Malappuram

റെയില്‍വേ ഭിത്തി: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതാവരുത്-സിപിഎം

സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ടാവണം സുരക്ഷാഭിത്തി നിര്‍മിക്കേണ്ടതെന്നും യോഗത്തിന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുന്‍കൈയ്യെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

റെയില്‍വേ ഭിത്തി: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതാവരുത്-സിപിഎം
X

താനൂര്‍: താനാളൂര്‍ പഞ്ചായത്തിലെ വലിയപാടം മുതല്‍ കമ്പനിപ്പടി വരെ റെയിലിന് സമാന്തരമായി പൂര്‍ണമായും മതില്‍ കെട്ടിത്തിരിക്കാനുള്ള റെയില്‍വേയുടെ തീരുമാനം തിരുത്തണമെന്ന് സിപിഎം താനാളൂര്‍ പഞ്ചായത്ത് കമ്മിറ്റി താനൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനപ്രതിനിധികളും, ജനനേതാക്കളുമായി ചര്‍ച്ച നടത്തി അനിവാര്യമായ സ്ഥലങ്ങളില്‍ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ടാവണം സുരക്ഷാഭിത്തി നിര്‍മിക്കേണ്ടതെന്നും യോഗത്തിന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുന്‍കൈയ്യെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

താനാളൂര്‍ പഞ്ചായത്തിലെ 65,000ത്തോളം വരുന്ന ജനങ്ങള്‍ക്കുള്ള ഭരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ സ്ഥിതിചെയ്യുന്നത് റെയിലിന്റെ കിഴക്കോ പടിഞ്ഞാറോ ഉള്ള സ്ഥലങ്ങളിലാണ്. പഞ്ചായത്തിലെ ജനങ്ങള്‍ക്ക് അവരുടെ ദൈനംദിനാവശ്യങ്ങള്‍ക്ക് വേണ്ടി റെയില്‍ മുറിച്ചുകടക്കാതിരിക്കാനാവില്ല.

ഗതാഗത സൗകര്യമൊരുക്കേണ്ട റെയില്‍വേ വഴി അടച്ചു കെട്ടുന്നത് ശരിയല്ല. 500 മീറ്റര്‍ ദൂരപരിധിയില്‍ മുറിച്ചുകടക്കാന്‍ അവസരമൊരുക്കുന്ന കെ റെയില്‍ മാതൃക നമ്മുടെ മുന്നില്‍ ഉണ്ട്. കേരള സര്‍ക്കാര്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് കൊടുക്കുന്ന മുന്തിയ പരിഗണനയാണ് ഇത് കാണിക്കുന്നത്. ഒരു സര്‍വീസ് റോഡ് പോലും ഇല്ലാത്ത വലിയ പാടം കമ്പനിപ്പടി പ്രദേശത്ത് ഈ സൗകര്യം പോലും അനുവദിക്കില്ല എന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.

അപകടങ്ങള്‍ പരിഗണിച്ച് ജാഗ്രത പാലിക്കുന്നതിന് വേണ്ട സിഗ്‌നലിങ് സംവിധാനവും മറുവശത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രിതമായ കവാടങ്ങളും ഒരുക്കണം. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ റെയില്‍ മുറിച്ചു കടക്കുന്ന വട്ടത്താണിയില്‍ വിപുലമായ സംവിധാനം തന്നെ അടിയന്തിരമായി ഒരുക്കണം. റെയില്‍വേ അധിക്യതര്‍ ജനപ്രതിനിധികളോടൊപ്പം സ്ഥലം സന്ദര്‍ശിച്ച് ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കാവൂയെന്നും സിപിഐ എം നേതൃത്വം ആവശ്യപ്പെട്ടു.

സുരക്ഷ മുന്‍ നിര്‍ത്തി മതില്‍ കെട്ടുന്നതിനോട് വിയോജിപ്പില്ല എന്നാല്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്തതിന് ശേഷമേ പ്രവൃത്തി ആരംഭിക്കാവൂ എന്നും പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കണമെന്നും അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികള്‍ക്ക് സിപിഎം നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

സിപിഎം താനൂര്‍ ഏരിയ സെക്രട്ടറി സമദ് താനാളൂര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇ സുജ, പി സതീശന്‍, താനാളൂര്‍ ലോക്കല്‍ സെക്രട്ടറി എന്‍ പി അബ്ദുല്‍ ലത്തീഫ് പങ്കെടുത്തു.

റെയില്‍വേ മതില്‍: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്ന് താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്

താനൂര്‍: താനാളൂര്‍ പഞ്ചായത്തിനെ വിഭജിക്കും വിധം വലിയ പാടം മുതല്‍ കമ്പനിപ്പടി വരെ റെയിലിനിരുവശവും മതില്‍ കെട്ടിത്തിരിക്കാനുള്ള റെയില്‍വേയുടെ തീരുമാനം എകപക്ഷീയമാണ്. ഇത് പുനരാലോചനയ്ക്ക് വിധേയമാക്കണമെന്ന് താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 65000 ത്തോളം വരുന്ന ജനങ്ങള്‍ക്കുള്ള ഭരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ ഒക്കെ നിലകൊള്ളുന്നത് റെയിലിന്റെ കിഴക്കോ പടിഞ്ഞാറോ ഉള്ള സ്ഥലങ്ങളിലാണ്. ജനങ്ങള്‍ക്ക് അവരുടെ ദൈനം ദിനാവശ്യങ്ങള്‍ക്ക് വേണ്ടി റെയില്‍ മുറിച്ചുകടക്കാതിരിക്കാനാവില്ല. ഗതാഗത സൗകര്യമൊരുക്കേണ്ട റെയില്‍വേ വഴി അടച്ചു കെട്ടുന്നത് ശരിയല്ല. അപകടങ്ങള്‍ പരിഗണിച്ച് ജാഗ്രത പാലിക്കുന്നതിന് വേണ്ട സംവിധാനവും മറുവശത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രിതമായ കവാടങ്ങള്‍ ഒരുക്കുകയും വേണം. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ റെയില്‍ മുറിച്ചു കടക്കുന്ന വട്ടത്താണിയില്‍ വിപുലമായ സംവിധാനം തന്നെ അടിയന്തിരമായി ഒരുക്കണം. റെയില്‍വേ അധികൃതരുമായി കൂടിയാലോചനയ്ക്കും സംയുക്ത പരിശോധനയ്ക്കും പഞ്ചായത്ത് ഭരണസമിതി ഒരുക്കമാണ് എന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍മാരായ പി സതീശന്‍, കെ വി സിനി എന്നിവരടങ്ങുന്ന ജനപ്രതിനിധി സംഘം തിരൂര്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് അടിയന്തിര ഭരണ സമിതി യോഗം ചേര്‍ന്ന് കേന്ദ്ര റെയില്‍വേ മന്ത്രി, റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍, മുഖ്യമന്ത്രി ,ഇ ടി മുഹമ്മദ് ബഷീര്‍ എം പി എന്നിവര്‍ക്ക് മെയില്‍ സന്ദേശം അയച്ചു.


Next Story

RELATED STORIES

Share it