Malappuram

എഴുത്തുകാരന്‍ പ്രഫ.പാലക്കീഴ് നാരായണന്‍ അന്തരിച്ചു

എഴുത്തുകാരന്‍ പ്രഫ.പാലക്കീഴ് നാരായണന്‍ അന്തരിച്ചു
X

പെരിന്തല്‍മണ്ണ: എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ പ്രഫ.പാലക്കീഴ് നാരായണന്‍ (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചെമ്മാണിയോടുള്ള വീട്ടില്‍ വിശ്രമത്തിലിരിക്കെ വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് നാലിന് മോലാറ്റൂര്‍ ചെമ്മാണിയോടുള്ള വീട്ടുവളപ്പില്‍. 2019 ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.

1973 മുതല്‍ ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം, 10 വര്‍ഷം ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സി കുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപര്‍, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വി ടി ഒരു ഇതിഹാസം, കാള്‍ മാര്‍ക്‌സ്, മുത്തശ്ശിക്ക് അരനൂറ്റാണ്ട്, ചെറുകാട് ഓര്‍മയും കാഴ്ചയും, ആനന്ദമഠം, ചെറുകാട് പ്രതിഭയും സമൂഹവും, മഹാഭാരത കഥകള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്.

കേരള സംസ്ഥാന ലൈബ്രററി കൗണ്‍സിലിന്റെ പി എന്‍ പണിക്കര്‍ പുരസ്‌കാരം, ഐ വി ദാസ് പുരസ്‌ക്കാരം എന്നിവയും ലഭിച്ചു. 1940ല്‍ മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് നാരായണന്‍ നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. ചെമ്മാണിയോടും മേലാറ്റൂരും മണ്ണാര്‍ക്കാടും പട്ടാമ്പി ഗവ. സംസ്‌കൃത കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്വാന്‍ പരീക്ഷ പാസായി, എം എ ബിരുദവും നേടി. പെരിന്തല്‍മണ്ണ ഗവ. കോളജില്‍ അധ്യാപകനായിരിക്കെ 1995ല്‍ വിരമിച്ചു. ഭാര്യ: പി എം സാവിത്രി.

Next Story

RELATED STORIES

Share it