പരപ്പനങ്ങാടിയില്‍ ഫയര്‍ എന്‍ജിന് വഴിമാറവെ യുവാവ് ബസ്സിനിടയില്‍ പെട്ട് മരിച്ചു

പരപ്പനങ്ങാടിയില്‍ ഫയര്‍ എന്‍ജിന് വഴിമാറവെ യുവാവ് ബസ്സിനിടയില്‍ പെട്ട് മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ഹാര്‍ഡ്‌വെയര്‍ ഷോപ്പിലെ തീയണയ്ക്കാനെത്തിയ ഫയര്‍ എന്‍ജിന് വഴിമാറവെ ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പരപ്പനങ്ങാടി-കോഴിക്കോട് റൂട്ടിലോടുന്ന ഐഷാസ് ബസ് ഡ്രൈവറും വള്ളിക്കുന്ന് നോര്‍ത്ത് ആനയാറങ്ങാടി സ്വദേശിയുമായ ശ്രുജിന്‍ (28) ആണ് മരിച്ചത്. തീയണയ്ക്കാനെത്തിയ ഫയര്‍ എന്‍ജിന് വഴിമാറി കൊടുത്ത ബസ്സിനും നിര്‍ത്തിയിട്ട ബസ്സിനുമിടയില്‍ കുടുങ്ങിയായിരുന്നു ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു അപകടം. യാത്രക്കാരെ കയറ്റാനായി പരപ്പനങ്ങാടി ജങ്ഷനില്‍ ഐഷാസ് ബസ് നിര്‍ത്തിയിട്ട സമയത്ത് ഡ്രൈവറായ ശ്രുജിന്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് തിരൂര്‍ കോട്ടക്കടവ് റൂട്ടിലോടുന്ന ഗോള്‍ഡന്‍ ബസ് ഫയര്‍ എഞ്ചിന് വഴിമാറികൊടുക്കാനായി ഐഷാസ് ബസ്സിനോട് അടുപ്പിച്ചത്. ഇതിനിടെ ശ്രുജിന്‍ ഇരു ബസ്സുകള്‍ക്കുമിടയില്‍ കുടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രുജിനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലില്‍ എത്തിച്ചതിന് ശേഷം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. മ്യതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരപ്പനങ്ങാടി ഒട്ടുമ്മലിലെ ഹാര്‍ഡ്‌വേഴ്‌സ് ഗോഡൗണില്‍ തീപിടുത്തം അണക്കാനെത്തിയതായിരുന്നു തിരൂര്‍ ഫയര്‍ സ്‌റ്റേഷനില്‍ നിന്നുള്ള ഫയര്‍ എന്‍ജിന്‍. സൗമ്യയാണ് ശ്രുജിന്റെ ഭാര്യ. പിതാവ്: കോലക്കാട്ട് രാമചന്ദ്രന്‍. മാതാവ് : ഗീത. സഹോദരി: ശ്രുതി.


RELATED STORIES

Share it
Top