Palakkad

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു; പരാതിയുമായി എഐവൈഎഫ് പ്രവര്‍ത്തകര്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു; പരാതിയുമായി എഐവൈഎഫ് പ്രവര്‍ത്തകര്‍
X

പാലക്കാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയുമായി എഐവൈഎഫ് പ്രവര്‍ത്തകര്‍. വെള്ളിയാഴ്ച വൈകീട്ട് മലമ്പുഴ പാപ്പറമ്പില്‍ കൂടിയ എഐഎസ്എഫ് ലോക്കല്‍ കമ്മിറ്റി രൂപീകരിച്ച് മടങ്ങുകയായിരുന്ന എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കുനേരേയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൈയേറ്റമുണ്ടായത്.

എഐഎസ്എഫ് മലമ്പുഴ മണ്ഡലം കമ്മിറ്റി സെക്രട്ടറി അപര്‍ണയെയും മലമ്പുഴ മണ്ഡലം കമ്മിറ്റി സെക്രട്ടറി സഹിഷ്ണുവിനെയും മറ്റു പ്രവര്‍ത്തകരെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുകയും 'ഞങ്ങളുടെ ഏരിയയില്‍ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ നിങ്ങളെ സമ്മതിക്കില്ല, നിങ്ങള്‍ക്ക് തല്ലുകിട്ടും' എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഐവൈഎഫ് പ്രസ്താവനയില്‍ പറയുന്നു. 'നീ ആരാണ്, ഇവിടെ വന്ന് യോഗം വിളിക്കാന്‍ നിനക്ക് ആരാണ് അധികാരം തന്നത് ' എന്ന് ചോദിച്ച് അപര്‍ണയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും എഐവൈഎഫ് ആരോപിക്കുന്നു.

ഇങ്ങനെയൊക്കെ ചെയ്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്ത് രാഷ്ട്രീയമാണ് യുവജനങ്ങള്‍ക്കിടയില്‍ വളര്‍ത്തുന്നതെന്ന് എഐവൈഎഫ് മലമ്പുഴ മണ്ഡലം കമ്മിറ്റി ചോദിക്കുന്നു. അങ്ങേയറ്റം ഫ്യൂഡല്‍ മാടമ്പിത്തരവും സോഷ്യല്‍ ഫാഷിസ്റ്റ് സമീപനവും വച്ചുപുലര്‍ത്തുന്ന ഇക്കൂട്ടര്‍ പൊതുസമൂഹത്തില്‍ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. അവരെ തുറന്നുകാട്ടേണ്ടതുണ്ട്.

അകത്തേത്തറയില്‍ എഐവൈഎഫി ലേക്കും എഐഎസ്എഫിലേക്കും കടന്നുവരുന്നവരെ ഭീഷണിപ്പെടുത്തുകയും പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നത് ഇടതുരാഷ്ട്രീയം പറഞ്ഞ് ജയിക്കാന്‍ കഴിയില്ലെന്ന ഉറപ്പിന്‍മേലാണ്. സാമൂഹികവിരുദ്ധരേയും മറ്റും കൂട്ടുപിടിച്ച് എഐവൈഎഫ് പ്രവര്‍ത്തകരെ നിരന്തരം ആക്രമിച്ച് ഇടത് ലേബലിസ്റ്റ് വാദികളായി വിലസുന്ന ഇവരെ സമൂഹം തിരിച്ചറിയണമെന്ന് മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it