാണ് പുതിയ വര്‍ധനവ് നടപ്പില്‍ വരുത്തിയിരിക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എസ് ഡിടിയു മുന്‍ ജില്ലാ പ്രസിഡന്റ് ഒ എച്ച് ഖലീല്‍ പറഞ്ഞു. സര്‍ക്കാര്‍ ഈ കുല്‍സിത പ്രവൃത്തിയില്‍നിന്ന് കൈകഴുകി മാറിനില്‍ക്കുകയും രാഷ്ട്രീയപ്പാര്‍ട്ടികളും ജനകീയസമിതികളും ഇതിന്റെ യഥാര്‍ഥ വശം മനസ്സിലാവാതെ മൗനം ദീക്ഷിക്കുകയും ചെയ്യുമ്പോള്‍ പതിവുപോലെ ദുരിതം മുഴുവന്‍ സാധാരണക്കാരനാണ്.

കോടിക്കണക്കിന് രൂപ വൈദ്യുതി കുടിശ്ശിഖ നല്‍കാനുള്ള സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളില്‍നിന്നും അത് തിരിച്ചുപിടിച്ച് ബോര്‍ഡിന്റെ പ്രതിസന്ധി പരിഹരിക്കണം. അല്ലാതെ സാധാരണ ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്നും ജനങ്ങളെക്കുറിച്ച് ചിന്തിക്കാത്ത സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും ഖലീല്‍ പറഞ്ഞു. അതോടൊപ്പം വൈദ്യുതി കണക്ഷനുകള്‍ക്ക് പ്രീ പെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കണമെന്ന കേന്ദ്ര നിര്‍ദേശം 7,800 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. മീറ്റര്‍ വിലയുടെ 15 ശതമാനം കേന്ദ്ര വിഹിതമായി ലഭിക്കും.

ഈ തുകയായ 1170 കോടിക്ക് പുറമെയാണ് 7,830 കോടിയോളം ബോര്‍ഡിന് സാമ്പത്തിക ബാധ്യതയുണ്ടാവുക. അതും ജനങ്ങളുടെ തലയില്‍ സര്‍ക്കാര്‍ കെട്ടിവയ്ക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് ജനജീവിതം ദുസ്സഹമാക്കുന്ന വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭസമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ഒ എച്ച് ഖലീല്‍ മുന്നറിയിപ്പ് നല്‍കി. എസ് ഡിപിഐ പാലക്കാട് കമ്മിറ്റി മണ്ഡലം പ്രസിഡന്റ് ഇല്യാസ് കാവല്‍പ്പാട് അധ്യക്ഷനായി. അബ്ദുല്‍ ജബ്ബാര്‍, അഹമ്മദ് ശുഹൈബ് ഹാജി എന്നിവരും സംസാരിച്ചു.

Next Story

RELATED STORIES

Share it