Malappuram

അനധികൃതമായി സൂക്ഷിച്ച 93 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി

അനധികൃതമായി സൂക്ഷിച്ച 93 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി
X

അരീക്കോട്: ഗോഡൗണ്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 93 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. കീഴുപറമ്പ് കിണറ്റിന്‍കണ്ടി ചിറയിന്‍മ്മല്‍ സലിം അനധികൃതമായി ഗോഡൗണുണ്ടാക്കി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകളാണ് ഏറനാട് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറില്‍നിന്നും ഗ്യാസ് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന കുറ്റിയിലേക്ക് മാറ്റുകയാണ് സലിം ചെയ്തുവന്നിരുന്നത്. വാണിജ്യാടിസ്ഥാനത്തിലുളള 62 സിലിണ്ടറുകള്‍ ഇവിടെ നിറച്ചതായും കണ്ടെത്തി.


ആധുനിക ഉപകരണങ്ങളോടെയാണ് ഗ്യാസ് മാറ്റുന്നത്. ഇതിനായി യാതൊരുവിധ സുരക്ഷാ മാനദണ്ഡവും പാലിക്കപ്പെടുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഗാര്‍ഹിക സിലിണ്ടറില്‍ നിന്നും വാണിജ്യ സിലിണ്ടറിലേക്ക് മാറ്റുന്നതിലൂടെ 1,000 രൂപ വരെ ലാഭമുണ്ടാക്കാന്‍ സാധിക്കും. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 960 രൂപയുള്ളപ്പോള്‍ വാണിജ്യാവശ്യത്തിന് 2,260 രൂപയാണ് ഈടാക്കുന്നത്. ഹോട്ടലുകളിലേക്കാണ് ഇവ അധികവും വിതരണം ചെയ്യുന്നത്. സലിം തന്നെയാണ് ഇവ രഹസ്യമായെത്തിക്കുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ വിനോദ് കുമാര്‍ പറഞ്ഞു.

ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറില്‍ പാചക വാതകമുണ്ടായിരുന്നില്ല. അപകടകരമാം വിധത്തിലാണ് ഇവയെല്ലാം സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വീട്ടില്‍ രണ്ടിലധികം സിലിണ്ടര്‍ സൂക്ഷിച്ചുവയ്ക്കാനുള്ള നിയമം ഇല്ലെന്നിരിക്കെ ഇത്രയധികം സിലിണ്ടര്‍ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചത് അനധികൃതമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടികൂടിയ സിലിണ്ടര്‍ സൂക്ഷിക്കാനായി അരീക്കോട്ടെ ഫിനാര്‍ ഗ്യാസ് ഏജന്‍സിയെ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച് വിശദമായ റിപോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയതായി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. പരിസരവാസികളുടെ ജീവനും സ്വത്തിനും ഇത് ഭീഷണിയാണെന്ന് റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സപ്ലൈ ഓഫിസര്‍ക്ക് പുറമെ പി പ്രദീപ്, കെ മുഹമ്മദ് സ്വാദിഖ്, എം സുഹൈല്‍, ദിനേശ് കുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it